'സർക്കാരിനെ വിമർശിക്കുന്നത് നിർത്തൂ'; പ്രതികരണവുമായി ജൂഹി ചൗള

By Web TeamFirst Published Jan 9, 2020, 4:32 PM IST
Highlights

ഐക്യത്തേക്കാൾ കൂടുതൽ ആളുകൾ വിഭജനത്തെക്കുറിച്ച് സംസാരിക്കുന്നത് സങ്കടകരമാണ്. വിഭജനത്തെക്കുറിച്ച് എല്ലാവരും പെട്ടെന്ന് സംസാരിക്കാൻ തുടങ്ങി. ഒന്നിക്കുന്നതിനെക്കുറിച്ച് എന്തുകൊണ്ട് ആരും സംസാരിക്കുന്നില്ലെന്നും ജൂഹി ചൗള ചോദിച്ചു. 

ദില്ലി: സർക്കാരിനെ നിരന്തരം വിമർശിക്കുന്നതിനുപകരം സ്വന്തം പെരുമാറ്റത്തെക്കുറിച്ച് ചിന്തിക്കണമെന്ന് ബോളിവുഡ് താരം ജൂഹി ചൗള. ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമ ഭേദ​ഗതിക്കുമെതിരായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രതികരിക്കുകയായിരുന്നു താരം. കശ്മീരിനെ സ്വതന്ത്രമാക്കുക, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ, തെറ്റായ പ്രചാരണം, തെറ്റിദ്ധാരണ ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ജൂഹി ചൗള.

പ്രതികരണത്തിന് മാത്രമായി പ്രശ്നങ്ങളെക്കുറിച്ച് സിനിമയിലുള്ളവരോട് ചോദ്യങ്ങൾ‌ ചോദിക്കുന്നത് അനീതിയാണ്. പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനായി അവർക്ക് സമയം നൽകണമെന്നും ജൂഹി പറഞ്ഞു. നമ്മൾ ജോലിക്കു പോകുന്നവരാണ്. ആ സമയത്തായിരിക്കും എവിടെയെങ്കിലും എന്തെങ്കിലും സംഭവങ്ങൾ നടക്കുന്നുണ്ടാകുക.

അപ്പോൾ മാധ്യമപ്രവർത്തകർ വന്ന് ചോദിക്കും, ഇതിനെ കുറിച്ചു താങ്കൾ എന്ത് കരുതുന്നു?.  എന്താണ് കാര്യമെന്നുപോലും ഞങ്ങൾക്ക് മനസിലായിട്ടുണ്ടാവില്ല. ജനങ്ങൾക്ക് പോലും ചിലപ്പോൾ കാര്യം മനസിലായി കാണില്ല. പക്ഷേ നിങ്ങൾക്ക് ഞങ്ങളുടെ പ്രതികരണം ആവശ്യമാണ്, ജൂഹി ചൗള കൂട്ടിച്ചേർത്തു.

ഇത് എൻആർസി ആണെന്നും സിഎഎ ആണെന്നും ജനങ്ങൾക്ക് മനസിലാകട്ടെ. ഇവ എന്താണെന്നും എന്തുകൊണ്ട് ചർച്ചയാകുന്നതെന്നും അവർ മനസിലാക്കട്ടെയെന്നും ജൂഹി പറഞ്ഞു. ഐക്യത്തേക്കാൾ കൂടുതൽ ആളുകൾ വിഭജനത്തെക്കുറിച്ച് സംസാരിക്കുന്നത് സങ്കടകരമാണ്. വിഭജനത്തെക്കുറിച്ച് എല്ലാവരും പെട്ടെന്ന് സംസാരിക്കാൻ തുടങ്ങി. ഒന്നിക്കുന്നതിനെക്കുറിച്ച് എന്തുകൊണ്ട് ആരും സംസാരിക്കുന്നില്ല?. 

എല്ലാവരും എന്തുകൊണ്ടാണ് 'സർക്കാർ എന്താണ് ചെയ്യുന്നത്, എന്തുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്' എന്നൊക്കെ ചോദിക്കുന്നത്. എന്നാൽ, ഞാൻ പറയട്ടെ, ഇവിടെ നിങ്ങൾ ഒരു വിരൽ ചൂണ്ടിയാൽ മൂന്ന് വിരലുകൾ നിങ്ങളുടെ നേർക്ക് ചൂണ്ടപ്പെടും. നിങ്ങൾ എന്താണ് ചെയ്യുന്നത് സമാധാനമായിരുന്ന് സാഹചര്യം എന്തെന്ന് മനസിലാക്കൂ, ജൂഹി കൂട്ടിച്ചേർത്തു.
 

click me!