
അന്തരിച്ച നടി കെപിഎസി ലളിതയുടെ(KPAC Lalitha) ജന്മദിനത്തിൽ തിരികെ ജോലിയിലേക്ക് മടങ്ങുന്നുവെന്ന് അറിയിച്ച് മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍(Sidharth Bharathan). അമ്മ മരിച്ചിട്ട് ഇന്നലെ പതിനാറ് ദിവസമായെന്നും ദുഃഖാചരണം അവസാനിപ്പിക്കുകയാണെന്നും സിദ്ധാര്‍ത്ഥ് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ആയിരുന്നു സിദ്ധാർത്ഥിന്റെ ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ചത്.
'അമ്മയുടെ വിയോഗത്തിന് ശേഷമുള്ള 16-ാം ദിവസമായിരുന്നു ഇന്നലെ. ദുഃഖാചരണത്തിന്റെ ഔദ്യോഗികമായി അന്ത്യം കുറിക്കുന്നു.. ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ്. ശുഭകരമായ ഈ ദിവസം തന്നെ എന്റെ പുതിയ ചിത്രമായ ‘ജിന്നി’ന്റെ ടീസർ റിലീസ് ചെയ്തുകൊണ്ട് ജോലിയിലേക്ക് തിരികെ പ്രവേശിക്കാമെന്നു കരുതി. അമ്മയുടെ വിയോഗത്തിൽ നിന്നും കരകയറാൻ നിങ്ങളുടെ പിന്തുണയും അനുഗ്രഹവും ആവശ്യമാണ്', എന്നായിരുന്നു സിദ്ധാര്‍ത്ഥ് കുറിച്ചത്.
അതേസമയം, സിദ്ധാർത്ഥിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ജിന്ന് എന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സൗബിന്‍ ഷാഹിറാണ് നായകൻ. വര്‍ണ്യത്തില്‍ ആശങ്ക' എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സമീര്‍ താഹിറിന്‍റെ 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സ്ട്രെയ്റ്റ് ലൈന്‍ സിനിമാസിന്‍റെ ബാനറില്‍ സുധീര്‍ വികെ, മനു, അബ്ദുള്‍ ലത്തീഫ് വടുക്കൂട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, കെപിഎസി ലളിത, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവര്‍ അഭിനയിക്കുന്നു.
ഫെബ്രുവരി 22നായിരുന്നു മലയാളികളുടെ പ്രിയ നടി ഓർമയായത്. ക്യാരക്ടര്‍ റോളുകളിലൂടെ മലയാളികളെ പല അനുഭവ തലങ്ങളിലെത്തിച്ച പ്രതിഭാധനരായ അഭിനേതാക്കളുടെ ഒരു തലമുറയിലെ പ്രധാന കണ്ണിയെയാണ് ലളിതയിലൂടെ നഷ്ടമായത്. നവ്യാ നായരുടെ ഒരുത്തീ, മമ്മൂട്ടിയുടെ ഭീഷ്മപർവ്വം എന്നീ ചിത്രങ്ങളിലാണ് കെപിഎസി ലളിത അവസാനമായി അഭിനയിച്ചത്.
ജന്മം കൊണ്ട് കായകുളം സ്വദേശിയാണെങ്കിലും ഭരതനുമായുള്ള വിവാഹത്തിന് ശേഷം എങ്കക്കാടുമായി ലളിത ആത്മബന്ധം പുലർത്തിയിരുന്നു. 1998-ൽ സംവിധായകൻ ഭരതൻ മരിച്ച ശേഷമാണ് അദ്ദേഹത്തിൻ്റെ ജന്മനാട്ടിൽ ലളിത പുതിയ വീട് വച്ചത്. 2004-ൽ ആണ് ഈ ഓർമ എന്ന് പേരിട്ട ഈ വീടിൻ്റെ നിർമ്മാണം പൂർത്തിയായത്. 2004 മുതൽ ഈ വീട്ടിലാണ് ലളിത താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് വിവിധ സ്ഥലങ്ങളിലേക്ക് ഷൂട്ടിംഗിനും മറ്റും പോയത്. നാട്ടിലെ പ്രധാനപ്പെട്ടതും അല്ലാത്തതുമായ എല്ലാ സാംസ്കാരിക - കലാപരിപാടികളിലും അവർ സജീവമായി പങ്കെടുത്തിരുന്നു. ഒടുവിൽ അവരുടെ ആഗ്രഹപ്രകാരം തന്നെ പാലിശ്ശേരി തറവാടിനും ഓർമയെന്ന വീടിനും അരികിലായും ഭരതൻ്റെ ശവകുടീരത്തിന് രണ്ടടി അകലെയായും ലളിതയ്ക്ക് നിത്യനിദ്രയൊരുങ്ങി.
Read Also: Djinn Teaser : ഭയവും ആകാംഷയും നിറച്ച് സൗബിന്റെ ജിന്ന് ടീസർ പുറത്തിറങ്ങി