
തിരുവനന്തപുരം:അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠദിനത്തിൽ രാമമന്ത്രം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നുമുള്ള കെ.എസ്.ചിത്രയുടെ ആഹ്വാനത്തെതുടര്‍ന്നുള്ള വിവാദത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകൻ ശ്രീകുമാരൻ തമ്പി രംഗത്തെത്തി. വിളക്ക് കൊളുത്തണമെന്ന് പറഞ്ഞതിന് എന്തിനാണ് ഇത്രയും എതിര്‍പ്പെന്നും എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ചീത്ത വിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വിവാദത്തില്‍ കെഎസ് ചിത്രയെ പിന്തുണച്ചുകൊണ്ട് ശ്രീകുമാരൻ തമ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശ്രീരാമനെ ആര്‍എസ്എസിന്‍റെ വകയായി കാണേണ്ടതില്ലെന്നും ശ്രീരാമന്‍ ഭാരതത്തിലെ എല്ലാവരുടെയുമാണെന്നും അദ്ദേഹം പറഞ്ഞു.എംടി വാസുദേവന്‍ നായര്‍ മലയാളത്തിന്‍റെ തലമുതിര്‍ന്ന എഴുത്തുക്കാരനാണ്. അദ്ദേഹം അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു. പലരും അഭിപ്രായത്തെ എതിര്‍ത്തും അനുകൂലിച്ചും പറഞ്ഞു.എന്നാല്‍, ആരും എം.ടിയെ ചീത്ത പറഞ്ഞില്ല. എന്നാല്‍, ചിത്ര അഭിപ്രായം പറയുന്നതിന് ചീത്ത വിളിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല.
ആര്‍ക്കും സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനെതിരായി സംസാരിക്കുന്നവരെയെല്ലാം ചീത്ത വിളിക്കണമെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. സ്വന്തം അഭിപ്രായം പറയാനുള്ള മൗലിക അവകാശം ഓരോ പൗരനും ഉണ്ട്. ശ്രീരാമനെ ആരാധിക്കുന്നയാളാണ് ചിത്ര. ഞാന്‍ എന്‍റെ കുട്ടിക്കാലത്ത് സന്ധ്യക്ക് രാമ രാമ പാഹിമാം, രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം എന്ന് പാടിയിട്ടുണ്ട്. അത് സംസ്കാരത്തില്‍ ഉള്‍പ്പെട്ടകാര്യമാണ്. അതുകൊണ്ട് രാമനാമം ജപിക്കണമെന്നും വിളക്ക് കൊളുത്തണമെന്നും പറഞ്ഞതിന് അതില്‍ ഇത്ര എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട കാര്യം എന്താണ്?. ബിജെപിയുടോയൊ ആര്‍എസ്എസിന്‍റെയോ വകയായി ശ്രീരാമനെ കാണുന്നതുകൊണ്ടാണി കുഴപ്പം.
ശ്രീരാമന്‍ ഭാരതത്തിലെ എല്ലാവരുടെയുമാണ്. വാത്മീകിയുടെ രാമായണത്തിലെ നായകനാണ് ശ്രീരാമന്‍, അങ്ങനെയുള്ള നായകനാണ് ശ്രീകൃഷ്ണന്‍. അങ്ങനെയുള്ള നായകൻമാരെയാണ് നാം ആരാധിച്ചുവന്നിരുന്നത്. അങ്ങനെ ഒരു അഭിപ്രായം പറഞ്ഞ ചിത്രയെ എല്ലാവരും ശകാരിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ യോജിക്കേണ്ടതില്ല. അതിന് ചീത്ത വിളിക്കുന്നത് എന്തിനാണ്?.ഒരു പാര്‍ട്ടിയുടെയും വക്താവല്ല ഞാന്‍.രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടെങ്കിലും വ്യക്തിപരമായി സത്യത്തോടൊപ്പം നില്‍ക്കും. പിണറായി നല്ലത് ചെയ്താല്‍ അതിനെ അനുകൂലിക്കും, മോദി നല്ലത് ചെയ്താല്‍ അതിനെയും അനുകൂലിക്കും. അതിന് സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
അതേസമയം, ചിത്രയുടെ ആഹ്വാനത്തില്‍ വിവാദം തുടരുകയാണ്.ഒരു വിഗ്രഹം കൂടി ഉടഞ്ഞെന്നും ചരിത്രം മനസ്സിലാക്കാതെ സംസാരിക്കുന്നുവെന്നുമൊക്കെ രൂക്ഷമായ ഭാഷയിലാണ് ചിത്രയ്ക്കെതിരെ വിമർശനം ഉയർന്നത്. ചിത്രയെ പിന്തുണച്ച ഗായകൻ ജി.വേണുഗോപാലിനെതിരെയും വിമർശനമുണ്ട്. ഇടത് സൈബർ പ്രൊഫൈലുകളിൽ നിന്നടക്കമുള്ള വിമർശനങ്ങളെ പിന്തുണക്കുന്നില്ലെന്നും ചിത്രയുടെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പ്രതികരണം. അഭിപ്രായം പറഞ്ഞതിന് ആക്രമിക്കുന്ന ഫാസിസമാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. നേരത്തെ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ
ശോഭനയ്ക്കെതിരെ ഇടത് സൈബർ പ്രൊഫൈലുകൾ ഒന്നടങ്കം രംഗത്ത് എത്തിയിരുന്നു. എന്നാൽ ശോഭനയെ ബിജെപിയുടെ അറയിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സിപിഎം സെക്രട്ടറിയുടെ പ്രതികരണം.ആ വിവാദം കെട്ടടങ്ങും മുമ്പേയാണ് കെ.എസ്.ചിത്രയുടെ വീഡിയോയും ചർച്ചയാകുന്നത്.
'അത്ര നിഷ്കളങ്കമല്ല', ജി വേണുഗോപലിനെതിരെയും വിമർശനം; കെ.എസ്. ചിത്രയുടെ വീഡിയോയിൽ വിവാദം പുകയുന്നു