
കോട്ടയം: പഠനത്തില്‍ മോശമാണെന്നതിന്‍റെ പേരില്‍ സ്കൂളില്‍ നിന്ന് ഇറക്കി വിട്ട വിദ്യാര്‍ത്ഥി അതേ സ്കൂളിലെ വാര്‍ഷിക ആഘോഷത്തില്‍ അതിഥിയായെത്തി. സിയാദ് ഷാജഹാന്‍ എന്ന പേര് തിരിച്ചറിയാത്തവര്‍ പോലും സോഷ്യല്‍ മീഡിയയിലെ രമണനെ അറിയും. ഡബ്സ്മാഷിലെ രമണന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സിയാദ് മുഹമ്മദ്. അടുത്തിടെ പുറത്തിറങ്ങിയ 'അഡാര്‍ ലൗ'വിലെ ഫ്രാന്‍സിസ് ജെ മണവാളന്‍ എന്ന സിയാദിന്‍റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്‍റെ ജീവിതത്തിലെ ഒരു നിര്‍ണായക സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സിയാദ് ഇപ്പോള്‍. 'വനിത'ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിയാദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സിയാദ് പത്താം ക്ലാസ് വരെ പഠിച്ച മുണ്ടക്കയം പബ്ലിക് സ്കൂള്‍ നൂറുശതമാനം വിജയം പ്രതീക്ഷിച്ചിരുന്ന സ്കൂളാണ്. പഠനത്തില്‍ അത്ര നല്ല പ്രകടനം കാഴ്ച വയ്ക്കാത്തതിനാല്‍ ഏഴാം ക്ലാസില്‍ സ്കൂളില്‍ നിന്നും മാറണമെന്ന് സ്കൂള്‍ അധികൃതര്‍ സിയാദിനോട് ആവശ്യപ്പെട്ടു. സുഹൃത്തുക്കളെ പിരിയാനുള്ള വിഷമത്താല്‍ സിയാദ് സ്കൂള്‍ വിട്ടുപോകാന്‍ സമ്മതിച്ചില്ല. ഒടുവില്‍ സിയാദിന്‍റെ കുടുംബത്തിന്‍റെ അപേക്ഷയെ തുടര്‍ന്ന് സ്കൂള്‍ വിട്ടുപോകണമെന്ന തീരുമാനത്തില്‍ നിന്ന് അധികൃതര്‍ പിന്മാറി. എന്നാല്‍ എട്ടാം ക്ലാസില്‍ നിര്‍ബന്ധപൂര്‍വ്വം സ്കൂളില്‍ നിന്ന് പറഞ്ഞുവിട്ടു. പിന്നീട് സ്കൂളിലെ വാര്‍ഷികാഘോഷത്തിന് കൂട്ടുകാരെ കാണാനെത്തിയ സിയാദിനെ അധ്യാപിക ശകാരിച്ച് ഇറക്കി വിടുകയായിരുന്നു. ‘‘നിന്നെ ഇവിടുന്നു പറഞ്ഞു വിട്ടതല്ലേ, പിന്നെന്തിനാ വന്നത്’’ എന്നും ചോദിച്ച് അധ്യാപിക ദേഷ്യപ്പെട്ടു. ഏറെ വിഷമിപ്പിച്ച ഈ സംഭവത്തിന് ശേഷം ഇപ്പോള്‍ അതേ സ്കൂളിലെ വാര്‍ഷികാഘോഷത്തില്‍ അതിഥിയായി എത്തിയത് സിയാദ് തന്നെ ആണെന്നത് കാലം കാത്തുവച്ച മധുര സമ്മാനം.
ഡബ്സ്മാഷിലൂടെയാണ് സിയാദിന്‍റെ തുടക്കം. ഒരു നല്ല മൊബൈൽ ഫോൺ പോലും സ്വന്തമായുണ്ടായിരുന്നില്ല. ആദ്യം തനിച്ചാണ് വീഡിയോ ചെയ്തിരുന്നത്. പിന്നീട് കൂട്ടുകാരും ചേർന്നു. ഡബ്സ്മാഷിന്റെ സമയ ദൈർഘ്യത്തിലൊതുങ്ങി ചെയ്യാൻ പറ്റില്ല എന്നു മനസ്സിലായതോടെ, ആദ്യം വീഡിയോ ഷൂട്ട് ചെയ്ത ശേഷം അതിൽ വോയ്സ് എഡിറ്റ് ചെയ്ത് ചേർക്കാൻ തുടങ്ങി. അത് ശ്രദ്ധിക്കപ്പെട്ടു. അതോടെ ചെയ്യുന്ന സീനിൽ കഥാപാത്രങ്ങൾക്കനുസരിച്ചുള്ള കോസ്റ്റ്യൂം റെഡിയാക്കാൻ തുടങ്ങി.
വീഡിയോകള്‍ വൈറലായതോടെ തിരുവനന്തപുരത്ത് നിന്ന് ഒരു സീരിയലിൽ അഭിനയിക്കാൻ വിളിച്ചു. കടം വാങ്ങി തിരുവനന്തപുരത്ത് എത്തിയെങ്കിലും അവർ വഞ്ചിച്ചു. നിരാശനായി മടങ്ങി വന്ന ശേഷമാണ് ‘കിടു’, ‘നോൺസെന്‍സ്’ എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തത്. പിന്നീടാണ് അഡാര്‍ ലൗവിലേക്ക് എത്തുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ