ഒരു സീസണില്‍ അവസാനിക്കില്ല; 'സ്ക്വിഡ് ഗെയിം' സീസണ്‍ 2 പ്രഖ്യാപിച്ച് സംവിധായകന്‍

By Web TeamFirst Published Nov 9, 2021, 11:28 PM IST
Highlights

ഒടിടിയിലെ സമീപകാലത്തെ ഏറ്റവും ജനപ്രീതി നേടിയ സിരീസ്

ഒടിടിയില്‍ സമീപകാലത്ത് ഏറ്റവും വലിയ വിജയമായ നെറ്റ്ഫ്ലിക്സിന്‍റെ (Netflix) സൗത്ത് കൊറിയന്‍ സര്‍വൈവല്‍ ഡ്രാമ സിരീസ് 'സ്ക്വിഡ് ഗെയിം' (Squid Game) ആദ്യ സീസണ്‍ കൊണ്ട് അവസാനിക്കില്ല. സിരീസിന് അടുത്ത സീസണും ഉണ്ടായിരിക്കുമെന്ന് സിരീസിന്‍റെ ക്രിയേറ്ററും രചയിതാവും സംവിധായകനുമായ ഹ്വാങ് ഡോംഗ് ഹ്യുക് (Hwang Dong-hyuk) ആണ് ഉറപ്പ് നല്‍കിയിരിക്കുന്നത്. എപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഹ്വാങ് ഇക്കാര്യം ആദ്യമായി പറഞ്ഞിരിക്കുന്നത്. "ഞങ്ങള്‍ക്ക് മറ്റൊരു സാധ്യതയും മുന്നിലില്ല എന്ന തരത്തിലാണ് കാര്യങ്ങള്‍", അദ്ദേഹം എപിയോട് പറഞ്ഞു.

എന്നാല്‍ ഒരു രണ്ടാം ഭാഗത്തിനുവേണ്ടി തങ്ങള്‍ സമ്മര്‍ദ്ദങ്ങളൊന്നും നേരിട്ടില്ലെന്നും മറിച്ച് വലിയ ഡിമാന്‍റും സ്നേഹവുമാണ് ഉണ്ടായതെന്നും ഹ്വാങ് ഡോംഗ് ഹ്യുക് പറഞ്ഞു. "എന്‍റെ തലയ്ക്കകത്താണ് ഇപ്പോള്‍ അത്. എപ്പോഴാണെന്നും എങ്ങനെയാണെന്നുമൊക്കെ ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍ എനിക്ക് ഇക്കാര്യം ഉറപ്പു നല്‍കാനാവും. ജി ഹുന്‍ (സ്ക്വിഡ് ഗെയിമിലെ കഥാപാത്രം) തിരിച്ചെത്തും. അദ്ദേഹം ലോകത്തിനുവേണ്ടി ചിലത് ചെയ്യും", സംവിധായകന്‍ പറയുന്നു.

നിര്‍മ്മാണച്ചെലവ് 161 കോടി; 'സ്‍ക്വിഡ് ഗെയിം' നെറ്റ്ഫ്ളിക്സിന് നല്‍കിയ ലാഭം എത്ര? കണക്കുകള്‍

 

 

സെപ്റ്റംബര്‍ 17നാണ് സ്ക്വിഡ് ഗെയിം നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. പണത്തിന് അങ്ങേയറ്റം ആവശ്യമുള്ള ഒരു കൂട്ടം മനുഷ്യര്‍ ചില കളികളില്‍ പങ്കെടുക്കാനുള്ള സമ്മതം അറിയിക്കുകയാണ്. പക്ഷേ അപ്രതീക്ഷിതവും അപകടകരവുമായ ചിലതാണ് അവരെ കാത്തിരിക്കുന്നത്. ഇതാണ് സിരീസിന്‍റെ രത്നച്ചുരുക്കം. സിരീസുകളുടെ കണക്കെടുത്താല്‍ നെറ്റ്ഫ്ളിക്സിന്‍റെ എക്കാലത്തെയും വലിയ വിജയമായാണ് സ്ക്വിഡ് ഗെയിം നിലവില്‍ പരിഗണിക്കപ്പെടുന്നത്. സൗത്ത് കൊറിയന്‍ താരങ്ങള്‍ക്ക് ലോകമാകെ ആരാധകരെയും നേടിക്കൊടുത്തിരിക്കുകയാണ് സിരീസ്. 

click me!