Latest Videos

യുവനിരയിലെ ശ്രദ്ധേയ ഛായാഗ്രാഹകന്‍, പപ്പു അന്തരിച്ചു

By Web TeamFirst Published Nov 14, 2022, 2:35 PM IST
Highlights

അപ്പന്‍ ആണ് പപ്പു അവസാനമായി പ്രവര്‍ത്തിച്ച മലയാള സിനിമ

മലയാള സിനിമയിലെ യുവനിര ഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ പപ്പു (സുധീഷ് പപ്പു- 44) അന്തരിച്ചു. ഏറെക്കാലമായി രോഗബാധിതനായി ചികിത്സയില്‍ ആയിരുന്നു. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്‍ത ബോളിവുഡ് ചിത്രം ചാന്ദ്നി ബാറിന്‍റെ അസിസ്റ്റന്‍റ് സിനിമാറ്റോഗ്രാഫര്‍ ആയി സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച പപ്പു ചീഫ് അസോസിയേറ്റ് സിനിമാറ്റോഗ്രാഫര്‍ ആയും പ്രവര്‍ത്തിച്ചതിനു ശേഷമാണ് സ്വതന്ത്ര  ഛായാഗ്രാഹകന്‍ ആയത്. സംസ്കാരം ഇന്ന് രാത്രി 12 ന് വീട്ടുവളപ്പില്‍.

ചാന്ദ്നി ബാറിനു ശേഷം ടി കെ രാജീവ് കുമാറിന്‍റെ ശേഷം, അനുരാഗ് കശ്യപിന്‍റെ ട്രെന്‍ഡ് സെറ്റര്‍ ചിത്രം ദേവ് ഡി എന്നിവയുടെയും അസിസ്റ്റന്‍റ് സിനിമാറ്റോഗ്രാഫര്‍ ആയിരുന്നു പപ്പു. ചീഫ് അസോസിയേറ്റ് ആയി രഞ്ജിത്തിന്‍റെ ബ്ലാക്കിലും ലാല്‍ജോസിന്‍റെ ക്ലാസ്മേറ്റ്സിലും പ്രവര്‍ത്തിച്ചു. ദുല്‍ഖര്‍ സല്‍മാന്‍റെ അരങ്ങേറ്റ ചിത്രം സെക്കന്‍ഡ് ഷോയിലൂടെയാണ് പപ്പുവും സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറിയത്. പിന്നീട് രഞ്ജന്‍ പ്രമോദിന്‍റെ റോസ് ഗിറ്റാറിനാല്‍, രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ്, ശ്രീനാഥ് രാജേന്ദ്രന്റെ കൂതറ, സജിന്‍ ബാബുവിന്റെ അയാള്‍ ശശി, ബി അജിത്ത് കുമാറിന്റെ ഈട എന്നീ ചിത്രങ്ങളുടെയും ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ഇതില്‍ സെക്കന്‍ഡ് ഷോയുടെയും ഞാന്‍ സ്റ്റീവ് ലോപ്പസിന്‍റെയുമൊക്കെ ഛായാഗ്രഹണം പ്രേക്ഷകപ്രീതി നേടിയതാണ്. 

ALSO READ : 'അച്ഛന്‍ എഴുത്ത് തുടങ്ങി'; 'ആര്‍ആര്‍ആര്‍ 2' അണിയറയില്‍ ഒരുങ്ങുന്നുവെന്ന് രാജമൗലി

മജു സംവിധാനം ചെയ്‍ത് ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രം അപ്പന്‍ ആണ് പപ്പു അവസാനമായി പ്രവര്‍ത്തിച്ച മലയാള സിനിമ. എന്നാല്‍ ചിത്രീകരണം തുടങ്ങി ഒരാഴ്ചയ്ക്കു ശേഷം അനാരോഗ്യത്തെ തുടര്‍ന്ന് പപ്പു ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. വിനോദ് ഇല്ലംപള്ളിയാണ് പിന്നീട് ഈ ചിത്രം പൂര്‍ത്തിയാക്കിയത്. രാജീവ് രവി ചിത്രങ്ങളായ അന്നയും റസൂലും, കമ്മട്ടിപ്പാടം, തുറമുഖം എന്നീ ചിത്രങ്ങളുടെ സെക്കന്‍ഡ് യൂണിറ്റ് ക്യാമറാമാനായും പ്രവര്‍ത്തിച്ചിട്ടുണ്ട് പപ്പു.

tags
click me!