'എന്‍റെ തട്ടാന്‍ ഭാസ്‍കരന്‍ ഇതും തട്ടും'; ശ്രീനിവാസന് രോഗസൗഖ്യം ആശംസിച്ച് രഘുനാഥ് പലേരി

By Web TeamFirst Published Apr 8, 2022, 9:28 AM IST
Highlights

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശ്രീനിവാസന്‍ ചികിത്സയിൽ കഴിയുന്നത്

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീനിവാസന് (Sreenivasan) രോഗമുക്തി ആശംസിച്ച് പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി (Raghunath Paleri). തന്‍റെ തിരക്കഥയില്‍ ശ്രീനിവാസനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‍ത പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ കഥാപാത്രത്തെ പരാമര്‍ശിച്ചുകൊണ്ടാണ് പലേരിയുടെ ഹ്രസ്വമായ ഫേസ്ബുക്ക് കുറിപ്പ്. "എന്‍റെ തട്ടാന്‍ ഭാസ്‍കരന്‍ ഇതും തട്ടും. ആരോഗ്യവാനായി അടുത്ത മാല പണിയും", എന്നാണ് രഘുനാഥ് പലേരിയുടെ കുറിപ്പ്.

1100ല്‍ ഏറെ ലൈക്കുകളാണ് ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. സത്യന്‍ അന്തിക്കാടിന്‍റെ എവര്‍ഗ്രീന്‍ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് 1988ല്‍ പുറത്തെത്തിയ പൊന്മുട്ടയിടുന്ന താറാവ്. ഭാസ്‍കരന്‍ എന്ന തട്ടാന്‍റെ വേഷത്തിലാണ് ശ്രീനിവാസന്‍ ചിത്രത്തില്‍ എത്തിയത്. ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ ചില ട്വിസ്റ്റുകള്‍ ഈ കഥാപാത്രം ചിത്രത്തില്‍ കൊണ്ടുവരുന്നുണ്ട്. ആ സമയത്ത് ഈ കഥാപാത്രവും മറ്റു ചില കഥാപാത്രങ്ങളും ഒരേപോലെ ഉയര്‍ത്തുന്ന ചോദ്യമാണ് തട്ടാന്‍ ഭാസ്‍കരന്‍ തട്ടിയോ എന്നത്.

അതേസമയം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യ നില മെച്ചപ്പെടുന്നുണ്ട്. വെന്റിലേറ്റർ സംവിധാനം മാറ്റിയെന്നും തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളതെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ഇന്നലെ അറിയിച്ചിരുന്നു. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലാണ് ശ്രീനിവാസന്‍ ചികിത്സയിൽ കഴിയുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നില ഭദ്രമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. ബുധനാഴ്ച ശ്രീനിവാസന്‍റെ 66ാം ജൻമദിനമായിരുന്നു.

അതേസമയം ആശുപത്രി കിടക്കയിലും സ്വതസിദ്ധമായ നര്‍മ്മം കൈവിടാത്ത ശ്രീനിവാസനെക്കുറിച്ച് സുഹൃത്തും നിര്‍മ്മാതാവുമായ മനോജ് രാംസിംഗ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു. "ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്... കൂടുതല്‍ ആയിപ്പോയാൽ കുറച്ചു മനോജിന് തന്നേക്കാം, മിനിറ്റുകൾക്ക് മുൻപ് ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല", മനോജ് രാംസിംഗ് ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീനിവാസനെ നായകനാക്കി താന്‍ സംവിധാനം ചെയ്‍ത അയാള്‍ ശശി എന്ന ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ സ്റ്റില്ലുകള്‍ വ്യാജ വാര്‍ത്തകളില്‍ ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി സംവിധായകന്‍ സജിന്‍ ബാബുവും രംഗത്തെത്തിയിരുന്നു. 

click me!