തീയേറ്റര്‍ റിലീസുകള്‍ പ്ലാന്‍ ചെയ്‍ത് ബോളിവുഡ്; അടുത്ത വര്‍ഷാദ്യം രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍

By Web TeamFirst Published Nov 20, 2020, 7:15 PM IST
Highlights

അക്ഷയ് കുമാറിന്‍റെ 'സൂര്യവന്‍ശി', രണ്‍വീര്‍ സിംഗിന്‍റെ '83' എന്നിവ അടുത്ത വര്‍ഷാദ്യം തീയേറ്ററുകളിലെത്തുമെന്ന് ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ആണ് അറിയിച്ചിരിക്കുന്നത്.

ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങള്‍ പോലും ഡയറക്ട് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിക്കേണ്ടിവരുന്ന കൊവിഡ് സാഹചര്യമാണിത്. തമിഴില്‍ സൂര്യയുടെ 'സൂരറൈ പോട്രും' ഹിന്ദിയില്‍ അക്ഷയ് കുമാറിന്‍റെ 'ലക്ഷ്‍മി'യുമൊക്കെ ഇത്തരത്തില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രങ്ങളാണ്. തമിഴ്നാട് ഉള്‍പ്പെടെ ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങള്‍ നിബന്ധനകളോടെ സിനിമാ തീയേറ്ററുകള്‍ തുറന്നിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ വേണ്ടത്ര എത്തിത്തുടങ്ങിയിട്ടില്ല. മാസങ്ങളോളം ഒഴിവായിനിന്ന ശീലം അത്ര വേഗത്തില്‍ അവര്‍ തിരിച്ചുപിടിക്കുന്നില്ല. പുതിയ ശ്രദ്ധേയ റിലീസുകളൊന്നും തീയേറ്ററുകളില്‍ എത്താത്തതും പ്രേക്ഷകരുടെ തണുപ്പന്‍ പ്രതികരണത്തിന് കാരണമാണ്. എന്നാല്‍ കൊവിഡ് അനന്തരമുള്ള തീയേറ്റര്‍ റിലീസുകളെക്കുറിച്ച് ബോളിവുഡ് ഗൗരവത്തില്‍ ചിന്തിച്ചുതുടങ്ങിയതായാണ് മുംബൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റിന് നിര്‍മ്മാണ പങ്കാളിത്തമുള്ള രണ്ട് വന്‍ പ്രോജക്ടുകളുടെ തീയേറ്റര്‍ റിലീസുകളെക്കുറിച്ചാണ് ധാരണയായിരിക്കുന്നത്.

അക്ഷയ് കുമാറിന്‍റെ 'സൂര്യവന്‍ശി', രണ്‍വീര്‍ സിംഗിന്‍റെ '83' എന്നിവ അടുത്ത വര്‍ഷാദ്യം തീയേറ്ററുകളിലെത്തുമെന്ന് ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ആണ് അറിയിച്ചിരിക്കുന്നത്. റിലീസ് തീയ്യതികള്‍ ഫൈനലൈസ് ചെയ്തിട്ടില്ലെങ്കിലും 2021 മാര്‍ച്ച് 31ന് അകം ഈ രണ്ട് ചിത്രങ്ങളും തീയേറ്ററുകളില്‍ എത്തുമെന്നും തരണ്‍ ട്വീറ്റ് ചെയ്തു. ഹിന്ദി സിനിമാ പ്രേക്ഷകരെ തിരിച്ച് തീയേറ്ററുകളിലേക്ക് എത്തിക്കാനുള്ള ബോളിവുഡിന്‍റെ ശ്രമമായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.

 

പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ളവയാണ് ഈ രണ്ട് ചിത്രങ്ങളും. രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സിലെ നാലാം ചിത്രമായ സൂര്യവന്‍ശി മാര്‍ച്ച് 24ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണ്. ലോക്ക് ഡൗണിനെത്തുടര്‍ന്ന് റിലീസ് അനിശ്ചിതമായി മാറ്റിവെക്കേണ്ടിവന്ന ചിത്രം ദീപാവലിക്ക് എത്തുമെന്ന് റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റ് പിന്നീട് അറിയിച്ചിരുന്നെങ്കിലും അതിനും കഴിഞ്ഞില്ല. അക്ഷയ് കുമാറിനൊപ്പം കത്രീന കൈഫ്, രണ്‍വീര്‍ സിംഗ്, അജയ് ദേവ്‍ഗണ്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മാതാക്കള്‍ക്ക് വന്‍ ബോക്സ് ഓഫീസ് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. 

 

അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 1983ലെ ലോകകപ്പ് വിജയത്തിന്‍റെ പശ്ചാത്തലത്തിലുള്ള ചിത്രമാണ് 83. കപില്‍ ദേവിന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് എത്തുന്നത്. പങ്കജ് ത്രിപാഠി, അമ്മി വിര്‍ക്, ദീപിക പദുകോണ്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

click me!