
ലോകമെമ്പാടും ഒട്ടനവധി ആരാധകരുള്ള ഗായകനാണ് അദ്നാൻ സമി. ഒരു കാലത്ത് അദ്നാൻ സമിയുടെ പാട്ടുകൾ യുവാക്കൾക്കിടയിൽ ഹരമായിരുന്നു. പ്രണയം, വിരഹം, വിഷാദം, സന്തോഷം തുടങ്ങി ഏത് മൂഡിലുള്ള ഗാനമായാലും അദ്ദേഹത്തിന്റെ ശബ്ദത്തിൽ കേൾക്കുമ്പോഴുള്ള ഫീൽ വേറെയാണെന്ന് ഏവരും പറയുമായിരുന്നു. അന്നൊക്കെ അദ്നാൻ സമി പാടി അഭിനയിച്ച ഗാനങ്ങളും വലിയ പ്രചാരം നേടിയിരുന്നു. ഇന്നും ആ ഖ്യാതിയ്ക്ക് കുറവൊന്നും സംഭവിച്ചിട്ടുമില്ല.
നല്ല രീതിയിൽ ശരീര ഭാരവും വണ്ണവും ഉണ്ടായിരുന്ന ആളായിരുന്നു അദ്നാൻ സമി. പലപ്പോഴും ബോഡി ഷെയ്മിങ്ങിനും അദ്ദേഹം പാത്രമായിരുന്നു. ഇപ്പോഴിതാ 230 കിലോ ശരീരഭാരം എങ്ങനെ താൻ കുറച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്നാൻ സമി. ആപ് കി അദാലത്ത് എന്ന ടെലിവിഷൻ ഷോയിൽ ആയിരുന്നു ഗായകന്റെ തുറന്നു പറച്ചിൽ.
2006ലാണ് തന്റെ ശരീര ഭാരം കുറക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയകതെന്നും അന്ന് തന്റെ അച്ഛൻ പാൻക്രിയാസ് ക്യാൻസർ ബാധിതനായിരുന്നുവെന്ന് അദ്നാൻ സമി ഓർക്കുന്നു. ‘ഒരിക്കൽ അദ്ദേഹം എന്നെയും കൊണ്ട് ലണ്ടനിലുള്ള ഒരു ആശുപത്രിയിൽ പോയി. നിങ്ങളുടെ പരിശോധാഫലങ്ങളെല്ലാം ബോർഡർ ലൈനിലാണ് നിൽക്കുന്നത്. ഈ ജീവിതശൈലി തന്നെ തുടരുകയാണെങ്കിൽ, ആറു മാസം കഴിഞ്ഞ് നിങ്ങളുടെ മാതാപിതാക്കൾ ഒരു ഹോട്ടൽ മുറിയിൽ നിങ്ങളെ മരിച്ച നിലയിൽ കണ്ടെത്തും’എന്ന് ഡോക്ടർ അദ്നാനോട് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഡോക്ടറുടെ ആ വാക്കുകൾ തന്നെ ഞെട്ടിച്ചുവെന്നും ഗായകൻ പറയുന്നു.
"അന്ന് വൈകുന്നേരം നേരെ പോയത് ഒരു ബേക്കറിയിലേക്കാണ്. പേസ്ട്രി അടക്കുമുള്ളവ എടുത്തു. അച്ഛന് ദേഷ്യം വന്നു. ഒപ്പം കരച്ചിലും. ആ രാത്രിയിൽ അച്ഛൻ പറഞ്ഞു മോനേ..നീ എനിക്കൊരു വാക്ക് തരണം. ഞാൻ നിന്റെ മൃതദേഹം കുഴിമാടത്തിൽ ഇടില്ല. നീയാണ് എന്റെ ശരീരം കുഴിമാടത്തിൽ ഇടേണ്ടതെന്ന് കരഞ്ഞ് കൊണ്ട് പറഞ്ഞു. ആ നിമിഷം മുതൽ വണ്ണം കുറയ്ക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. ആറ് മാസത്തിനിടെ 120 കിലോ കുറച്ചു. സർജറികളൊന്നും ഞാൻ ചെയ്തിട്ടില്ല. പകരം ന്യൂട്രീഷ്യൻ എനിക്കായി ഭക്ഷണക്രമം തയ്യാറാക്കി തന്നു. ഞാൻ ശരീരഭാരം കുറയ്ക്കാൻ തുടങ്ങി. പഞ്ചസാര, മദ്യം, ചോറ്, റൊട്ടി, മദ്യം, എണ്ണ എന്നിവ ഒഴിവാക്കി", എന്നും അദ്നാൻ സമി പറഞ്ഞു.