Pathonpathaam Noottandu : 'പത്തൊൻപതാം നൂറ്റാണ്ടി'ന്റെ അറ്റ്‍മോസ് മിക്സിംഗ് പൂർത്തിയായി

By Web TeamFirst Published Jul 2, 2022, 1:42 PM IST
Highlights

അടുത്ത ദിവസങ്ങളിൽ തന്നെ റിലീസ് ഡേറ്റ് പ്രഖ്യാപിക്കുമെന്നും വിനയൻ അറിയിച്ചു (Pathonpathaam Noottandu).
 

സിജു വില്‍സണ്‍ നായകനാകുന്ന ചിത്രമാണ് പത്തൊൻമ്പതാം നൂറ്റാണ്ട്. പത്തൊൻപതാം നൂറ്റാണ്ട് കാലഘട്ടത്തെ നവോത്ഥാന നായകനായ ആറാട്ട് വേലായുധ പണിക്കരായാണ് സിജു വില്‍സണ്‍ അഭിനയിക്കുന്നത്. വിനയൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അറ്റ്‍മോസ് മിക്സിംഗ് പൂർത്തിയായി അറിയിച്ചിരിക്കുകയാണ് വിനയൻ (Pathonpathaam Noottandu).

വിനയന്റെ കുറിപ്പ്

പത്തൊൻപതാം നൂറ്റാണ്ടിന്റെ അറ്റ്‍മോസ് മിക്സിംഗ് പൂർത്തിയായി. അടുത്ത ദിവസങ്ങളിൽ തന്നെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്യുന്നതാണ്. പുതിയ ട്രെയിലറും റിലീസിനു മുൻപായി നിങ്ങളുടെ മുന്നിലെത്തും.. ഈ ചിത്രത്തിൽ സിജു വിത്സൺ എന്ന യുവനായകന്റെ ആക്ഷൻ രംഗങ്ങളും അഭിനയവും പ്രേക്ഷകർ ഇഷ്‍ടപ്പെടും ചർച്ച ചെയ്യപ്പെടും എന്നു ഞാൻ വിശ്വസിക്കുന്നുസിജുവിനോടൊപ്പം അനുപ് മേനോനും സുരേഷ് കൃഷ്‍ണയും, ഇന്ദ്രൻസും, സുദേവ് നായരും അടങ്ങിയ അൻപതോളം പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്.. ഷാജികുമാറും, വിവേക് ഹർഷനും, സന്തോഷ് നാരായണനും,എം ജയചന്ദ്രനും, അജയൻ ചാലിശ്ശേരിയും, എൻ എം ബാദുഷയും, പട്ടണം റഷീദും,ധന്യാ ബാലകൃഷ്‍ണനും സുപ്രീം സുന്ദറും അടങ്ങിയ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരുടെ ഒരു വലിയ നിര എന്നോടൊപ്പം ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന, നവോത്ഥാന നായകനായ ധീര സാഹസികൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന ഈ ചരിത്ര സിനിമ എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. എല്ലാ സുഹൃത്തുക്കളുടെയും സപ്പോർട്ട് ഉണ്ടാകുമല്ലോ?

'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രം തിയറ്ററുകളില്‍ തന്നെയാകും റിലീസ് ചെയ്യുകയെന്ന് നേരത്തെ വിനയൻ അറിയിച്ചിരുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ പറ്റുന്ന വിനോദമാണ് സിനിമ. വർണ്ണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്‍ദവിന്യാസത്തിന്‍റെയും വിസ്‍മയക്കാഴ്‍ചയായ സിനിമ നല്ല തിയറ്ററുകളിലെ സാങ്കേതിക സൗകര്യത്തോടു കൂടി കണ്ടാലേ അതിന്‍റെ പൂർണ്ണ ആസ്വാദനത്തിലെത്തൂ. 

ഒടിടി പ്ലാറ്റ്‍ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾ  ഫോണിന്‍റെ സ്‍ക്രീനിൽ കണ്ടു തൃപ്‍തിയടയുന്നവരും ഉണ്ടല്ലോ? ഉള്ളതുകണ്ട് ഉള്ളപോലെ തൃപ്‍തിയാവുക എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ച് പറയാനാകൂ. അതുകൊണ്ടു തന്നെ നൂറുകണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും നിരവധി ആക്ഷൻ സ്വീക്വൻസുകളും ഒക്കെയുള്ള 'പത്തൊമ്പതാം നൂറ്റാണ്ട്' എത്ര കാത്തിരുന്നാലും ശരി തിയറ്ററുകളിൽ മാത്രമേ റിലീസി ചെയ്യൂ എന്ന തീരുമാനമാണ് ഞങ്ങൾ  എടുത്തിരിക്കുന്നത്. വലിയ താരപദവിയും ജനകീയമായ അംഗീകാരവുമൊക്കെ സിനിമക്കാർ നേടിയെടുത്തതിൽ തിയറ്ററുകളിലെ ആരവങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു എന്ന കാര്യം സിനിമാക്കാരെങ്കിലും മറക്കരുത് എന്ന് വിനയൻ കൊവിഡ് കാലത്ത് ഫേസ്‍ബുക്കില്‍ എഴുതിയിരുന്നു.

Read More : വിജയ് ദേവെരകൊണ്ടയുടെ മുഖം ടാറ്റ് ചെയ്‍തു, ആരാധികയെ കാണാനെത്തി താരം

click me!