'എലോൺ ഒടിടി ചിത്രം, തിയറ്ററിൽ എത്തിക്കണം എന്നത് ആന്റണിയുടെ നിര്‍ബന്ധം': ഷാജി കൈലാസ്

By Web TeamFirst Published Feb 4, 2023, 8:13 AM IST
Highlights

ഇതുപോലൊരു സിനിമ ലാല്‍ സാര്‍ മുമ്പും ചെയ്തിട്ടില്ല, ഇനി ചെയ്യാനും സാധ്യതയില്ല. അതിനാല്‍ തിയറ്ററില്‍ കാണിക്കണം എന്നാണ് ആന്റണി പറഞ്ഞതെന്ന് ഷാജി കൈലാസ് പറഞ്ഞു.

വർഷത്തെ ആദ്യ മോഹൻലാൽ റിലീസ് ആയിരുന്നു എലോൺ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസ് ആണ്. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ ആയിരുന്നു പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ തിയറ്ററുകളിൽ വേണ്ടത്ര ശോഭിക്കാൻ എലോണിന് സാധിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. ഇപ്പോഴിതാ എലോൺ തിയറ്ററിന് വേണ്ടിയല്ല, ഒടിടിയ്ക്ക് വേണ്ടി തയ്യാറാക്കിയ പടമാണ് എലോൺ എന്ന് പറയുകയാണ് ഷാജി കൈലാസ്. 

ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധമായിരുന്നു തിയറ്ററില്‍ സിനിമ കാണിക്കണം എന്നത്. ഇതുപോലൊരു കാര്യം ലാല്‍ സാര്‍ മുമ്പും ചെയ്തിട്ടില്ല, ഇനി ചെയ്യാനും സാധ്യതയില്ല. അതിനാല്‍ തിയറ്ററില്‍ കാണിക്കണം എന്നാണ് ആന്റണി പറഞ്ഞതെന്ന് ഷാജി കൈലാസ് പറഞ്ഞു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം. 

ഷാജി കൈലാസിന്റെ വാക്കുകൾ ഇങ്ങനെ

കൊവിഡിനിടെ ആണ് എലോണ്‍ സിനിമയെടുക്കുന്നത്. എല്ലാ മേഖലയിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. സിനിമയില്‍ എല്ലാവരും പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്നുപോവുമ്പോള്‍ അദ്ദേഹം ഒരുക്കി തന്നൊരു വഴിയായിരുന്നു. അടച്ചിട്ട സ്ഥലത്ത്, കുറച്ചുപേര്‍ മാത്രമുള്ള ക്രൂവിനെ വച്ചൊരു സിനിമ. എന്നും ആര്‍ടിപിസിആര്‍ എടുത്തിരുന്നു. മോഹൻലാൽ മാത്രമാണ് മാസ്ക്ക് വയ്ക്കാത്തത്. പുറത്തു നിന്നും ഒരാളെ പോലും അകത്ത് കയറ്റിയിരുന്നില്ല. ആ സമയത്ത് ഒറ്റയ്ക്ക് ഒരു ഇന്‍ഡസ്ട്രിയിലെ ഒത്തിരി പേര്‍ക്ക് നന്മ ഉണ്ടാകണമെന്ന് കരുതി എടുത്ത സിനിമയാണിത്. 

പിന്നെ ഒടിടിയ്ക്ക് മാത്രമായി എടുത്ത സിനിമ ആയിരുന്നു എലോൺ. ആന്റണിയുടെ നിര്‍ബന്ധമായിരുന്നു തിയറ്ററില്‍ കാണിക്കണം എന്നത്. ഇതുപോലൊരു കാര്യം ലാല്‍ സാര്‍ മുമ്പും ചെയ്തിട്ടില്ല, ഇനി ചെയ്യാനും സാധ്യതയില്ല. അതുകൊണ്ടാണ് തിയറ്ററില്‍ കാണിക്കണം എന്നാണ് ആന്റണി പറഞ്ഞത്. റിസ്ക്കാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. ചേട്ടാ അത് കുഴപ്പമില്ല, പരീക്ഷണ ചിത്രമല്ലേ വിമര്‍ശിക്കപ്പെടുകയോ നന്നാവുകയോ ചെയ്യാം. പക്ഷെ ശ്രമത്തിനുള്ള അംഗീകാരം കിട്ടിയാല്‍ സന്തോഷമല്ലേ എന്നാണ് ആന്റണി പറഞ്ഞത്. ചിത്രത്തില്‍ ഫോണിലൂടെ വരുന്ന കഥാപാത്രങ്ങള്‍ക്ക് അറിയാവുന്ന താരങ്ങള്‍ തന്നെ ശബ്ദം കൊടുക്കണമെന്നത് ആന്റണിയുടെ ആശയമായിരുന്നു. ഞാനത് വേണോന്ന് ചോദിച്ചിരുന്നതാണ്. പരിചിതരായവരുടെ ശബ്ദം ആകുമ്പോള്‍ അവര്‍ അപ്പുറത്തായി ഫീല്‍ ചെയ്യുമെന്ന് ആന്റണി പറഞ്ഞു. അങ്ങനെയാണ് മഞ്ജുവിനോടും രാജുവിനോടും ആനിയോടുമൊക്കെ ഡബ്ബ് ചെയ്യാമോന്ന് ചോദിക്കുന്നത്. അവരൊക്കെ സന്തോഷത്തോടെ വന്ന് ചെയ്യുകയും ചെയ്തു. വിമർശനം ഭീകരമായിട്ട് വന്നിട്ടുണ്ട്. അതും നമ്മൾ ഏറ്റെടുത്തു. അതും വേണമല്ലോ. 

ഇതൊരു ഒന്നൊന്നര 'വെടിക്കെട്ട്'; റിവ്യു

click me!