Latest Videos

ദുല്‍ഖറിന് പകരം? 'തഗ് ലൈഫി'ല്‍ കമല്‍ ഹാസനൊപ്പമെത്തുന്ന ആ താരം ആരെന്ന് പ്രഖ്യാപിച്ച് മണി രത്നം

By Web TeamFirst Published May 8, 2024, 11:01 AM IST
Highlights

ബോര്‍ഡര്‍ പട്രോള്‍ എന്നെഴുതിയിരിക്കുന്ന ഒരു എസ്‍യുവിയില്‍ തോക്ക് ധാരിയായി ഡ്രൈവിംഗ് സീറ്റിലാണ് നടനെ മണി രത്നം അവതരിപ്പിച്ചിരിക്കുന്നത്

കഴിഞ്ഞ വര്‍ഷാവസാനം പ്രഖ്യാപനം നടന്നതുമുതല്‍ പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന പ്രോജക്റ്റ് ആണ് തഗ് ലൈഫ്. മണി രത്നത്തിന്‍റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറം നായകനാവുന്ന ചിത്രം എന്നതാണ് ഈ സിനിമയുടെ പ്രാധാന്യം. ജയം രവി, തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, അഭിരാമി, നാസര്‍ എന്നിങ്ങനെ വലിയ താരനിര ഉണ്ടാവുമെന്ന് ടൈറ്റിലിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം വന്ന സിനിമയാണിത്. എന്നാല്‍ ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് ദുല്‍ഖറും ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നാണ് വിവരം. പുതിയ അപ്ഡേഷനുകളില്‍ ഇരുവരുടെയും പേരുകള്‍ ഒഴിവാക്കിയിട്ടുമുണ്ട്.

ദുല്‍ഖര്‍ ഒഴിഞ്ഞ കസേരയിലേക്ക് വരിക ചിമ്പു ആയിരിക്കുമെന്ന് നേരത്തേ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ദില്ലി ലൊക്കേഷനില്‍ നിന്നുള്ള ചിമ്പുവിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. എന്നാല്‍ ചിമ്പു തഗ് ലൈഫില്‍ ഉണ്ടെന്ന ഔദ്യോഗിക പ്രഖ്യാപനം എത്തിയിരുന്നില്ല. ഇപ്പോഴിതാ അക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. രാജ്കമല്‍ ഫിലിംസ് പുറത്തിറക്കിയിരിക്കുന്ന ഒരു വീഡിയോയിലൂടെയാണ് ഈ കാസ്റ്റിംഗ് അനൗണ്‍സ്‍മെന്‍റ് നടന്നിരിക്കുന്നത്.

ബോര്‍ഡര്‍ പട്രോള്‍ എന്നെഴുതിയിരിക്കുന്ന ഒരു എസ്‍യുവിയില്‍ തോക്ക് ധാരിയായി ഡ്രൈവിംഗ് സീറ്റിലാണ് ചിമ്പുവിനെ മണി രത്നം അവതരിപ്പിച്ചിരിക്കുന്നത്. മുടി നീട്ടി, കുറ്റിത്താടി വച്ചാണ് കഥാപാത്രത്തിനായുള്ള ചിമ്പുവിന്‍റെ ഗെറ്റപ്പ്. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കും തഗ് ലൈഫ് എന്നാണ് സൂചന. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണി രത്‌നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ്  മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നീ ബാനറുകളില്‍ കമൽഹാസൻ, മണിരത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ALSO READ : ധ്യാന്‍, സൗബിന്‍, ദിലീഷ്, നമിത; ബോബൻ സാമുവലിന്‍റെ 'മച്ചാൻ്റെ മാലാഖ' തിയറ്ററുകളിലേക്ക്

click me!