
ജൂൺ 16ന് ആണ് 'ആദിപുരുഷ്' എന്ന പ്രഭാസ് ചിത്രം തിയറ്ററിൽ എത്തിയത്. ബാഹുബലി എന്ന ഫ്രാഞ്ചൈസിയിലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ പ്രഭാസ് നായകനായി എത്തിയ ചിത്രം ആയതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരുന്നത്. എന്നാൽ ആദ്യ ഷോയ്ക്ക് ശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ചിത്രത്തിന്റെ വിഎഫ്എക്സിനെതിരെ വ്യാപക ട്രോളുകളും ഉയരുന്നുണ്ട്. പ്രഭാസിനെയും സംവിധായകൻ ഓം റൗത്തിനെയും ആണ് ഇതേറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
ഈ അവസരത്തിൽ ഓം റൗത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ ഫാൻസ്. ഇപ്പോൾ ലോകം റൗത്തിനെ നോക്കി ചിരിക്കുന്നു, ഇതിനെയാണ് കർമ്മ എന്ന് വിളിക്കുന്നതെന്നും ഇവർ പറയുന്നു. നാളുകൾക്ക് മുൻപ് ഷാരൂഖ് ഖാനെ കുറിച്ച് സംവിധായകൻ പങ്കുവച്ച ട്വീറ്റ് ആണ് ഇതിനു കാരണമായിരിക്കുന്നത്.
2016ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്റെ "ഫാൻ" എന്ന ചിത്രത്തെ ട്രോളി ഓം റൗത്ത് എത്തിയിരുന്നു. വിഎഫ്എക്സിന് ഏറെ പ്രധാന്യമുള്ളതായിരുന്നു ഈ ചിത്രം. എന്നാൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ ഫാനിന് സാധിച്ചില്ല. അതേവർഷം തന്നെ മറാത്തി ചിത്രമായ സൈറാത്തും തിയറ്ററുകളിൽ എത്തിയിരുന്നു. ഇത് വലിയ വിജയം നേടുകയും ചെയ്തു. സൈറാത്തിൻ്റെ വിജയം ആഘോഷമാക്കിയ ഓം റൗത്ത്, ഫാനിനെ ട്രോളിയിരുന്നു. ഈ ട്വീറ്റ് പങ്കുവച്ചാണ് ഇപ്പോൾ റൗത്തിന് എസ്ആർകെ ഫാൻസ് മറുപടി നൽകിയിരിക്കുന്നത്. ഇതാണ് കർമ്മയെന്നും കാലം കണക്ക് തീർത്തെന്നും ഇവർ പറയുന്നു.
"600 കോടി ബജറ്റിൽ ഓം റൗത്ത് രാമായണത്തിന്റെ ഇതിഹാസ കഥ ഒരു കാർട്ടൂൺ പോലെയാക്കി അവതരിപ്പിച്ചു. ഫാനിനെ അപേഷിച്ച് വിഎഫ്എക്സിൻ്റെ 10 ശതമാനം പോലും തൻ്റെ സിനിമയിൽ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. വിഷൻ ആൻഡ് ഫിലിം മേക്കിംഗിൽ ഷാരൂഖ് എന്നും ടോപ്പിലാണ്. ഇപ്പോൾ ലോകം നിങ്ങളെ നോക്കി ചിരിക്കുന്നു. ഓം റൗത്ത്, ഇതിനെയാണ് കർമ്മ എന്ന് വിളിക്കുന്നത്", എന്നാണ് ഒരു ഷാരൂഖ് ആരാധകർ ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, "രാവൺ" എന്ന ഷാരൂഖ് ചിത്രവുമായും ആദിപുരുഷിന് താരതമ്യം ചെയ്യുന്നുണ്ട്. ആദിപുരുഷിനെക്കാള്‍ മികച്ച ഗ്രാഫിക്സ് ആണ് രാവണിലേത് എന്നാണ് ഷാരൂഖ് ആരാധകര്‍ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..