
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ ബിഗ് ബോസ് താരം ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇടപെടാതെ എറണാകുളം ജില്ല കോടതി. കേസ് നിലവിൽ അന്വേഷിക്കുന്ന കോഴിക്കോട് ചേവായൂർ പൊലീസിന്റെ പരിധിയിലെ കോടതിയിൽ അപേക്ഷ നൽകാനാണ് നിർദ്ദേശം. സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്.
ആദ്യം പരാതി നൽകിയത് കൊച്ചി പാലാരിവട്ടം പൊലീസിനാണ്. എന്നാൽ പ്രണയം നടിച്ചുള്ള സാമ്പത്തിക ലൈംഗിക ചൂഷണം നടന്നത് കോഴിക്കോട് വെച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി. തുടർന്നാണ് കൊച്ചി പൊലീസ് കേസ് ചേവായൂർ പൊലീസിന് കൈമാറിയത്. ഇതിനിടെ ആണ് എറണാകുളത്തെ കോടതിയിൽ പ്രതി ഷിയാസ് കരീം മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ ആവശ്യം പരിഗണിക്കാതെ അപേക്ഷയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. വിഷയത്തിൽ വിശദമായ വാദം കേൾക്കേണ്ട സാഹചര്യത്തിൽ കേസ് നിലവിൽ അന്വേഷിക്കുന്ന ചേവായൂർ സ്റ്റേഷൻ പരിധിയിലെ കോടതി അപേക്ഷ പരിഗണിക്കട്ടെ എന്ന് കോടതി പറഞ്ഞു.
പ്രണയം നടിച്ച് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തതെന്നായിരുന്നു കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതി. യുവതിയുടെ പരാതിയിൽ ചേവായൂർ പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും പരിശോധിച്ചു. പരാതിക്കടിസ്ഥാനമായ സംഭവങ്ങൾ നടന്ന യുവതിയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പൊലീസ്.
ഈ പരിശോധന ഫലം പുറത്ത് വന്ന ശേഷം വിശദമായ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. 49 ലക്ഷം രൂപ പല തവണയായി തന്‍റെ പക്കൽ നിന്ന് ഷിയാസ് വാങ്ങിയെടുത്തുവെന്നും ലൈംഗീക ചൂഷണം നടത്തിയെന്നുമാണ് യുവതിയുടെ പരാതി . എന്നാല്‍ താനാണ് സാമ്പത്തിക തട്ടിപ്പിന് ഇരയായതെന്നും തന്‍റെ പരാതിയില്‍ യുവതിക്കെതിരെ അന്വേഷണം നടക്കുകയാണെന്നുമാണ് ഷിയാസിന്‍റെ പ്രതികരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ