
തെന്നിന്ത്യന്‍ സിനിമയുടെ ഗ്ലോബല്‍ മാര്‍ക്കറ്റ് വലുതാക്കിയ ചിത്രങ്ങളായിരുന്നു രാജമൗലിയുടെ 'ബാഹുബലി' സിരീസ്. പല ബോളിവുഡ് സൂപ്പര്‍താര ചിത്രങ്ങള്‍ക്കുപോലും കടന്നുചെല്ലാനാവാത്ത ഉയരങ്ങളില്‍ കളക്ഷനില്‍ ബാഹുബലി എത്തിയിരുന്നു. ഇപ്പോഴിതാ ബാഹുബലിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം 'ആര്‍ആര്‍ആറി'നെയും ഇന്ത്യന്‍ സിനിമാലോകം നോക്കിക്കാണുന്നത് ഏറെ പ്രതീക്ഷയോടെയാണ്. പ്രീ-റിലീസ് ബിസിനസില്‍ ചിത്രം സമാനതകളില്ലാത്ത നേട്ടം ഇതിനകം ഉണ്ടാക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്‍റെ എല്ലാ ഭാഷകളിലെയും (തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി) സാറ്റലൈറ്റ്, ഡിജിറ്റല്‍, ഇലക്ട്രോണിക് റൈറ്റുകള്‍ ജയന്തിലാല്‍ ഗാഡയുടെ പെന്‍ ഇന്ത്യ നേടിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒപ്പം ഹിന്ദി തിയട്രിക്കല്‍ റൈറ്റും പെന്‍ നേടിയിരുന്നു. എല്ലാത്തിനുമായി ജയന്തിലാല്‍ ഗാഡ നല്‍കിയത് 475 കോടി ആയിരുന്നു. ഇപ്പോഴിതാ പെന്‍ ഗ്രൂപ്പില്‍ നിന്നും ഹിന്ദി തിയട്രിക്കല്‍ റൈറ്റ് ഒഴികെ എല്ലാ ഭാഷകളിലെയും സാറ്റലൈറ്റ്, ഡിജിറ്റല്‍, ഇലക്ട്രോണിക് റൈറ്റുകള്‍ പെന്നില്‍ നിന്നും സ്വന്തമാക്കിയിരിക്കുകയാണ് സീ ഗ്രൂപ്പ്. 325 കോടിയാണ് ഇതിനായി സീ ഗ്രൂപ്പ് മുടക്കിയിരിക്കുന്നതെന്ന് 'പിങ്ക് വില്ല'യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ചിത്രത്തിന്‍റെ പ്രീ-റിലീസ് വരുമാനം ഇതില്‍ അവസാനിക്കുന്നില്ല. തിയറ്റര്‍ അവകാശം വിറ്റതിലൂടെമാത്രം 570 കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്ര പ്രദേശ് 165 കോടി, ഉത്തരേന്ത്യ 140 കോടി, നിസാം 75 കോടി, തമിഴ്നാട് 48 കോടി, കര്‍ണ്ണാടക 45 കോടി, കേരളം 15 കോടി, വിദേശരാജ്യങ്ങള്‍ 70 കോടി എന്നിങ്ങനെയാണ് അതിന്‍റെ വിശദാംശങ്ങള്‍. മ്യൂസിക് റൈറ്റ്സിന് മറ്റൊരു 20 കോടിയും ലഭിച്ചതായി ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. എല്ലാം ചേര്‍ത്താല്‍ ഉറപ്പായും 900 കോടിക്ക് മുകളിലെത്തും ചിത്രത്തിന്‍റെ പ്രീ-റിലീസ് ബിസിനസ്.
ബാഹുബലി നേടിയ അനിതരസാധാരണമായ വിജയമാണ് കൊവിഡ് പ്രതിസന്ധിക്കിടയിലും ആര്‍ആര്‍ആറിന് ഈ നേട്ടം സാധ്യമാക്കിയത്. ബാഹുബലി 2ന്‍റെ പ്രീ റിലീസ് ബിസിനസ് 500 കോടിയുടേതായിരുന്നു. ബാഹുബലി നേടിയ വന്‍ വിജയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മുതല്‍ മുടക്കിയിരിക്കുന്ന വിതരണക്കാര്‍ക്ക് ആര്‍ആര്‍ആര്‍ ലാഭം നേടിക്കൊടുക്കുമോ എന്നത് ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്‍റെ കൗതുകമുള്ള കാത്തിരിപ്പാണ്. ഏതായാലും ചിത്രം റെക്കോര്‍ഡ് വിജയം നേടിയാലേ അത് സാധ്യമാവൂ. 2021 ദസറ കാലത്ത് എത്തുമെന്നാണ് കരുതപ്പെടുന്നതെങ്കിലും കൊവിഡ് സാഹചര്യത്തിനനുസരിച്ച് റിലീസ് നീട്ടിയേക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ