
സിദ്ധാര്‍ഥ് മല്‍ഹോത്രയും തമന്ന ഭാട്ടിയയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഫോക്ക് ത്രില്ലർ ‘വ്വാൻ-ഫോഴ്‌സ് ഓഫ് ദി ഫോറസ്റ്റ്’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. 2026 മെയ് 15ന് ചിത്രം തിയറ്ററുകളിൽ എത്തും. അരുണാഭ് കുമാറും ദീപക് മിശ്രയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ടിവിഎഫുമായി സഹകരിച്ച് ഏകതാ ആർ കപൂറിൻ്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡ് ആണ് ചിത്രം നിർമിക്കുന്നത്. ഫാന്റസി എലമെന്റുകൾ അടക്കം ഉൾപ്പെടുത്തിയുള്ളതാകും സിനിമ എന്നാണ് പുതിയ പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. സ്ത്രീ 2വിന് ശേഷം തമന്ന അഭിനയിക്കുന്ന ബോളിവുഡ് ചിത്രം കൂടിയാണ് വ്വാൻ.
സാഗര്‍ ആംമ്പ്രയുടെയും പുഷ്‍കര്‍ ഓജയുടെയും സംവിധാനത്തില്‍ ഉള്ള യോദ്ധയാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയതും ഹിറ്റായതും. ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്. വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദൈര്‍ഘ്യം 130 മിനിറ്റാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ്‍ തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും വേഷമിടുന്നുണ്ട്.
യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായി മാറിയതെന്നായിരുന്നു അഭിപ്രായം. മുൻ പടങ്ങളായ ജബരിയാ ജോഡി, ഷേര്‍ഷാ തുടങ്ങിയവയ്ക്ക് പുറമേ താങ്ക് ഗോഡ്, എക് വില്ലൻ, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തുടങ്ങിവയിലൂടെയും പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. ഒഡേല2 ആണ് തമന്നയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. അശോക് തേജ സംവിധാനം ചെയ്ത ചിത്രം നിലവില്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..