‘നന്ദി മമ്മൂക്ക, ഇനിയും ശ്രീലങ്കയിലേക്ക് വരൂ’; നടനെ കാണാൻ നേരിട്ടെത്തി മന്ത്രി

By Web TeamFirst Published Aug 18, 2022, 7:45 PM IST
Highlights

രണ്ട് ദിവസം മുൻപ് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് നായകന്‍ സനത് ജയസൂര്യ മമ്മൂട്ടിയെ സന്ദർശിച്ചിരുന്നു.

ശ്രീലങ്കൻ സർക്കാരിന്റെ അതിഥിയായി നടൻ മമ്മൂട്ടി. താരവുമായുള്ള കൂടിക്കാഴ്ചയുടെ സന്തോഷം ശ്രീലങ്കൻ ടൂറിസം മന്ത്രി ഹരിൻ ഫെർണാണ്ടോ പങ്കുവച്ചു. ട്വിറ്ററിലൂടെ ആയിരുന്നു മന്ത്രി മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. സർക്കാർ പ്രതിനിധിയായി ആയിട്ടായിരുന്നു ഫെർണാണ്ടോ എത്തിയത്. കൂടുതൽ ചിത്രങ്ങളുടെ ഷൂട്ടിങ്ങിനായി താരത്തെ ശ്രീലങ്കയിലേക്ക് ക്ഷണിക്കുന്നതായി മന്ത്രി ട്വീറ്റ് ചെയ്തു.

'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ശ്രീലങ്കയിലാണ് മമ്മൂട്ടി ഇപ്പോഴുള്ളത്. രണ്ട് ദിവസം മുൻപ് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് നായകന്‍ സനത് ജയസൂര്യ മമ്മൂട്ടിയെ സന്ദർശിച്ചിരുന്നു. "മലയാളത്തിലെ മുതിര്‍ന്ന നടന്‍ മമ്മൂട്ടിയെ പരിചയപ്പെടാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു. സര്‍, നിങ്ങളൊരു യഥാര്‍ഥ സൂപ്പര്‍താരമാണ്. ശ്രീലങ്കയിലേക്ക് വന്നതിന് നന്ദി. എല്ലാ ഇന്ത്യന്‍ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദര്‍ശിക്കാനായി ഞാന്‍ ക്ഷണിക്കുന്നു", എന്നായിരുന്നു നടനൊപ്പമുള്ള ചിത്രം പങ്കുവച്ച് ജയസൂര്യ ട്വീറ്റ് ചെയ്തത്. 

എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കുന്ന ആന്തോളജി ചിത്രത്തിന്‍റെ ഷൂട്ടിംഗിനുവേണ്ടിയാണ് മമ്മൂട്ടി ശ്രീലങ്കയില്‍ എത്തിയതെന്നാണ് വിവരം. ശ്രീലങ്കയില്‍ ജോലി ചെയ്‍തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ച് ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍റെ ഓര്‍മ്മയാണ് 'കടുഗണ്ണാവ'. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണിത്. പി കെ വേണുഗോപാല്‍ എന്നാണ് നായക കഥാപാത്രത്തിന്‍റെ പേര്. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന അയാള്‍ പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുകയാണ്. ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Met with veteran Malayalam actor to thank him personally for coming to SL to shoot his movie and to invite him to do more films in SL pic.twitter.com/6oXc0Eaxvz

— Harin Fernando (@fernandoharin)

അതേസമയം, മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ക്രിസ്റ്റഫർ എന്നാണ് ചിത്രത്തിന്റെ പേര്.  മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. പ്രമാണിയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍. പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക. തിരക്കഥ ഉദയകൃഷ്ണയുടേതാണ്. ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വിനയ് റായ്, ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. 

'സര്‍, നിങ്ങളൊരു യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍ ആണ്'; ശ്രീലങ്കയില്‍ മമ്മൂട്ടിയുടെ ആതിഥേയനായി സനത് ജയസൂര്യ

click me!