'സിനിമ കണ്ടപ്പോൾ ആ ദിനം ഓർത്തു, അച്ഛന്റെ കരച്ചിൽ ഓർത്തു': മഞ്ഞുമ്മൽ ബോയ്സ് കണ്ട ഷാജി കൈലാസ്

Published : Feb 24, 2024, 02:35 PM IST
 'സിനിമ കണ്ടപ്പോൾ ആ ദിനം ഓർത്തു, അച്ഛന്റെ കരച്ചിൽ ഓർത്തു': മഞ്ഞുമ്മൽ ബോയ്സ് കണ്ട ഷാജി കൈലാസ്

Synopsis

ഇപ്പോഴിതാ ചിത്രത്തെ പുകഴ്ത്തി സ്വന്തം അനുഭവത്തോട് ചേര്‍ത്തുവയ്ക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ ഷാജി കൈലാസ്. 

കൊച്ചി: റിലീസ് ചെയ്തത് മുതൽ ബോക്സ് ഓഫീസിൽ തരംഗമായിരിക്കുകയാണ്  'മഞ്ഞുമ്മൽ ബോയ്സ്'. 2006ൽ
കൊടൈക്കനാൽ യാത്രക്കിടെ ഗുണ കേവില്‍ അകപ്പെട്ട് പോയ കൂട്ടുകാരനെ രക്ഷിക്കാന്‍ ഒന്നിച്ച് നിന്ന സൗഹൃദ സംഘത്തിന്‍റെ കഥയാണ് 2024 ല്‍ ചിദംബരം സംവിധാനം ചെയ്ത ചിത്രമായത്. ചിത്രത്തെക്കുറിച്ച് എങ്ങും മികച്ച അഭിപ്രായമാണ്. 

ഇപ്പോഴിതാ ചിത്രത്തെ പുകഴ്ത്തി സ്വന്തം അനുഭവത്തോട് ചേര്‍ത്തുവയ്ക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ ഷാജി കൈലാസ്. ചെറുപ്പത്തില്‍ കൂട്ടുകാര്‍ക്കൊപ്പം ടൂറുപോയി ഡാമില്‍ വീണ് മരണപ്പെട്ട സഹോദരന്‍റെ ഓര്‍മ്മാണ് ഷാജി കൈലാസ് വൈകാരികമായ കുറിപ്പിലൂടെ ഓര്‍ത്തെടുക്കുന്നത്. 

ണാവുന്ന സാഹിത്യം മാത്രമല്ല കാണാവുന്ന ജീവിതം കൂടിയാണ്  സിനിമ. പെടപെടയ്ക്കുന്ന ആ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമ എന്ന് ഷാജി കൈലാസ് ചേട്ടന്‍റെ ഫോട്ടോയ്ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പില്‍ പറയുന്നു.

ഷാജി കൈലാസിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ജീവിതം തൊട്ട സിനിമ

കാണാവുന്ന സാഹിത്യം എന്ന് തിരക്കഥകളെ വിശേഷിപ്പിച്ചത് സാക്ഷാൽ എം ടി സാറാണ്. സിനിമകൾക്കും ചേരും ഈ വിശേഷണം. കാണാവുന്ന സാഹിത്യം മാത്രമല്ല കാണാവുന്ന ജീവിതം കൂടിയാണ് സിനിമ. പെടപെടയ്ക്കുന്ന ആ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമ. പ്രേക്ഷകലക്ഷങ്ങൾ ഏറ്റെടുത്ത ആ സിനിമ എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു ഓർമ്മയാണ്. വേർപാടിന്റെ ഇനിയും ഉണങ്ങാത്ത നീറ്റലാണ്.

ഞാൻ പത്തിൽ പഠിക്കുമ്പോഴാണ്. ഒരു ദിവസം അച്ഛനെ തേടി കുറച്ച് സുഹൃത്തുക്കൾ വീട്ടിൽ വന്നു. അവർ അച്ഛനെ മാറ്റിനിർത്തി എന്തോ പറയുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. തിടുക്കത്തിൽ അച്ഛൻ അവരോടൊപ്പം പോകുന്നതും ഞാൻ കാണുന്നു. എനിക്കൊന്നും മനസ്സിലായില്ല. കുറച്ചു കഴിഞ്ഞപ്പോൾ വീട്ടുമുറ്റത്ത് ചെറിയ ഒരു ആൾക്കൂട്ടം രൂപപ്പെട്ടു. അതു പതുക്കെ വലുതാവാൻ തുടങ്ങി. രാത്രിയാവുമ്പോഴേക്കും മുറ്റം നിറയെ ആളുകളായി മാറിയിരുന്നു. എല്ലാവരും നിശ്ശബ്ദരായിട്ട് നിൽക്കുന്നു. എങ്ങും കനപ്പെട്ട മൂകത മാത്രം.

വൈകിയാണ് അച്ഛൻ തിരിച്ചെത്തിയത്. അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അച്ഛൻ കരയുന്നത് ഞാനാദ്യം കാണുകയാണ്. എന്റെ കണ്ണുകളും നിറഞ്ഞൊഴുകി.

പിന്നീടാണ് വിവരങ്ങൾ ഞാൻ മനസ്സിലാക്കുന്നത്. കൂട്ടുകാർക്കൊപ്പം ടൂറുപോയ എന്റെ ജ്യേഷ്ഠൻ...

അഗസ്ത്യാർകൂടത്തിലേക്ക് ആയിരുന്നു അവർ പോയത്. മലകണ്ട് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി ഡാമിലേക്ക് വീണു. ജ്യേഷ്ഠനെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്നു സുഹൃത്തുക്കൾ ശ്രമിച്ചു. കഴിഞ്ഞില്ല. അച്ഛന്റെ പ്രതീക്ഷകളാണ് ഡാമിലെ തണുത്ത ജലത്തിൽ മുങ്ങി ഇല്ലാതായത്. എന്റെ വീട് പെട്ടെന്നൊരു മരണവീടായി മാറി.

സ്വന്തം കൂടെപ്പിറപ്പുകളെ നഷ്ടപ്പെടുന്നവരുടെ വേദന എത്ര വലുതാണെന്ന് അതനുഭവിച്ചവർക്കേ അറിയൂ. മഞ്ഞുമ്മൽ ബോയ്സ് ആ വേദനയുടെ ആഴം ഒരിക്കൽ കൂടി എന്നെ അനുഭവിപ്പിച്ചു.

സിനിമ അനുഭവങ്ങളുടെയും കൂടി കലയാവണമെന്ന് മിടുക്കരായ ഇതിന്റെ അണിയറക്കാർ തെളിയിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇതൊരു സിനിമയാണല്ലോ എന്ന് പ്രേക്ഷകർ മറന്നു പോകുന്നത്. അവർക്കിത് അവരവരുടെ സ്വന്തം ജീവിതത്തിന്റെ ഏതോ ഒരേടിൽ സംഭവിച്ച നേർ അനുഭവത്തിന്റെ നേർ കാഴ്ചയാണ്. ആ കാഴ്ചയ്ക്കാണ് പ്രേക്ഷകർ ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നത്. ഞാനും ആ കൂട്ടത്തിലുണ്ട്, ഞാൻ കയ്യടിക്കുമ്പോൾ അതിൽ കണ്ണീരും കലരുന്നു എന്നു മാത്രം.

മഞ്ഞുമ്മൽ ബോയ്സിലെ കൂട്ടുകാർക്ക് അവരുടെ സുഹൃത്തിനെ രക്ഷിക്കാൻ പറ്റി. അതുപോലെ എന്റെ ഏട്ടനെയും അന്ന് രക്ഷിക്കാൻ പറ്റിയിരുന്നെങ്കിൽ... ഏട്ടന്റെ കൂട്ടുകാർ അന്ന് പരമാവധി ശ്രമിച്ചതാണ്. എന്നിട്ടും കഴിഞ്ഞില്ല, ഭാഗ്യം തുണച്ചില്ല.

ഈ സിനിമ കണ്ടപ്പോൾ ഞാൻ ആ ദിവസങ്ങൾ വീണ്ടും ഓർത്തു. അച്ഛന്റെ കരച്ചിൽ ഓർത്തു. പരസ്പരം ആരും മിണ്ടാത്ത മൂകമായ ആ രാത്രി ഓർത്തു.

മഞ്ഞുമ്മൽ ബോയ്സിന്റെ അണിയറക്കാരെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല. അത്ര നല്ല സിനിമ. ഇനിയും നിങ്ങൾക്ക് ഒരുപാട് ദൂരം മുന്നോട്ട് പോകാൻ പറ്റട്ടെ. നിങ്ങളുടെ സിനിമകളിൽ ഇനിയും ജീവിതം കിടന്ന് പിടയ്ക്കട്ടെ. അത് ആരുടെയെങ്കിലും കണ്ണുകളെ ഈറനണിയിക്കട്ടെ, മനസുകളെ വിമലീകരിക്കട്ടെ, നിങ്ങൾ വലിയ ഉയരങ്ങളിൽ എത്തട്ടെ.

പ്രേമയുഗം ബോയ്സ് വെള്ളിയാഴ്ച വിളയാട്ടം; തിരിച്ചു കയറി പോറ്റി, പ്രേമലു സ്റ്റെഡി, കൊടുങ്കാറ്റായി ബോയ്സ്.!

ഗുണ ഗുഹയിലെ ഭയാനക സംഭവത്തിന് ശേഷം 2006 ല്‍ റിയല്‍ മഞ്ഞുമ്മല്‍ ബോയ്സിനെ കണ്ടിട്ടുണ്ടോ?; ഇതാ അപൂര്‍വ്വ വീഡിയോ.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'
'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക