സ്റ്റൈല്‍ മന്നൻ രജനികാന്തിനെ കാണാൻ ശ്രിയ ശരണ്‍ ദര്‍ബാറിന്റെ സെറ്റില്‍

By Web TeamFirst Published Oct 10, 2019, 2:58 PM IST
Highlights

രജനികാന്തും ശ്രിയ ശരണും ഒന്നിച്ചുള്ള ഫോട്ടോ തരംഗമാകുന്നു.


തമിഴകത്ത് ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ‍്ടം നേടിയ താരമാണ് ശ്രിയ ശരണ്‍. വിവാഹത്തിനു ശേഷം ശ്രിയ ശരണ്‍ സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു. വീണ്ടും തിരിച്ചുവരുകയാണ് ശ്രിയ ശരണ്‍. അതേസമയം രജനികാന്തിനെ സന്ദര്‍ശിക്കാൻ ശ്രിയ ശരണ്‍ ദര്‍ബാറിന്റെ സെറ്റിലെത്തിയതാണ് പുതിയ വാര്‍ത്ത. അതേസമയം രജനികാന്ത് നായകനാകുന്ന അടുത്ത സിനിമ സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവയാണ് എന്നും റിപ്പോര്‍ട്ടുണ്ട്.

മുംബൈയിലെ ദര്‍ബാറിന്റെ സെറ്റിലാണ് ശ്രിയ ശരണ്‍ എത്തിയത്. സംവിധായകൻ എ ആര്‍ മുരുഗദോസും സ്റ്റണ്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‍നും ഒപ്പമുള്ള ശ്രിയ ശരണിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകുകയുമാണ്. ശ്രിയ ശരണ്‍ സിനിമയില്‍ അതിഥി വേഷത്തിലെത്തുന്നുവെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ അക്കാര്യം സിനിമയോട് അടുത്തവൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ശങ്കറിന്റെ ശിവജി എന്ന സിനിമയില്‍ നായികയായിരുന്ന ശ്രിയ ശരണ്‍ ചിത്രത്തിലെ നായകനായ രജനികാന്തിനെ സന്ദര്‍ശിക്കാനെത്തിയതാണെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്. രജനികാന്തിന്റെ ശിവജി വലിയ ഹിറ്റായി മാറിയിരുന്നു.  

ഏറെക്കാലത്തിനു ശേഷം രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയോടെയാണ് ദര്‍ബാര്‍ വരുന്നത്.

ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്.   1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു.  ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍.  

ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.  രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബൈയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം.

അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.   

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

click me!