'നിയമം പരിശോധിക്കുന്നത് വിജയ് ബാബുവിന്‍റെ സർട്ടിഫിക്കറ്റ് അല്ല'; പ്രതികരണവുമായി സാന്ദ്ര തോമസ്

Published : Aug 10, 2025, 05:52 PM IST
sandra thomas against vijay babu in relation with producers association election

Synopsis

"ഞാൻ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നു എന്ന് വിജയ് ബാബു സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു"

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്ന് ആരോപിച്ചുകൊണ്ടുള്ള വിജയ് ബാബുവിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് മറുപടിയുമായി സാന്ദ്ര തോമസ്. 10 വര്‍ഷം മുന്‍പ് ഫ്രൈഡേ ഫിലിം ഹൗസുമായുള്ള ബന്ധം നിയമപരമായി അവസാനിപ്പിച്ച സാന്ദ്രയ്ക്ക് ആ ബാനറില്‍ ഉള്ള ചിത്രങ്ങളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ അവകാശം ഉന്നയിക്കാനാവില്ലെന്നായിരുന്നു വിജയ് ബാബുവിന്‍റെ പോസ്റ്റ്. ഇതിന് സാന്ദ്രയുടെ മറുപടി കുറിപ്പ് ഇങ്ങനെ.

സാന്ദ്ര തോമസിന്‍റെ കുറിപ്പ്

ചിലരുടെ നിലനിൽക്കാത്ത കുതന്ത്രങ്ങൾ മറനീക്കി പുറത്തു വരുന്നു, ഒരു തമാശയായി മാത്രം നമുക്കതിനെ കാണാം. ഞാൻ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നു എന്ന് വിജയ് ബാബു സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു. മറ്റൊരു അർത്ഥത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ 2016 വരെ പുറത്തുവന്ന സെൻസർഷിപ് ക്രെഡിറ്റും മാനേജിങ് പാർട്ണർ ആയിരുന്ന എന്റെ പേരിലാണെന്നും ഇതിൽനിന്നും വ്യക്തമാണ്. 2016 ന് ശേഷം ഫ്രൈഡേ ഫിലിം ഹൗസിൽ ഞാനൊരു അവകാശവാദവും ഉന്നയിച്ചിട്ടില്ല. എന്റെ വാദം കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ നിയമാവലി പ്രകാരം ഞാൻ മാനേജിങ് പാർട്ണർ ആയിരുന്നപ്പോഴുള്ള എല്ലാ സിനിമകളുടെയും സെന്‍സര്‍ഷിപ്പ് ക്രെഡിറ്റ് എന്റെ പേരിൽ ഉള്ളതാണെന്നാണ്. അതിനാൽ കെഎഫ്പിഎയുടെ റെഗുലർ മെമ്പർ ആയ എനിക്ക് അസോസിയേഷന്റെ കീ പോസ്റ്റിൽ നിയമപരമായി മത്സരിക്കാം. അതിനെ നിയമപരമായി ഖണ്ഡിക്കാവുന്ന ഒന്നും വിജയ്ബാബുവിന്റെ പോസ്റ്റിലില്ല. ഞാൻ പാർട്ണർഷിപ് ഒഴിഞ്ഞൊ ഒഴിഞ്ഞില്ലയോ എന്നുള്ളത് ഇവിടെ തർക്കവിഷയമേ അല്ല. എന്നാൽ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നു എന്നുള്ളത് തർക്കമറ്റ വസ്തുതയാണ്.

നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല. മറിച്ച്‌ അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ്. നിയമത്തിന്റെ കണ്ണിൽ എങ്ങനെ എന്നുള്ളതാണ്. അത് കോടതി വിലയിരുത്തും. ആർക്കോ വേണ്ടി ഓക്കാനിക്കുന്നവർ സൂക്ഷ്മത പുലർത്തിയാൽ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാമെന്ന് ഓർത്താൽ നന്ന്.

വിജയ് ബാബുവിന്‍റെ കുറിപ്പ് ഇപ്രകാരം

“തനിക്ക് യോഗ്യതയില്ലാത്ത കാര്യത്തില്‍- ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസിന് കഴിയില്ല. തന്‍റെ സ്വന്തം സ്ഥാപനത്തെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ മാത്രമാണ് സാധിക്കുക. എന്‍റെ അറിവ് പ്രകാരം സെന്‍സര്‍ നല്‍കുന്നത് ഒരു വ്യക്തിക്കല്ല മറിച്ച് ഒരു കമ്പനിക്ക് ആണ്. ഫ്രൈഡേ ഫിലിം ഹൗസിനെ ഒരു സമയത്ത് സാന്ദ്ര തോമസ് പ്രതിനിധീകരിച്ചിരുന്നു. അവിടെ നിന്ന് 2016 ല്‍ നിയമപരമായി രാജി വെക്കുകയും ചെയ്തിരുന്നു. തന്‍റെ ഓഹരിയോ അതില്‍ കൂടുതലുമോ കൈപ്പറ്റിക്കൊണ്ടായിരുന്നു രാജി. കഴിഞ്ഞ 10 വര്‍ഷങ്ങളായി ഫ്രൈഡേ ഫിലിം ഹൗസുമായി സാന്ദ്രയ്ക്ക് ബന്ധമേതുമില്ല. എന്തായാലും കോടതി തീരുമാനിക്കട്ടെ. മറ്റൊരു തരത്തിലാണ് കോടതിയുടെ തീരുമാനം വരികയെങ്കില്‍ അത് നമുക്കെല്ലാം ഒരു പുതിയ അറിവായിരിക്കും”, വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്