കെആർ  നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ സമരം: നിലപാട് പറഞ്ഞ് നടൻ ഫഹദ് ഫാസിൽ

By Web TeamFirst Published Jan 22, 2023, 8:01 PM IST
Highlights

കെആർ  നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിൽ  താൻ സമരം ചെയ്ത കുട്ടികൾക്കൊപ്പമെന്ന് ഫഹദ് ഫാസിൽ

കൊച്ചി: കെആർ  നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിൽ  താൻ സമരം ചെയ്ത കുട്ടികൾക്കൊപ്പമെന്ന് ഫഹദ് ഫാസിൽ.  എല്ലാവരും ചർച്ച ചെയ്ത് വിഷയത്തിൽ ഒരു തീരുമാനം ഉണ്ടായി തുടങ്ങിയതായി അറിഞ്ഞു.  പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് വിദ്യാർഥികൾക്ക് പഠനം തുടരാൻ സാധിക്കട്ടെ എന്നും ഫഹദ് ഫാസിൽ പറഞ്ഞു. 

അതേസമയം  ജാതി വിവേചന വിവാദങ്ങള്‍ക്ക് പിന്നാലെ രാജിക്കത്ത് നല്‍കിയ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍റെ രാജി അധികൃതർ സ്വീകരിച്ചിരുന്നു. പുതിയ ഡയറക്ടര്‍ക്കായി മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചു. വി കെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടി വി ചന്ദ്രന്‍ എന്നിവരാണ് സെര്‍ച്ച് കമ്മിറ്റിയിലുള്ളത്. അതേസമയം ജാതി വിവേചനത്തിന് എതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് വിദ്യഭ്യാസമന്ത്രി ആര്‍ ബിന്ദു ആവശ്യപ്പെട്ടുിരുന്നു.

ജാതി വിവേചനമടക്കം ഗുരുതര ആരോപണങ്ങൾ നേരിട്ടിട്ടും അധികാരം ഒഴിയാതെ കടിച്ച് തൂങ്ങിയ ഡയറക്ടർ ഇനി രക്ഷയില്ലെന്ന് വ്യക്തമായതോടെയാണ് ഒടുവിൽ രാജിവച്ചത്. 48 ദിവസമായി കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം ചെയ്യുന്ന വിദ്യാർഥികളുടെ പരാതി ശരിവച്ചുള്ള റിപ്പോർട്ടാണ് സർക്കാർ നിയോഗിച്ച രണ്ടാമത്തെ സമിതിയും നൽകിയതെന്ന് മനസിലാക്കിയാണ് സ്വയം ഒഴിയാൻ ശങ്കർ മോഹൻ നിർബന്ധിതനായത്.

എന്നാല്‍ രാജി പ്രഖ്യാപിച്ച ശേഷവും സ്വയം ന്യായീകരിക്കുകയായിരുന്നു ശങ്കർ മോഹൻ. രാജിവെച്ചെങ്കിലും രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് ശങ്കര്‍ മോഹന്‍ പറയുന്നത്. സർക്കാർ തലത്തിൽ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ല.  കാലാവധി തീർന്നതാണ് രാജിക്ക് കാരണമെന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു.

Read more: കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ജാതിവിവേചനം: ശങ്കർ മോഹന്റെ രാജി അന്വേഷണ റിപ്പോർട്ട് നടപ്പാക്കാനിരിക്കെ:മന്ത്രി

ശങ്കർ മോഹന് പിന്നാലെ സ്ഥാപനത്തിന്‍റെ ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും രാജിവെക്കുമെന്നാണ് സൂചന. എന്നാൽ അടൂരിനെ അനുനയിപ്പിക്കാനാണ് സർക്കാർ ശ്രമം. ദളിത് ജീവനക്കാരെ കൊണ്ട് സ്വന്തം വീട്ടിലെ കക്കൂസ് കഴുകിച്ചെന്നും സംവരണം അട്ടിമറിച്ച് വിദ്യാർഥി പ്രവേശനം നടത്തിയെന്നുമടക്കം പരാതി വന്നിട്ടും ശങ്കർ മോഹനെ സംരക്ഷിച്ചത് അടുരാണെന്ന ആരോപണം ഉയർന്നിരുന്നു.
 

click me!