'ജോജു ജോര്‍ജ് തല്ലുമെന്ന് ഭീഷണിപ്പെടുത്തി'; പരാതിയുമായി മുന്നോട്ടെന്ന് സനല്‍കുമാര്‍ ശശിധരന്‍

By Web TeamFirst Published Jul 30, 2022, 10:43 PM IST
Highlights

"സിനിമയുടെ മേൽ എനിക്കുള്ള അവകാശം കരാറിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യം അയാൾ പറഞ്ഞത് ഞാൻ കള്ളം പറയുന്നു എന്നാണ്."

താന്‍ സംവിധാനം ചെയ്‍ത ചോല സിനിമയുടെ വിതരണം അട്ടിമറിക്കപ്പെട്ടുവെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവും നായക നടനുമായ നടന്‍ ജോജു ജോര്‍ജ് (Joju George) ആണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ (Sanal Kumar Sasidharan) നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ ആ ആരോപണം സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ത്തിയതിനു പിന്നാലെ ജോജു ജോര്‍ജ് തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുകയാണ് സംവിധായകന്‍. നേരിട്ട ഭീഷണിയില്‍ താന്‍ പരാതിയുമായി മുന്നോട്ടുപോകുമെന്നും സനല്‍ പറയുന്നു.

സനല്‍ കുമാര്‍ ശശിധരന്‍റെ കുറിപ്പ്

ചോല എന്ന സിനിമ പൂഴ്ത്തി വെയ്ക്കാൻ ശ്രമങ്ങൾ നടക്കുന്നു എന്ന് ഞാൻ പോസ്റ്റ് ഇട്ടതിൽ പ്രകോപിതനായി ജോജു ജോർജ്ജ് എന്നെ അല്പം മുൻപ് ഫോണിൽ വിളിച്ച് ചീത്ത വിളിക്കുകയും എന്റെ വീട്ടിൽ വന്ന് തല്ലുമെന്ന്  ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സിനിമയുടെ കാര്യം സംസാരിക്കാൻ പലപ്രാവശ്യം ശ്രമിച്ചിട്ടും എന്നോട് സംസാരിക്കാൻ തയാറാവാതിരുന്ന അയാൾ എന്റെ പോസ്റ്റിൽ പ്രകോപിതനായതു കൊണ്ട് മാത്രമാണ് വിളിച്ചത് എന്ന് തോന്നുന്നു. സിനിമയുടെ മേൽ എനിക്കുള്ള അവകാശം കരാറിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യം അയാൾ പറഞ്ഞത് ഞാൻ കള്ളം പറയുന്നു എന്നാണ്. എന്നാൽ കരാർ ഞാൻ പബ്ലിഷ് ചെയ്യണമോ എന്ന് ചോദിച്ചപ്പോൾ എന്നെ വീണ്ടും ചീത്ത പറയുകയാണ് ചെയ്തത്. ഫോൺ ഞാൻ റിക്കോർഡ് ചെയ്യുന്നുണ്ടെന്നും പബ്ലിഷ് ചെയ്യുമെന്നും പറഞ്ഞപ്പോൾ അയാൾ ഫോൺ കട്ട് ചെയ്ത് പോയിട്ടുള്ളതാണ്. എന്നെ തല്ലാനും കൊല്ലാനും നടക്കുന്നവരുടെ കൂട്ടത്തിൽ ഒരാൾ കൂടി ആയി എന്നുമാത്രമേ ഞാൻ കരുതുന്നുള്ളു. പക്ഷെ ചോല എന്ന സിനിമയിൽ എനിക്കുള്ള മൂന്നിലൊന്ന് അവകാശം കരാർ പ്രകാരം ഉള്ളതായതിനാൽ എന്നെ തല്ലിയാലും കൊന്നാലും അത് ഇല്ലാതാവുകയില്ല എന്നും ഞാനറിയാതെ അത് ആർക്കെങ്കിലും വില്പന നടത്തിയിട്ടുണ്ടെങ്കിൽ ആ വില്പന കരാർ അസാധുവാണെന്ന സത്യം നിലനിൽക്കുമെന്നും അറിഞ്ഞിരിക്കണം. ഞാൻ എന്തായാലും ഒരു പരാതി കൊടുക്കാൻ തീരുമാനിച്ചു. എനിക്ക് നേരിട്ട അതിക്രമത്തെ കുറിച്ചുള്ള പോസ്റ്റിനടിയിൽ അധിക്ഷേപ കമെന്റഴുതുന്നവർ സൈബർ ബുള്ളിയിങ് എന്ന കുറ്റവും ചെയ്യുന്നുണ്ട് എന്നോർത്താൽ നന്ന്.

ALSO READ : 'പാക്കപ്പ്' വിളി ഇല്ല, പകരം ഒരു നിശബ്‍ദ പ്രാര്‍ഥന; 'ബറോസ്' പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍

click me!