കോള്‍ സെന്ററില്‍ വിളിച്ചപ്പോള്‍ കിട്ടിയത് 'പുലിമുരുകന്റെ അച്ഛനെ', ഹാപ്പിയായി ആവശ്യക്കാരും!

By Web TeamFirst Published Apr 10, 2020, 11:08 AM IST
Highlights

കൊവിഡ് 19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കോള്‍ സെന്ററിലാണ് ആവശ്യക്കാരുമായി സംസാരിക്കാൻ സന്തോഷ് കീഴാറ്റൂര്‍ എത്തിയത്.

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിന് വേണ്ടി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം ലോക്ക് ഡൗണില്‍ കഴിയുന്നവര്‍ നേരിടുന്ന പ്രതിസന്ധിയുമുണ്ട്. അവര്‍ക്ക് ആശ്വാസമേകാൻ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ സന്തോഷ് കീഴാറ്റൂരും എത്തി.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിലാണ്  നടൻ സന്തോഷ് കീഴാറ്റൂരും എത്തിയത്. നിരവധി ആള്‍ക്കാരാണ് ആവശ്യങ്ങളുമായി കോള്‍ സെന്ററിലേക്ക് വിളിച്ചത് എന്ന് സന്തോഷ് കീഴാറ്റൂര്‍ പറയുന്നു.  വലിയൊരു അനുഭവമായിരുന്നു ആള്‍ക്കാരോട് സംസാരിക്കാനായത് എന്നും സന്തോഷ് കീഴാറ്റൂര്‍ പറയുന്നു. ആരാണ് എന്ന് ആദ്യമൊന്നും പറഞ്ഞിരുന്നില്ല. പക്ഷേ ചിലര്‍ പറഞ്ഞു, പരിചയമുള്ള ശബ്‍ദമാണല്ലോയെന്ന്. എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞ് ആണ് ഞാൻ ആരാണ് എന്ന് പറയുക. അപ്പോള്‍ ചിലര്‍ക്ക് അമ്പരപ്പുണ്ടായതായി മനസ്സിലായി. പുലിമുരുകന്റെ അച്ഛനല്ലേയെന്ന് ചിലര്‍ ചോദിച്ചു. ചിലരോട് എന്റെ പേര് പറഞ്ഞെങ്കിലും  തിരിച്ചറിയാൻ സിനിമയുടെ പേരും കൂടി പറയേണ്ടി വന്നു. അതൊന്നുമല്ല കാര്യം. നമ്മുടെ ഭരണകൂടം ജനങ്ങളിലേക്ക് സഞ്ചരിക്കുന്നുവെന്നതിന്റെ തെളിവാണ് തനിക്ക് കോള്‍ സെന്ററില്‍ പ്രവര്‍ത്തിച്ചതിലൂടെ മനസ്സിലായത് എന്ന് സന്തോഷ് കീഴാറ്റൂര്‍ പറയുന്നു.   എല്ലാവരുടെയും ആധി പുറത്തുള്ളവരെ കുറിച്ചാണ്. അവര്‍ക്ക് എപ്പോള്‍ വരും പറ്റും എന്നതിനെ കുറിച്ചൊക്കെയാണ് എന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. എല്ലാവരുടെയും ആരോഗ്യമാണ് ഇപ്പോള്‍ പ്രധാനം എന്നാണ് അവരോട് വ്യക്തമാക്കിയത് എന്ന് സന്തോഷ് കീഴാറ്റൂര്‍ പറയുന്നു.

click me!