'ജനങ്ങൾ ഒന്നാകെ അംഗീകരിക്കുമ്പോഴും ചിലർക്ക് അത് ഉൾക്കൊള്ളാൻ വലിയ ബുദ്ധിമുട്ടാണ്...'; കുറിപ്പുമായി സിദ്ദു പനയ്ക്കൽ

Published : Oct 08, 2025, 02:34 PM IST
adoor sidhu panakkal mohanlal

Synopsis

ജനങ്ങൾ ഒന്നാകെ മോഹൻലാൽ എന്ന നടനെ അംഗീകരിക്കുമ്പോഴും ചിലർക്ക് അത് ഉൾക്കൊള്ളാൻ വലിയ ബുദ്ധിമുട്ടാണെന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സിദ്ദു പനയ്ക്കൽ പറയുന്നത് വാണിജ്യ സിനിമകളാണ് ഇൻഡസ്ട്രിക്ക് ആവശ്യമെന്നും സിദ്ദു വിമർശിച്ചു. 

ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിച്ചത് വലിയ വാർത്തയായിരുന്നു. പരിപാടിയിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശവും, തുടർന്ന് മോഹൻലാൽ നൽകിയ മറുപടിയും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തുടർന്ന് നിരവധി പേരാണ് അടൂരിനെ വിമർശിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ അടൂരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ജനങ്ങൾ ഒന്നാകെ മോഹൻലാൽ എന്ന നടനെ അംഗീകരിക്കുമ്പോഴും ചിലർക്ക് അത് ഉൾക്കൊള്ളാൻ വലിയ ബുദ്ധിമുട്ടാണെന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സിദ്ദു പനയ്ക്കൽ പറയുന്നത്. ലക്ഷക്കണക്കിനാളുകൾ ജോലി ചെയ്യുന്ന തൊഴിലിടമാണ് സിനിമയെന്നും ഇത്രയധികം ആളുകൾക്ക് ജോലി ലഭിക്കണമെങ്കിൽ നിരന്തരം സിനിമയുണ്ടാവണമെന്നും ഓണത്തിനും സംക്രാന്തിക്കും സിനിമയെടുത്താൽ ഇൻഡസ്ട്രി നിലനിൽക്കില്ലെന്നും സിദ്ദു പനയ്ക്കൽ ചൂണ്ടികാണിക്കുന്നു.

കഴിഞ്ഞ ദിവസം നടൻ ബൈജു സന്തോഷ് അടൂരിനെതിരെ സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തിരുന്നു. അടൂരിന്റെ സിനിമയിൽ അഭിനയിക്കാതിരുന്നത് കൊണ്ടാണ് മോഹൻലാൽ സൂപ്പർസ്റ്റാർ ആയത് എന്നായിരുന്നു ബൈജുവിന്റെ പ്രതികരണം. നിരവധി പേരാണ് ബൈജുവിനെ പിന്തുണച്ച് കൊണ്ട് കമന്റ് ചെയ്തത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

ലക്ഷക്കണക്കിനാളുകൾ ജോലി ചെയ്യുന്ന തൊഴിലിടമാണ് സിനിമ. ഇത്രയധികം ആളുകൾക്ക് ജോലി ലഭിക്കണമെങ്കിൽ എന്തുണ്ടാവണം നിരന്തരമായി സിനിമയുണ്ടാവണം. അങ്ങനെ സിനിമയെടുക്കുന്ന നിർമ്മാതാക്കൾ ഉണ്ടാവണം സംവിധായകർ ഉണ്ടാവണം. പണ്ട് കാരണവന്മാർ പറയുന്നതുപോലെ ഓണത്തിനും സംക്രാന്തിക്കും അല്ലെങ്കിൽ നാലോ അഞ്ചോ കൊല്ലം കൂടുമ്പോൾ, അല്ലെങ്കിൽ 10 കൊല്ലത്തിൽ ഒരിക്കൽ ഒരു സിനിമ എടുത്താൽ സിനിമ എന്ന ഇൻട്രസ്ട്രി നിലനിൽക്കില്ല. ഞാൻ പഠിക്കുന്ന കാലത്തൊക്കെ ചില സിനിമകൾക്ക് ഉച്ചപ്പടം എന്നാണ് പേര്. എവിടെയെങ്കിലും ഒരു തിയേറ്ററിൽ ഒരു ഷോ കളിക്കും ഉച്ചയ്ക്ക്. എനിക്ക് അങ്ങനെയുള്ള സിനിമകൾ കാണാൻ പേടിയാണ്. മറ്റൊന്നും കൊണ്ടല്ല തീയേറ്ററിൽ ആളുണ്ടാവില്ല ഇരുട്ടു നിറഞ്ഞ തീയേറ്ററിൽ കുട്ടിക്കാലത്ത് ഒറ്റയ്ക്കിരുന്ന് സിനിമ കാണുക എന്ന് പറഞ്ഞാൽ ഭയാനകം തന്നെയായിരുന്നു. ഒരുതരത്തിൽ പറഞ്ഞാൽ പത്തായത്തിൽപെട്ട എലിയെ പോലെ.

മാത്രമല്ല എനിക്ക് മനുഷ്യനു മനസ്സിലാകാത്ത സിനിമകൾ കാണാൻ ഇഷ്ടവുമല്ലായിരുന്നു. എനിക്ക് മനസ്സിലാകാത്തത് എന്റെ വിവരമില്ലായ്മ കൊണ്ടായിരിക്കാം. ഞാൻ എന്നും കമെഷ്സ്യൽ സിനിമകളുടെ ആരാധകനാണ്. കാരണം സിനിമ പ്രവർത്തകർ ക്ക്‌ ജീവിക്കണമെങ്കിൽ കാശ് വേണം . കാശുണ്ടാവണമെങ്കിൽ തീയേറ്ററുകൾ നിറഞ്ഞൊഴുകുന്ന സിനിമകൾ വേണം. സ്ഥിരതയുള്ള നിർമാതാക്കൾ വേണം. തിയേറ്ററിന് മുന്നിൽ ആളും ആരവവും വേണം. വ്യക്തിപരമായി പറയുകയാണെങ്കിൽ എനിക്കിഷ്ടം തന്റേടമുള്ള ക്യാരക്ടറുകളെ അവതരിപ്പിക്കുന്ന താരങ്ങളെയാണ്. അതായത് അല്പസ്വല്പം റൗഡിസം ഒക്കെയുള്ള ക്യാരക്ടറുകൾ അവതരിപ്പിക്കുന്നവരെ.

റൗഡിസത്തിൽ നിന്ന് നേരെ കഥകളിയിലേക്ക്, കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയെ ലാഭേഛ കൂടാതെ വെള്ളിത്തിരയിൽ എത്തിക്കാൻ നവരസങ്ങളുടെ ഈ രാജാവ് തന്നെ അവതരിക്കേണ്ടിവന്നു. അവാർഡുകൾ അംഗീകാരങ്ങളാണ്. ലഭിക്കുന്നവർക്ക് അഭിമാനവുമാണ്. അവാർഡുകൾ വാങ്ങണമെങ്കിൽ മനുഷ്യൻ കാണാത്ത സിനിമയിൽ അഭിനയിക്കണമെന്നില്ല. കമെഷ്സ്യൽ വാല്യൂ ഉള്ള സിനിമയിൽ അഭിനയിച്ചിട്ടാണ് ലാലേട്ടന് മിക്കവാറും പുരസ്കാരങ്ങളെല്ലാം ലഭിച്ചിട്ടുള്ളത്. സ്വന്തം നേട്ടത്തിനല്ലാതെ,സിനിമ പ്രവർത്തകർക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത സിനിമകൾ എടുക്കുന്നവരേക്കാൾ എനിക്കിഷ്ടം 10 പേർക്ക് തൊഴിൽ കൊടുക്കുന്ന സിനിമ എടുക്കുന്ന വരെയാണ് പറഞ്ഞുവന്നത് ലാലേട്ടന് ദാദാസാഹിബ് ഫാൽകെ അവാർഡ് ലഭിച്ചപ്പോൾ ഗവൺമെന്റ് ലാലേട്ടനെ ആദരിക്കുന്ന ചടങ്ങുകൾ ടിവിയിൽ ലൈവ് കണ്ടുകൊണ്ടിരുന്നപ്പോൾ തോന്നിയ ചില കാര്യങ്ങളാണ്.

ഓരോ മേഖലയിലെയും പ്രശസ്തർക്ക്, അവരുടെ തുടക്കകാലങ്ങളിൽ പല തരത്തിലുള്ള തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട് അപമാനം സഹിക്കേണ്ടി വന്നിട്ടുണ്ട്, കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെയെല്ലാം തരണം ചെയ്ത് വിജയിച്ചവരാണ് ഓരോ മേഖലയിലെയും വമ്പന്മാർ. തുടക്കകാലത്ത് പലതരം അവമതിപ്പുകൾക്കും പാത്രമാകുന്നവർ പ്രശസ്തരാകുമ്പോൾ മുൻപ് അവഗണിച്ചവരും അപമാനിച്ചവരും ഇവരെ പുകഴ്ത്താൻ തുടങ്ങും. ചില നേട്ടങ്ങൾ തങ്ങളുടെ ശ്രമഫലമായാണ് എന്നും അവകാശപ്പെടും. ലാലേട്ടന്റെ കാര്യവും വ്യത്യസ്തമല്ല ആദ്യകാലങ്ങളിൽ ഭംഗിയുടെ കാര്യത്തിലും ചരിഞ്ഞ നടത്തത്തിന്റെ പേരിലും ഒക്കെ അദ്ദേഹം വിമർശിക്കപ്പെട്ടിട്ടുണ്ട് പിന്നീട് അഭിനയത്തിലും പ്രശസ്തിയിലും ലോകനിലവാരത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച, ഉയർച്ച നമ്മൾ കണ്ടതാണ്. ജനങ്ങൾ നെഞ്ചോട് ചേർത്ത, തങ്ങളിൽ ഒരാളായി കരുതുന്ന കലാകാരന്മാർക്ക് പുരസ്കാരങ്ങൾ ലഭിക്കുമ്പോൾ മാത്രമേ ആളും ആരവവും അഭിനന്ദനങ്ങളും ആഘോഷങ്ങളും ആർപ്പുവിളികളും ഉണ്ടാവുകയുള്ളു.

ജനങ്ങൾ ഒന്നാകെ അംഗീകരിക്കുമ്പോഴും ചിലർക്ക് അത് ഉൾക്കൊള്ളാൻ വലിയ ബുദ്ധിമുട്ടാണ്. മനസ്സിൽ പതിഞ്ഞുപോയ ഇമേജുകളെ മാറ്റി ചിന്തിക്കാൻ പറ്റാത്തവരെ കൊണ്ടുപോലും പൊതുവേദിയിൽ ''തന്നെ' അംഗീകരിപ്പിക്കുക എന്നുള്ളത് വലിയ കാര്യമാണ് വളരെ വലിയ കാര്യം. അതാണ്‌ ഞങ്ങളുടെ ലാലേട്ടൻ. താരങ്ങളുടെ താരം.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍