മോഹന്‍ലാല്‍ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നു? സന്തോഷ് ശിവന്‍റെ പ്രതികരണം

By Web TeamFirst Published Dec 29, 2020, 6:31 PM IST
Highlights

ആശിര്‍വാദ് സിനിമാസ് 20 വര്‍ഷം പിന്നിടുന്നതു പ്രമാണിച്ചാണ് പുതിയ ബിഗ് ബജറ്റ് പ്രോജക്ട് എന്നും കേരളത്തിലെ ഒരു പഴയ രാജവംശത്തിന്‍റെ കഥയാവും ചിത്രം പറയുന്നതെന്നും പ്രചരണങ്ങളില്‍ ഉണ്ടായിരുന്നു. 

മോഹന്‍ലാല്‍ നായകനാവുന്ന ഒരു ബിഗ് ബജറ്റ് ചിത്രം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതല്‍ പ്രചരണമുണ്ട്. ആശിര്‍വാദ് സിനിമാസ് 20 വര്‍ഷം പിന്നിടുന്നതു പ്രമാണിച്ചാണ് പുതിയ ബിഗ് ബജറ്റ് പ്രോജക്ട് എന്നും കേരളത്തിലെ ഒരു പഴയ രാജവംശത്തിന്‍റെ കഥയാവും ചിത്രം പറയുന്നതെന്നും പ്രചരണങ്ങളില്‍ ഉണ്ടായിരുന്നു. സംവിധാനത്തിനൊപ്പം ഛായാഗ്രഹണവും സന്തോഷ് ശിവന്‍ തന്നെ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം എ ആര്‍ റഹ്മാന്‍ ആണെന്നും ഗോകുലം ഗോപാലന്‍റെ ശ്രീഗോകുലം മൂവീസിനും നിര്‍മ്മാണ പങ്കാളിത്തമുണ്ടെന്നും ഇതു സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഉണ്ടായിരുന്നു. അടുത്ത വര്‍ഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ട്വീറ്റിനു ചുവടെ സന്തോഷ് ശിവന്‍ തന്നെ പ്രതികരണവുമായി എത്തി.

 

തനിക്ക് ഇതിനെക്കുറിച്ച് അറിവൊന്നുമില്ലെന്നാണ് (I have no idea) സന്തോഷ് ശിവന്‍റെ പ്രതികരണം. ഒപ്പം പൊട്ടിച്ചിരിയുടെ ഒരു സ്മൈലിയും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. ഫേസ്ബുക്കില്‍ ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് താന്‍ പങ്കുവെക്കുകയായിരുന്നെന്നാണ് സന്തോഷ് ശിവന്‍റെ പ്രതികരണത്തിന് മറുപടിയായി പ്രസ്തുത ട്വീറ്റ് ചെയ്‍തയാള്‍ കുറിച്ചിരിക്കുന്നത്.

അതേസമയം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസി'ന്‍റെ ഛായാഗ്രഹണം സന്തോഷ് ശിവനാണ് നിര്‍വ്വഹിക്കുന്നത്. 'ദൃശ്യം 2' ചിത്രീകരണത്തിനിടെ സന്തോഷ് ശിവന്‍ മോഹന്‍ലാലുമായുള്ള ചര്‍ച്ചകള്‍ക്കായി തൊടുപുഴ ലൊക്കേഷനില്‍ എത്തിയിരുന്നു. ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന ബി ഉണ്ണികൃഷ്‍ണന്‍ ചിത്രം 'ആറാട്ട്' പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ പൂര്‍ണ്ണമായും 'ബറോസി'ന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുമെന്നാണ് കരുതപ്പെടുന്നത്. സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ നേരത്തേ ആരംഭിച്ചിരുന്നു. മോഹന്‍ലാലിന്‍റെ മകള്‍ വിസ്‍മയയും സംവിധാന സഹായിയായി 'ബറോസി'ല്‍ മോഹന്‍ലാലിനൊപ്പം ഉണ്ടാവും. കീര്‍ത്തി സുരേഷിന്‍റെ സഹോദരി രേവതി സുരേഷും ചിത്രത്തില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയിരിക്കും. 

 

'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധായകന്‍ ജിജോയുടേതാണ് ബറോസിന്‍റെ കഥ. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢരചനയെന്നാണ് മോഹന്‍ലാല്‍ ഇതിനെ വിശേഷിപ്പിച്ചത്. വാസ്കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ കഥാപാത്രമാണ് ബറോസ്. നാനൂറിലധികം വര്‍ഷങ്ങളായി അയാളത് കാത്തുസൂക്ഷിക്കുന്നു. യഥാര്‍ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അയാളത് കൈമാറുകയുള്ളൂ. ഒരിക്കല്‍ ബറോസിനെത്തേടിയെത്തുന്ന ഒരു കുട്ടിയും അവര്‍ക്കിടയിലുണ്ടാവുന്ന ബന്ധവുമാണ് സിനിമയുടെ പ്രമേയം. തന്‍റെ കഥ മോഹന്‍ലാല്‍ സിനിമയാക്കുമ്പോള്‍ എല്ലാറ്റിനും മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി ജിജോ ഒപ്പമുണ്ട്. 

click me!