
കൗമാരകാലത്ത് തനിക്കുണ്ടായ പ്രണയ നഷ്ടത്തെ കുറിച്ച് ബോളിവുഡ് താരം സിദ്ധാന്ത് ചതുർവേദി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. ചാർട്ടഡ് അക്കൗണ്ടന്റ് കോഴ്‌സ് ചെയ്തിരുന്ന ക്ലാസിലെ ഒരു പെൺകുട്ടിയെ തനിക്ക് വലിയ ഇഷ്ടമായിരുന്നുവെന്നും തന്റെ വീട്ടിലേക്ക് പോകുന്ന ട്രെയിനിന്റെ നേരേ എതിർവശത്തേക്കാണ് അവളുടെ വീട്ടിലേക്കുള്ള ട്രെയിൻ പോയിരുന്നത്. എല്ലാ ദിവസവും ആ ട്രെയിൻ കയറി അവളുടെ അടുത്തേക്ക് പോകുമായിരുന്നു. തനിക്ക് ഇഷ്ടമാണെന്ന് അവൾ പതിയെ മനസിലാക്കിയെന്നും, തങ്ങൾ പ്രണയത്തിലായെന്നും സിദ്ധാന്ത് ചതുർവേദി പറയുന്നു.
"നാല് വർഷത്തോളം നീണ്ട പ്രണയമായിരുന്നു. ആ സമയത്തേ എനിക്ക് നടനാകണം എന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അവൾക്ക് കല്യാണം കഴിക്കണം എന്നായിരുന്നു. ഞാൻ അഭിനയരംഗത്തേക്ക് വന്നിട്ടേ ഉണ്ടായിരുന്നുള്ളു. ഈ പുതിയ മേഖലയിൽ എനിക്ക് എന്തെങ്കിലും ചെയ്യാനാകുമോ അവസരങ്ങൾ ലഭിക്കുമോ എന്ന് പോലും അറിയില്ലെന്ന് അവളോട് ഞാൻ പറഞ്ഞു. കുറച്ച് നാൾ കാത്തിരിക്കാമോ എന്നും ഞാൻ ചോദിച്ചു. അവൾ കാത്തിരിക്കാൻ തയ്യാറായി." സിദ്ധാന്ത് ചതുർവേദി പറയുന്നു.
"പക്ഷേ, ഈ വിവാഹം കഴിക്കാനുള്ള ആവശ്യം കൂടിയാകുമ്പോൾ അത് എനിക്ക് കൂടുതൽ സമ്മർദം ഉണ്ടാക്കുകയാണെന്ന് അവൾ മനസിലാക്കി.അതുകൊണ്ട് തന്നെ ഞങ്ങൾ തമ്മിലുള്ള ബന്ധം പിരിയാമെന്ന നിർദേശം അവൾ മുന്നോട്ടുവെച്ചു. 'നിനക്ക് മുൻപിലുള്ളത് ഒരു വലിയ യാത്രയാണ്. അവിടെ നിനക്ക് കൂടുതൽ സമ്മർദം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നീ നിന്റെ സ്വപ്‌നങ്ങൾ നേടിയെടുക്കൂ. നമുക്ക് പിരിയാം. പക്ഷെ നമ്മൾ പിരിഞ്ഞതിനോളം വിലയുള്ളതായി തീരണം നിന്റെ സ്വപ്‌നവും മുന്നോട്ടുള്ള യാത്രകളും.നമ്മുടെ ബ്രേക്ക് അപ്പ് വെറുതെയായി പോകരുത്' എന്നായിരുന്നു അവൾ പറഞ്ഞത്." സിദ്ധാന്ത് ചതുർവേദി പറയുന്നു.
"ഗള്ളി ബോയ് റിലീസ് ആയ സമയത്ത് ആദ്യത്തെ മെസേജ് അവളുടേതായിരുന്നു. നീ വാക്ക് പാലിച്ചു എന്നായിരുന്നു അവൾ പറഞ്ഞത്. പക്ഷേ അപ്പോഴേക്കും അവളുടെ വിവാഹമെല്ലാം കഴിഞ്ഞിരുന്നു. എന്റെ സ്വപ്‌നവും എന്റെ പ്രണയവും തമ്മിൽ നേർക്കുനേർ വന്നപ്പോൾ ഞാൻ എന്റെ സ്വപ്‌നം തിരഞ്ഞെടുക്കുകയായിരുന്നു." സിദ്ധാന്ത് ചതുർവേദി കൂട്ടിച്ചേർത്തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ