'ഞാന്‍ ഒരുപാട് ആകാംക്ഷയോടെ കാത്തിരുന്ന സിനിമ'; ഗോകുല്‍ സുരേഷിന്‍റെ 'സായാഹ്ന വാര്‍ത്തകള്‍' നാളെ മുതല്‍

By Web TeamFirst Published Aug 4, 2022, 10:45 PM IST
Highlights

ധ്യാന്‍ ശ്രീനിവാസനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

പ്രഖ്യാപിച്ച് തിയറ്ററുകളില്‍ എത്താന്‍ വലിയ വൈകല്‍ സംഭവിച്ച ചിത്രമാണ് ഗോകുല്‍ സുരേഷ് നായകനാവുന്ന സായാഹ്ന വാര്‍ത്തകള്‍. ഏറ്റവുമൊടുവില്‍ വെള്ളിയാഴ്ച ചിത്രം തിയറ്ററുകളിലെത്തുകയാണ്. ഈ ചിത്രം തന്നെ സംബന്ധിച്ച് എത്രത്തോളം പ്രധാനപ്പെട്ട ഒന്നാണ് പറയുകയാണ് റിലീസിന് തലേദിവസം ഗോകുല്‍ സുരേഷ്. കാണികളുടെ പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്യുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയിലൂടെയാണ് ഗോകുലിന്‍റെ അഭ്യര്‍ഥന.

ഗോകുല്‍ സുരേഷിന്‍റെ കുറിപ്പ്

വളരെയേറെ കാലമായി പോസ്റ്റിടാൻ കാത്തിരുന്ന ഒരു കുറിപ്പ് ഇവിടെ പങ്കുവെക്കുന്നു. നാളെ ഞാൻ ഒരുപാട് ആകാംഷയോടെ കാത്തിരുന്ന എന്റെയൊരു സിനിമ നിങ്ങളിലേക്ക് എത്തുകയാണ്. പ്രതികൂല സാഹചര്യങ്ങളാൽ ഷൂട്ടിൽ സംഭവിച്ച തടസങ്ങൾ, റിലീസിലെ അനിശ്ചിതത്വം എന്നിവയാണ് റിലീസിംഗ് ഇത്രയധികം വൈകിപ്പിച്ചത്. ഈ ചിത്രത്തിന് പിന്നിലെ തടസങ്ങളും വെല്ലുവിളികളും മറികടന്ന് ഞങ്ങൾ ഒടുവിൽ ഇത് നിങ്ങളിലേക്ക് എത്തിക്കുകയാണ്. എന്തൊക്കെ സംഭവിച്ചിട്ടും ഞങ്ങളുടെ ആത്മധൈര്യം ഒട്ടും തന്നെ ചോർന്നു പോയിട്ടില്ല. വ്യക്തിപരമായി വളരെയധികം ക്ലേശങ്ങൾ മാനസികമായും ശാരീരികമായും ഞാൻ ഈ കാലയളവിൽ അനുഭവിക്കേണ്ടി വന്നു. ഇനിയെനിക്ക് ആകെ ചെയ്യാൻ കഴിയുന്നത് നിങ്ങളോട് ഈ ഓഗസ്റ്റ് 5ന് (നാളെ) ചിത്രം പുറത്തിറങ്ങുമ്പോൾ കാണുക എന്ന് അഭ്യർത്ഥിക്കുക മാത്രമാണ്. നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും എല്ലാറ്റിനുമുപരി പിന്തുണയും കൂടെയുണ്ടാകുമെന്ന് കരുതുന്നു.

ധ്യാന്‍ ശ്രീനിവാസനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരുണ്‍ ചന്ദുവാണ് സംവിധാനം. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മകരന്ദ് ദേശ്പാണ്ഡേ, ശരണ്യ ശര്‍മ്മ, ആനന്ദ് മന്മഥന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഡി 14 എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ മഹ്ഫൂസ് എം ഡിയും നൌഷാദ് ടിയും ചേര്‍ന്നാണ് നിര്‍മ്മാണം. 

ALSO READ : കാളിദാസ് വീണ്ടും തമിഴില്‍; പാ രഞ്ജിത്തിന്‍റെ 'നച്ചത്തിരം നഗര്‍ഗിരത്' റിലീസ് തീയതി പ്രഖ്യാപിച്ചു

അതേസമയം പാപ്പന്‍ നേടുന്ന വിജയത്തിന്‍റെ ആഹ്ലാദത്തിലുമാണ് ഗോകുല്‍. അച്ഛനൊപ്പം ആദ്യമായി സ്ക്രീന്‍ പങ്കിടുന്ന ചിത്രമാണ് ജോഷിയുടെ സംവിധാനത്തില്‍ കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ പാപ്പന്‍. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആദ്യ നാല് ദിനങ്ങളില്‍ നിന്ന് കേരളത്തില്‍ നിന്നു മാത്രം 13.28 കോടിയാണ് നേടിയത്. ജിസിസി, യുഎഇ, യുഎസ് തുടങ്ങിയ മാര്‍ക്കറ്റുകളിലെ വിദേശ റിലീസും റെസ്റ്റ് ഓഫ് ഇന്ത്യ റിലീസും ഈ വാരാന്ത്യത്തിലാണ്.

click me!