ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി ഡബ്ല്യുസിസി ഒന്നും ചെയ്തിട്ടില്ല: സിദ്ദിഖ്

By Web TeamFirst Published Nov 6, 2019, 12:20 PM IST
Highlights

"നടി ആക്രമിക്കപ്പെട്ട ഉടന്‍ തന്നെ അമ്മ ഭാരവാഹികളാണ് മുഖ്യമന്ത്രിയെയും ഡിജിപിയെയും കണ്ടത്. ആക്രമിക്കപ്പെട്ട നടിയോട് താന്‍ ഫോണിലൂടെയും നേരിട്ടും സംസാരിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ ചിലത് എഴുതിപ്പിടിപ്പിച്ചതല്ലാതെ മറ്റെന്താണ് ഡബ്ല്യുസിസി ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി ചെയ്തത്?"

ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി (വിമെന്‍ ഇന്‍ സിനിമ കളക്ടീവ്) ഒന്നും ചെയ്തിട്ടില്ലെന്ന് നടന്‍ സിദ്ദിഖ്.  'സമൂഹമാധ്യമങ്ങളില്‍ തോന്നിയതൊക്കെ എഴുതിവിടുക മാത്രമാണ് അവര്‍ ചെയ്തത്.' താരസംഘടനയായ അമ്മ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും സിദ്ദിഖ് പറഞ്ഞു. 

കേരള പൊലിസ് അസോസിയേഷനും എറണാകുളം റൂറല്‍ ജില്ലാ പൊലിസും സംയുക്തമായി നടത്തിയ 'പൊലിസ് അനുഭവങ്ങളിലൂടെ സിദ്ദിഖ്' എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഡബ്ല്യുസിസിക്കെതിരെ സിദ്ദിഖ് വീണ്ടും രംഗത്തെത്തിയത്. പൊലീസ് വേഷങ്ങളിലൂടെ ശ്രദ്ധേയനായ സിദ്ദിഖിനെ പൊലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനായുള്ള പരിപാടിയുടെ ഭാഗമായാണ് സംഘാടകര്‍  ക്ഷണിച്ചത്. നടിയെ ആക്രമിച്ച കേസിലെ നിലപാടുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് സിദ്ദിഖ് ഡബ്ല്യുസിസിക്കെതിരെ കടുത്ത വിമര്‍ശനം നടത്തിയത്.  നടി ആക്രമിക്കപ്പെട്ട ഉടന്‍ തന്നെ അമ്മ ഭാരവാഹികളാണ് മുഖ്യമന്ത്രിയെയും ഡിജിപിയെയും കണ്ടത്. ആക്രമിക്കപ്പെട്ട നടിയോട് താന്‍ ഫോണിലൂടെയും നേരിട്ടും സംസാരിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ ചിലത് എഴുതിപ്പിടിപ്പിച്ചതല്ലാതെ മറ്റെന്താണ് ഡബ്ല്യുസിസി ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി ചെയ്തതെന്നും സിദ്ദിഖ് ചോദിച്ചു. 

സംഭവം നടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ പ്രതി സുനില്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും ഇയാളെ നടി തിരിച്ചറിഞ്ഞിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു. നാല് മാസത്തിന് ശേഷമാണ് പ്രതി, നടന്‍ ദിലീപിന്റെ പേര് പറഞ്ഞതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക്കും പരിപാടിയില്‍ പങ്കെടുത്തു.

click me!