ഫഹദിന്‍റെ പ്രകടനം ശ്രദ്ധിച്ചു; രാംചരണ്‍ നായകനാവുന്ന ചിത്രത്തിലേക്ക് ക്ഷണിച്ച് ഷങ്കര്‍

By Web TeamFirst Published Sep 3, 2021, 4:21 PM IST
Highlights

മാലിക് ഉള്‍പ്പെടെ ഫഹദ് അഭിനയിച്ച പല ചിത്രങ്ങളും ഷങ്കര്‍ കണ്ടിരുന്നു

കൊവിഡ് കാലത്ത് കരിയറില്‍ നേട്ടമുണ്ടായ അപൂര്‍വ്വം അഭിനേതാക്കളില്‍ ഒരാളാണ് ഫഹദ് ഫാസില്‍. തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ് കാലത്ത് ഫഹദ് അഭിനയിച്ച നാല് ചിത്രങ്ങളാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിയത്. അവയില്‍ നാലില്‍ മൂന്നും മലയാളികളല്ലാത്ത പ്രേക്ഷകരാല്‍പ്പോലും പ്രശംസിക്കപ്പെടുകയും അന്തര്‍ദേശീയ മാധ്യമങ്ങളിലടക്കം ഇടംപിടിച്ചുകയും ചെയ്‍തു. പുതിയ പ്രോജക്റ്റുകളെ സംബന്ധിച്ചും ഫഹദ് നേട്ടമുണ്ടാക്കി. തമിഴില്‍ കമല്‍ ഹാസനും വിജയ് സേതുപതിക്കുമൊപ്പം 'വിക്രം', ഒപ്പം തെലുങ്ക് അരങ്ങേറ്റ ചിത്രമായി, അല്ലു അര്‍ജുന്‍റെ പ്രതിനായകനായി 'പുഷ്‍പ'യിലും ഫഹദ് എത്തും. ഇപ്പോഴിതാ മറ്റൊരു പ്രധാന പ്രോജക്റ്റിലേക്കും ഫഹദിന് ക്ഷണം ലഭിച്ചിരിക്കുന്നതായാണ് വിവരം.

രാം ചരണിനെ നായകനാക്കി ഷങ്കര്‍ ഒരുക്കുന്ന തെലുങ്ക് ചിത്രത്തിലേക്കാണ് ഫഹദിനെ പരിഗണിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാലിക് ഉള്‍പ്പെടെ ഫഹദ് അഭിനയിച്ച പല ചിത്രങ്ങളും ഷങ്കര്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ പ്രകടനം ഏറെ ഇഷ്‍ടപ്പെട്ട സംവിധായകന്‍ പുതിയ ചിത്രത്തിലെ ഒരു പ്രധാന വേഷത്തിലേക്ക് ഫഹദിനെ ആലോചിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. 'പുഷ്‍പ'യിലേതുപോലെ പ്രതിനായക വേഷത്തിലേക്കാണ് ഷങ്കര്‍ ഫഹദിനെ ആലോചിക്കുന്നത്. അതേസമയം ഷങ്കറിന്‍റെ മുന്‍ ചിത്രങ്ങളിലേതുപോലെ പ്രകടനത്തിന് സാധ്യതയുള്ള മികച്ച പാത്രസൃഷ്ടി ആയിരിക്കും ഈ വില്ലന്‍ കഥാപാത്രം. നായകനോളം പ്രാധാന്യമുള്ള ഈ കഥാപാത്രം ഫഹദിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടെന്നും അദ്ദേഹത്തിന് കഥാപാത്രത്തെ ഇഷ്ടമായെന്നുമാണ് വിവരം. അതേസമയം ഫഹദ് അന്തിമ മറുപടി ഇതുവരെ പറഞ്ഞിട്ടില്ലെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്‍തു.

പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദില്‍ രാജുവാണ്. കിയാര അദ്വാനിയാണ് നായിക. ഹൈദരാബാദില്‍ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക സെറ്റില്‍ ഈ മാസം എട്ടിന് ചിത്രീകരണം ആരംഭിക്കും. തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി ഭാഷകളിലും എത്തുന്ന ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് പദ്ധതി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!