അന്ന് ആരുടെയെങ്കിലും കയ്യീന്ന് ഒരു വെടി പൊട്ടിയാൽ പിന്നെ.. ഉണ്ടയുടെ അറിയാക്കഥയുമായി തിരക്കഥാകൃത്ത്

Published : Jun 20, 2019, 01:16 PM ISTUpdated : Jun 20, 2019, 01:18 PM IST
അന്ന് ആരുടെയെങ്കിലും കയ്യീന്ന് ഒരു വെടി പൊട്ടിയാൽ പിന്നെ.. ഉണ്ടയുടെ അറിയാക്കഥയുമായി തിരക്കഥാകൃത്ത്

Synopsis

അങ്ങനെ അമ്പതോളം പട്ടാളക്കാരുടെ അകമ്പടിയോടെ പോകുന്ന സംഘം പെട്ടെന്ന് തോക്കുയർത്തി ഓടാൻ തുടങ്ങി. കാരണം ദേ അവരുടെ മുന്നിൽ പഹ്ഡു! സർക്കാർ തെരയുന്ന ഒറിജിനൽ മാവോയിസ്റ്റ്!-ഉണ്ടയുടെ അറിയാക്കഥയുമായി തിരക്കഥാകൃത്ത്  

മമ്മൂട്ടി നായകനായ ഉണ്ട തീയേറ്ററില്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. ഖാലിദ് റഹ്‍മാനാണ് ചിത്രം സംവിധാനം ചെയ്‍തത്. തിരക്കഥയൊരുക്കിയത് ഹര്‍ഷദും. ഛത്തീസ്‍ഗഡിലേക്ക് തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന കേരള പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രീകരണത്തിനു മുന്നോടിയായി ഛത്തീസ്‍ഗഡില്‍ എത്തി വേണ്ട ഗവേഷണങ്ങള്‍ നടത്തിയിരുന്നുവെന്ന് ഹര്‍ഷദ് പറയുന്നു. അന്നത്തെ ഭീതിജനകവും ഇന്ന് കൌതുകവുമായി തോന്നുന്ന അനുഭവം പങ്കുവയ്‍ക്കുകയാണ് ഹര്‍ഷദ്. സാമൂഹ്യമാധ്യത്തിലൂടെയാണ് ഇക്കാര്യം ഹര്‍ഷദ് പറയുന്നത്.

ഹര്‍ഷദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

(ബസ്‍തർ കഥ)

ഉണ്ട എന്ന സിനിമയുടെ തിരക്കഥ എഴുതുന്നതിന്റെ റിസർച്ച് ആവശ്യത്തിലേയ്ക്ക് ഒരിക്കൽ ബസ്‍തറിലേക്ക് പോയ ഞങ്ങൾക്ക്, ഒടുവിൽ പട്ടാളത്തെയും കൂടി അടുത്തറിഞ്ഞാൽ തരക്കേടില്ല എന്നു തോന്നി. സ്ഥലം ഫോഴ്സ് മേധാവിയെ കണ്ടു. സർ ഞങ്ങൾക്ക് ക്യാമ്പ് കാണണം, അതും കാട്ടിനകത്തുള്ളത് തന്നെ കാണണം.

ഹും. നല്ല നേരത്താണ് നിങ്ങൾ വന്നത്. ഇന്നലെ അഞ്ച് ജവാന്മാർ കൊല്ലപ്പെട്ടു. വായിച്ചില്ലേ?

ഉം.. വായിച്ചിരുന്നു.

ശരി, നാളെ കാലത്ത് ഏഴര മണിയാവുമ്പൊ വരൂ. ഇവിടുന്ന് മുപ്പത് കിലോമീറ്ററോളം ഉള്ളിലാണ്. ഞാനും വരാം കൂടെ.

പിറ്റേന്ന് തണുപ്പത്ത് നേരത്തെ റെഡിയായെങ്കിലും പറഞ്ഞേൽപ്പിച്ച വണ്ടിക്കാരൻ ഫോണെടുക്കുന്നില്ല. (അതിന്റെ ഗുട്ടൻസ് പിന്നെയാ പിടികിട്ടിയത്) മേധാവിയെ വിളിച്ച് കാര്യം പറഞ്ഞു. സർ വണ്ടി ഇനിയും എത്തിയില്ല. പറഞ്ഞു തീർന്നില്ല അപ്പൊഴേക്കും പട്ടാളത്തിന്റെ വണ്ടി (സ്റ്റിക്കറില്ല) ലോഡ്ജിന്റെ മുന്നിൽ ബ്രേക്കിട്ട് നിന്നു. യാത്ര തുടങ്ങി.

മുന്നിൽ മേധാവിയുടെ വണ്ടി. ഞങ്ങൾ നാലു പേർ രണ്ട് വേറൊരു വണ്ടിയിൽ. പുറകിൽ വേറൊന്ന്! ഡ്രൈവറുടെ അടുത്തിരിക്കുന്ന കമാന്റോയുടെ മടിയിലെ എകെ 47 നോക്കി മിഴിച്ചിരുന്ന എന്നെ റഹ്‍മാൻ തോണ്ടി. നോക്ക് സീറ്റിനടിയിൽ നോക്ക്. ഞാൻ നോക്കി. ഞങ്ങൾ രണ്ടാളുടെയും സീറ്റിനടിയിൽ ഓരോ എകെ 47 ! അടിപൊളി !

ഞങ്ങൾ ക്യാമ്പിലെത്തി. ഇനി കാട്ടിലേക്ക് പോകണം. മൊത്തം ഒന്ന് ചുറ്റിക്കറങ്ങി കണ്ട ഞങ്ങളോട് ‘പോകാൻ റെഡിയല്ലേ’ എന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് പരസ്‍പരം ആവർത്തിച്ച് നോക്കിയ ശേഷം ചുറുചുറുക്കുള്ള ചെറുപ്പക്കാരായ ഞങ്ങൾ തലയാട്ടി.

ഇത് ആദ്യം റെഡ് സോണായിരുന്നു. ഈ ക്യാമ്പ് സ്ഥാപിച്ച രണ്ടാം നാള് തന്നെ ഇതിന് നേരെ അറ്റാക്ക് ഉണ്ടായി. അവർ പറയുന്നു ഇത് ജനങ്ങളുടെ യുദ്ധമാണെന്ന് (People's War) ജനങ്ങൾ ഞങ്ങളുടെ കൂടെയാണെങ്കിൽ പിന്നെങ്ങനെ ഇത് People's War ആകും.?! ...and we are gradually dominating. അങ്ങിനെ റെഡ് സോണുകൾ ഓറഞ്ച് സോണുകളായി മാറുകയാണ്.

മേധാവിയുടെ സ്റ്റഡി ക്ലാസിന് ശേഷം ഞങ്ങൾ പുറപ്പെട്ടു. മൂന്ന് കിലോമീറ്ററോളം ബൈക്കിലും പിന്നെ കിലോമിറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് നടന്നുമാണ് പോകേണ്ടത്. റെഡിയല്ലേ?! റെഡി..

ഞങ്ങൾ ചുറുചുറുക്കുള്ള ചെറുപ്പക്കാർ ഇപ്പോൾ ബൈക്ക് യാത്രയും കഴിഞ്ഞുള്ള നടത്തത്തിലാണ്. മേധാവിയെ കൂടാതെ മൊത്തം അമ്പതോളം പട്ടാളക്കാരുണ്ടാവും. ഏത് സമയത്തും ഒരു വെടിയുണ്ടയോ ബോംബേറോ ഏറ്റുവാങ്ങി നാളെ എഫ്ബി സുഹൃത്തുക്കൾക്ക് വിപ്ലവാവേശമായി മാറാൻ പോകയാണല്ലോ എന്നോർത്ത് ഞാൻ സ്വയം പുളകിതനായി. ഞാനിപ്പോൾ വരിയുടെ മധ്യഭാഗത്തായാണ് ഉള്ളത്. അങ്ങനെ ഹൃദയമിടിപ്പിന്റെ താളത്തിൽ കാട്ടുപാതയിലൂടെ ഞങ്ങൾ നീങ്ങവേ പെട്ടെന്ന് മുന്നീന്നൊരു ബഹളം.

എല്ലാവരും തോക്ക് ചൂണ്ടിക്കൊണ്ട് മുന്നോട്ടേക്ക് വേഗത്തിൽ ഓടാൻ തുടങ്ങി. പേടിച്ചെങ്കിലും എന്നിലെ വിപ്ലവകാരി ഉണർന്ന് മൊബൈലിൽ മൂവി ക്യാമറ ഓണാക്കി കൂടെ ഓടി.

എന്താണ് കണ്ടത്? അതെന്തായാലും നമ്മുടെ തേവള്ളിപറമ്പിൽ ജോസഫ് അലക്സിന്റെ ഭാഷയിൽ പറഞ്ഞാൽ പട്ടാളത്തിന്റെ ഈ സെറിമോണിയൽ പരേഡ് എന്തിനായിരുന്നെന്ന് അപ്പോഴാണ് മനസ്സിലായത്.

ജനങ്ങളെ വിശ്വാസത്തിലെടുക്കണം. സർക്കാർ അവർക്കൊപ്പമാണെന്ന് അവർക്ക് ബോധ്യമാവണം. കീഴടങ്ങുന്ന നക്സലൈറ്റുകൾക്കുള്ള പദ്ധതിയോടൊപ്പം നക്സൽ മേഖലകളിൽ സ്റ്റേറ്റ് നടപ്പാക്കുന്ന മറ്റൊരു പ്രോഗ്രാം. അതിന്റെ ഭാഗമായി ഗ്രാമീണർക്ക് ബിസ്കറ്റ് കൊടുക്കുക, മരുന്നുകൾ കൊടുക്കുക തുടങ്ങിയ ഗംഭീര പ്രവർത്തനങ്ങളുമായി സൈന്യം മുന്നോട്ട് കുതിക്കവെ രണ്ട് ദിവസം മുമ്പ് നമ്മുടെ മേധാവിയും കുട്ടരും ഒരു വീട്ടിലെത്തി.

ഈസ്റ്റ് ബസ്തർ ഡിവിഷനിലെ ഭാൻപൂർ ഏരിയ കമാണ്ടർ സാക്ഷാൽ പഹ്ഡുവിന്റെ വീട്ടിൽ! ആള് അവിടെയുണ്ടെന്ന വിവരം കിട്ടി കയ്യോടെ പിടികൂടാനും കൂടിയാണ് പോയതത്രെ. പക്ഷേ പഹ്ഡു ഇല്ലാത്ത വീട്ടിൽ നമ്മുടെ മേധാവി കണ്ടത് സുഖമില്ലാത്ത അയാളുടെ ഭാര്യയെയും കുഞ്ഞിനെയുമാണ്. അദ്ദേഹം അവർക്ക് മരുന്നുകൾ കൊടുത്തു. അന്നത് വാർത്തയായി വന്നിരുന്നു. അവിടേക്കു തന്നെയാണ് ഇന്ന് വീണ്ടും പോകുന്നത്. കൂടെ പ്രധാനമായും ഒരു പ്രാദേശിക ചാനലുകാരനും ക്യാമറാമാനും ഉണ്ട്. ഞങ്ങൾ യാദൃശ്ചികമായി കൂട്ടത്തിൽ പെട്ടതാണ്!

അങ്ങനെ അമ്പതോളം പട്ടാളക്കാരുടെ അകമ്പടിയോടെ പോകുന്ന സംഘം പെട്ടെന്ന് തോക്കുയർത്തി ഓടാൻ തുടങ്ങി. കാരണം ദേ അവരുടെ മുന്നിൽ പഹ്ഡു! സർക്കാർ തെരയുന്ന ഒറിജിനൽ മാവോയിസ്റ്റ്! അയാളെ പിടിക്കാനാണ് എല്ലാവരും ഓടിയത് ഞാനെന്റെ മൊബൈലുമായി എത്തുമ്പോഴേക്കും എല്ലാവരും കാട്ടിനുള്ളിലേക്ക് പോയിരുന്നു.

പക്ഷേ കുറച്ചു നേരത്തിന് ശേഷം സകലരും നിരാശയോടെ മടങ്ങി വന്നു. ആളെ കിട്ടിയില്ല. പിന്നെ ഒരു മണിക്കൂർ നേരത്തേക്ക് കനത്ത തിരച്ചിലാണ്. ഞാനും ചെങ്ങായ്മാരും ആകെ അന്തം വിട്ട് നിൽപാണ്. എന്താണ് സംഭവിക്കുന്നത് ?? മ്മടെ അറയ്ക്കൽ അബു പറഞ്ഞ പോലെ നമ്മൾ പോലും അറിയാതെ നമ്മൾ മാവോ വേട്ടക്കാരായി മാറിയോ?!

തിരിച്ചു വന്ന പട്ടാളക്കാരിൽ ഒരാളോട് വെള്ളം വാങ്ങി കുടിക്കവേ അവന്മാരുടെ സംസാരത്തിൽ നിന്നും ഒരു കാര്യം ഭീതിയോടെ ഞങ്ങൾ മനസ്സിലാക്കി. ആ ഓട്ടത്തിനിടയിൽ അറിയാതെയെങ്ങാനും ആരുടെയെങ്കിലും കയ്യീന്ന് ഒരു വെടി പൊട്ടിയാൽ പിന്നെ കൂട്ട വെടിയായിരിക്കും ഫലം! ശേഷം ഞാനും ചെങ്ങായ്‍മാരും ഹാഷ്ടാഗായി നിത്യഹരിതരാവും. ഹൊ!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ക്ലൈമാക്സിനോടടുത്ത് ഫെസ്റ്റിവല്‍; പ്രധാന വേദിയായ ടാഗോറില്‍ തിരക്കോട് തിരക്ക്
മഞ്ഞുമ്മൽ ബോയ്സ് സുഹൃത്തുക്കളുടെ കഥ പറയുന്ന ഒരു സാധാരണ സിനിമയല്ല: സുധീര്‍ മിശ്ര