
ഒരു സിനിമയുടെ പ്രീ റിലീസ് ഹൈപ്പ് എത്രത്തോളമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ആ ചിത്രത്തെക്കുറിച്ച് വരുന്ന അഭ്യൂഹങ്ങള്‍. സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ആ തരത്തില്‍ ഏറ്റവുമധികം ഊഹാപോഹങ്ങള്‍ വന്ന ചിത്രം അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ 2 ആണ്. 2021 ല്‍ പുറത്തെത്തിയ ചിത്രത്തിന്‍റെ ആദ്യ ഭാഗം നേടിയ വന്‍ വിജയം തന്നെയാണ് അതിന് കാരണം. ആദ്യ ഭാഗത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. സംവിധായകന്‍ സുകുമാറും അല്ലു അര്‍ജുനും ഇടയില്‍ വലിയ സ്വരച്ചേര്‍ച്ചയില്ലായ്മയാണ് ഉള്ളതെന്നും അതിനാല്‍ ചിത്രീകരണം നിര്‍ത്തിവച്ചെന്നുമൊക്കെ സമീപകാലത്ത് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അതിനെയൊക്കെ കാറ്റില്‍ പറത്തി ചിത്രം സംബന്ധിച്ച ഒഫിഷ്യല്‍ അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ക്ലൈമാക്സ് ഷൂട്ട് പുനരാരംഭിച്ചതാണ് അത്.
ക്ലൈമാക്സില്‍ വരുന്ന ഒരു ഗംഭീര ആക്ഷന്‍ സീക്വന്‍സിന്‍റെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. പുഷ്പ 2 ന്‍റെ റിലീസ് തീയതിയായി ആദ്യം പ്രഖ്യാപിച്ചിരുന്നത് ഓഗസ്റ്റ് 15 ആയിരുന്നു. എന്നാല്‍ നിര്‍മ്മാണം പ്രതീക്ഷിച്ചതുപോലെ അവസാനിക്കാത്തതിനാല്‍ അത് ഡിസംബര്‍ 6 ലേക്ക് നീട്ടിയിരുന്നു. ഇനിയും ചിത്രീകരണം പൂര്‍ത്തിയായിട്ടില്ലാത്ത സിനിമയുടെ സംവധായകനും നായക താരവും തമ്മില്‍ നിലവില്‍ സ്വരച്ചേര്‍ച്ചയില്ലെന്നും ചിത്രം വീണ്ടും നീണ്ടേക്കുമെന്നുമൊക്കെ പ്രചരണം നടന്നിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ അല്ലുവിന്‍റെ ഒരു പുതിയ വീഡിയോയാണ് ഈ പ്രചരണം വര്‍ധിപ്പിച്ചത്. വിമാനത്തിനുള്ളില്‍ വച്ചുള്ള വീഡിയോയില്‍ പുഷ്പ 2 ലെ കഥാപാത്രത്തില്‍ നിന്ന് വ്യത്യസ്തമായി താടിരോമങ്ങള്‍ നന്നായി ട്രിം ചെയ്ത അല്ലുവിനെയാണ് കണ്ടത്. ഇതോടെ അല്ലു സംവിധായകനുമായി പിണങ്ങിയെന്ന പ്രചരണം ശക്തമായി. എന്നാല്‍ തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാവും അല്ലു അര്‍ജുന്‍റെ സുഹൃത്തുമായ ബണ്ണി വാസ് ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. അല്ലുവിനും സുകുമാറിനുമിടയില്‍ യാതൊരു പ്രശ്നങ്ങളും നിലവിലില്ലെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വായിച്ച് തങ്ങള്‍ ചിരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
"അല്ലു, സുകുമാര്‍, പുഷ്പ 2 നിര്‍മ്മാതാക്കള്‍ എന്നിവര്‍ കഴിഞ്ഞാല്‍ കാര്യങ്ങളുടെ നിജസ്ഥിതി അറിയാവുന്ന ഒരേയൊരാള്‍ ഞാനായിരിക്കും. അല്ലുവിന് 15- 17 ദിവസത്തെ ചിത്രീകരണമാണ് ബാക്കിയുള്ളത്. ഒരു പാട്ടും ക്ലൈമാക്സുമാണ് ഇതിലുള്ളത്. എന്നാല്‍ അതിന് മുന്‍പ് സുകുമാറിന് അതുവരെയുള്ളതിന്‍റെ എഡിറ്റിംഗ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. പാച്ച് വര്‍ക്ക് ഏതൊക്കെ വേണമെന്ന് തീരുമാനിക്കാന്‍ കൂടിയാണ് ഇത്. എഡിറ്റിംഗിന് 35 ദിവസത്തോളം എടുക്കും. ഫഹദിന്‍റെ പ്രധാന ഭാഗങ്ങളും ഇനി ചിത്രീകരിക്കാനുണ്ട്. ഇക്കാരണങ്ങളൊക്കെ കൊണ്ട് ആ ഇടവേളയില്‍ കുടുംബവുമൊത്ത് അവധിദിനങ്ങള്‍ ചെലവിടാന്‍ അല്ലു തീരുമാനിക്കുകയായിരുന്നു. അത് ആളുകള്‍ തെറ്റിദ്ധരിക്കുകയായിരുന്നു. സുകുമാര്‍ അല്ലുവിനെ സംബന്ധിച്ച് അത്രത്തോളം പ്രിയങ്കരനാണ്. സുകുവിന് വേണ്ടി ബണ്ണി വേണമെങ്കില്‍ ആറ് മാസം കാത്തിരിക്കും. പുഷ്പ എന്ന ബ്രാന്‍ഡിന്‍റെ ഇപ്പോഴത്തെ മൂല്യവും അവര്‍ക്കിരുവര്‍ക്കും നന്നായി അറിയാം. സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് ആദ്യവാരം പുനരാരംഭിക്കും", ബണ്ണി വാസ് പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞത് യാഥാര്‍ഥ്യമായതിന്‍റെ സന്തോഷത്തിലാണ് അല്ലു അര്‍ജുന്‍ ആരാധകര്‍.
ALSO READ : നിര്‍മ്മാണം ടൊവിനോ, ബേസില്‍ നായകന്‍; 'മരണമാസ്' ആരംഭിച്ചു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ