Latest Videos

ഹോം വിവാദം ഏറ്റെടുത്ത് കോൺഗ്രസ്; അവാർഡ് നിശ്ചയിച്ചതിൽ സർക്കാർ ഇടപെട്ടുവെന്ന് ഷാഫി പറമ്പിൽ

By Web TeamFirst Published May 28, 2022, 12:07 PM IST
Highlights

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഇടപെട്ടിട്ടില്ല എന്ന് പറഞ്ഞ് അഭിനയിക്കുന്ന സർക്കാരിന് ഓസ്‌കർ അവാർഡ് നൽകണമെന്നും ഷാഫി പരിഹസിച്ചു.

കൊച്ചി: ഹോം വിവാദം ഏറ്റെടുത്ത് കോൺഗ്രസ്. അവാർഡ് നിശ്ചയിച്ചതിൽ സർക്കാർ ഇടപെട്ടുവെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ (Kerala State Film Awards 2022) ഹോം സിനിമയെയും നടന്‍ ഇന്ദ്രൻസിനെയും തഴഞ്ഞത് മനപ്പൂർവ്വമാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഇടപെട്ടിട്ടില്ല എന്ന് പറഞ്ഞ് അഭിനയിക്കുന്ന സർക്കാരിന് ഓസ്‌കർ അവാർഡ് നൽകണമെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു. കോൺഗ്രസിനെ തെറി പറയാൻ കിട്ടിയ വേദിയിൽ നന്നായിട്ട് അഭിനയിച്ചവരേ സർക്കാർ പ്രോത്സാഹിപ്പിച്ചുവെന്നും ഷാഫി കുറ്റപ്പെടുത്തി.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ജൂറിക്കെതിരെ കടുത്ത വിമർശനം ഉയര്‍ന്നിരുന്നു. ഇന്ദ്രൻസിനും ഹോം എന്ന സിനിമയ്ക്കും അവാർഡുകൾ ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. ഇതിന്റെ ഭാ​ഗമായി ഇന്ദ്രൻസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധിപ്പേരാണ് വിമർശനവുമായി എത്തിയിരിക്കുന്നത്. ഇന്ദ്രന്‍സിന് പുരസ്കാരം നല്‍കാത്തതില്‍ വിമര്‍ശനവുമായി ഇന്നലെയും ഷാഫി പറമ്പില്‍ രംഗത്തെത്തിയിരുന്നു. 'ഹോം' സിനിമയിലെ ഇന്ദ്രന്‍സ് കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ച് അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ എന്നായിരുന്നും ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Also Read: 'ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല'; അവാര്‍ഡ് വിവാദത്തില്‍ ഇന്ദ്രന്‍സ്

ഒലിവർ ട്വിസ്റ്റായി ഇന്ദ്രൻസ് എത്തിയ കുടുംബ ചിത്രം ഹോം കഴിഞ്ഞ വർഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഒടിടി ചിത്രമാണ്. റോജിൻ തോമസ് ഒരുക്കിയ ചിത്രത്തിലെ പ്രകടനത്തിന് കയ്യടി നേടിയ ഇന്ദ്രൻസ് മികച്ച നടനുള്ള പുരസ്‌കാരം നേടുമെന്നും ചർച്ചകൾ സജീവമായിരുന്നു. പക്ഷെ ജനപ്രിയ വിഭാഗത്തിലും, മികച്ച നടനുള്ള മത്സരത്തിലും ഹോം തഴയപ്പെട്ടു. ഒരു അവാർഡ് പോലും ചിത്രം നേടിയതുമില്ല. ഇതിന് പിന്നാലെയാണ് ഹോമിനെ അവഗണിച്ചെന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നത്. ഇന്ദ്രൻസിന്റെ ഫോട്ടോ പോസ്റ്റ് ചെയ്താണ് ഫേസ്‌ബുക്കിൽ വിമർശനം. ചിത്രത്തിന്റെ നിർമാതാവ് വിജയ് ബാബു ബലാത്സംഘ കേസിൽ പ്രതിയായത് കൊണ്ടാണോ ചിത്രം തഴയപ്പെട്ടതെന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്. പക്ഷെ ചലച്ചിത്ര അക്കാദമിയും ജൂറിയും ഇത് നിഷേധിക്കുന്നു.

Also Read: സംസ്ഥാന ചലച്ചിത്ര പുരസ്കാരം : 'ഹോം' വിവാദത്തിൽ വിശദീകരണവുമായി ജൂറി ചെയർമാൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയമാണ് മികച്ച ജനപ്രിയ, കലാമൂല്യമുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. 2021ലാണ് ചിത്രം സെൻസർ ചെയ്തത് എങ്കിലും ഈ വർഷം ജനുവരിയിലാണ്  റിലീസ് ചെയ്തത്.  2021ലെ മികച്ച ജനപ്രിയചിത്രത്തിനുള്ള പുരസ്‌കരം എങ്ങനെ ഈ വർഷം തിയറ്ററിൽ എത്തിയ ചിത്രത്തിന് സമ്മാനിക്കും എന്ന വിമർശനമാണ് ഉയരുന്നത്. മേയിലാണ് ജൂറി നിശ്ചയിക്കപ്പെട്ടത് എന്നും, അതുകൊണ്ട് തന്നെ ജനുവരിയിൽ റിലീസ് ചെയ്ത ചിത്രം പരിഗണിച്ചതിൽ തെറ്റില്ലെന്നുമാണ് അക്കാദമി നൽകുന്ന അനൗദ്യോഗിക വിശദീകരണം.

Also Read: 'ചോദ്യം ചോദിക്കേണ്ടത് എന്നോടല്ല, എനിക്കതിൽ റോളില്ല'; ചലച്ചിത്ര പുരസ്കാര വിവാദത്തിൽ രഞ്ജിത്ത്

click me!