'മമ്മൂട്ടിയെ പോലും വെറുതെ വിഷയത്തിലേക്ക് കൊണ്ടുവന്നു'; സാന്ദ്ര തോമസിന്‍റേത് 'ഷോ' എന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

Published : Aug 09, 2025, 03:37 PM IST
sandra thomas reactions are mere show alleges listin stephen

Synopsis

പ്രസിഡന്‍റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രികകളാണ് നേരത്തെ വരണാധികാരി തള്ളിയത്

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനെതിരെ വിമർശനവുമായി നിർമ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സാന്ദ്ര തോമസ് സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാല്‍ മത്സരിക്കരുതെന്ന് പറയുന്നത് നിയമാവലി ആണെന്നും ലിസ്റ്റിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സാന്ദ്ര പറയുന്ന കാര്യങ്ങൾ നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കും ഉണ്ടെന്നും താന്‍ അത് തെളിയിക്കുമെന്നും ലിസ്റ്റിൻ പറഞ്ഞു.

“സാന്ദ്രയുടേത് വെറും ഷോ ആണ്. ആദ്യം അസോസിയേഷനിലേക്ക് പർദ്ദ ധരിച്ച് എത്തി, രണ്ടാമത് വന്നപ്പോൾ എന്താ പർദ്ദ കിട്ടിയില്ലേ? സംഘടനയിലെ പ്രസിഡന്‍റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മ്മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകൾ പാർട്ണർഷിപ്പ് ആണ്. സാന്ദ്രയുടെ പ്രൊഡക്ഷൻ ഹൗസിന്റെ പേരിലുള്ള സെൻസർ സർട്ടിഫിക്കറ്റ് ആണ് വേണ്ടത്. അത് ആകെ രണ്ടെണ്ണമേ ഉള്ളൂ. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ല. ഞങ്ങള്‍ അപ്പീലിന് പോകുന്നില്ല. തന്റെ സിനിമയിൽ നിന്നും മമ്മൂട്ടി പിന്മാറി എന്ന സാന്ദ്ര വിളിച്ച് പറയുന്നു. എത്രയോ ആർട്ടിസ്റ്റുകൾ പല സിനിമകളിൽ നിന്നും പിന്മാറുന്നു. മമ്മൂട്ടിയെ പോലും വെറുതെ വിഷയത്തിലേക്ക് കൊണ്ടുവന്നു”, ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രികകളാണ് നേരത്തെ വരണാധികാരി തള്ളിയത്. ഇതിനെതിരെ എറണാകുളം സബ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് സാന്ദ്ര തോമസ്. ബൈലോ പ്രകാരം താന്‍ മത്സരിക്കാന്‍ യോഗ്യയാണെന്നാണ് സാന്ദ്ര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. തെര‍ഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിച്ചത് ബൈലോക്ക് വിരുദ്ധമാണെന്നും ഹര്‍ജിയിലുണ്ട്.

സാന്ദ്ര തോമസിന്‍റെ ഉടമസ്ഥതയില്‍ നിലവിലുള്ള നിര്‍മ്മാണ കമ്പനിയായ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് രണ്ട് ചിത്രങ്ങള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ എന്നായിരുന്നു വരണാധികാരിയുടെ കണ്ടെത്തല്‍. ലിറ്റിൽ ഹാർട്സ്, നല്ല നിലാവുള്ള രാത്രി എന്നിവയാണ് ആ ചിത്രങ്ങള്‍. എന്നാല്‍ മറ്റൊരു കമ്പനിയുടെ മാനേജിംഗ് പാര്‍ട്നര്‍ താനായിരുന്നുവെന്നും ആ ബാനറില്‍ എടുത്ത ചിത്രങ്ങള്‍ തന്‍റെ പേരിലാണ് സെന്‍സര്‍ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര വാദിച്ചിരുന്നു. വിജയ് ബാബുവുമായി ചേര്‍ന്ന് ചിത്രങ്ങള്‍ നിര്‍മ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്‍റെ കാര്യമാണ് സാന്ദ്ര സൂചിപ്പിച്ചത്. ഒരു സ്ഥിരം അംഗത്തിന് മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെങ്കില്‍ മത്സരത്തിന് യോഗ്യതയുണ്ടെന്നാണ് സംഘടനാ നിയമാവലിയില്‍ പറയുന്നതെന്നും ഒന്‍പത് സിനിമകള്‍ തന്‍റെ പേരില്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെന്നും സാന്ദ്ര തോമസ് വാദിച്ചിരുന്നു. എന്നാല്‍ പത്രിക തള്ളുകയാണ് ഉണ്ടായത്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ