'കാക്കിപ്പട' ഇനി തെലുങ്കും തമിഴും കന്നഡയും സംസാരിക്കും, റീമേക്ക് അവകാശം വിറ്റത് വൻ തുകയ്‍ക്ക്

By Web TeamFirst Published Jan 21, 2023, 8:29 PM IST
Highlights

ഷെബി ചൗഘട്ട് സംവിധാനം ചെയ്‍ത ചിത്രം 'കാക്കിപ്പട' അന്യഭാഷകളിലേക്ക്.

ഷെബി  ചൗഘട്ട്  സംവിധാനം ചെയ്‍ത ചിത്രമാണ് 'കാക്കിപ്പട'. 'കാക്കിപ്പട'  ഇനി തെലുങ്കും തമിഴും കന്നഡയും സംസാരിക്കും.  പ്രമുഖ തെലുങ്ക് നിർമ്മാണ കമ്പനി ചിത്രത്തിന്റെ അന്യഭാഷ അവകാശം സ്വന്തമാക്കി. ഷെബി ചൗഘട്ടാണ് ഇക്കാര്യം അറിയിച്ചത്.

ചിരഞ്‍ജീവിയെ നായകനാക്കി പന്ത്രണ്ടോളം ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച കെ എസ് രാമറാവുവാണ് 'കാക്കിപ്പട'യുടെ റീമേക്ക് അവകാശം വൻ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ചിരഞ്‍ജീവിയെ നായകനാക്കി നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഫീസിൽവച്ചാണ് റീമേക്ക് അവകാശം രാമറാവുവിന്റെ കമ്പനി സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 'കാക്കിപ്പട'യുടെ തെലുങ്ക് പതിപ്പ് കാണുവാൻ വേണ്ടി കാത്തിരിക്കുകയാണെന്ന് ചിരഞ്‍ജീവി പറഞ്ഞതായി ഷെബി അറിയിച്ചു. മലയാളത്തിലെ ഒരു ചെറിയ ചിത്രത്തിന് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ തുക നൽകിയാണ് ചിത്രത്തിന്റെ അവകാശം വാങ്ങിയിരിക്കുന്നത്. തന്റെ സാമൂഹ്യ മാധ്യമ പേജ് വഴിയാണ് ഷെബി 'കാക്കിപ്പട'യുടെ വിൽപ്പനയെക്കുറിച്ച് വെളിപ്പെടുത്തിയത്. സംവിധായകനും കാക്കിപ്പടയുടെ നിർമ്മാതാവായ ഷെജി വലിയകത്ത് ചിരഞ്‍ജീവിക്കും കെ എസ് രാമറാവുവിനും ഒപ്പം നിൽകുന്ന ഫോട്ടോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 'കാക്കിപ്പട'യുടെ റീമേക്കില്‍ ആരൊക്കെയായിരിക്കും അഭിനയിക്കുക എന്നതാണ് ഇനി ആകാംക്ഷയുയര്‍ത്തുന്ന ഘടകം.

തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. നിരഞ്‍ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്ത്, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്, സൂര്യാ അനിൽ, പ്രദീപ്, മാലാ പാർവ്വതി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. തിരക്കഥയും ഷെബി ചൗഘട്ടിന്റേത് തന്നെയാണ്. എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഷെജി വലിയകത്ത് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

'കാക്കിപ്പട' എന്ന ചിത്രത്തിന്റെ സംഗീതം സംവിധാനം ജാസി ഗിഫ്റ്റ്. പ്രശാന്ത് കൃഷ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കലാസംവിധാനം സാബുറാം. മേക്കപ്പ് പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ. ഷിബു പരമേശ്വരൻ, നിശ്ചല ഛായാഗ്രഹണം, അജി മസ്ക്കറ്റ്, നിർമ്മാണ നിർവ്വഹണം എസ് മുരുകൻ. പിആര്‍ഒ വാഴൂർ ജോസ്.

Read More: ടൊവിനൊ തോമസ് കുറച്ചത് 15 കിലോ, ആളെ മനസിലാകുന്നേയില്ലെന്ന് ആരാധകര്‍

click me!