
ഏതൊരു നവാഗത സംവിധായകനും മോഹിക്കുന്ന തരത്തിലുള്ള വിജയമാണ് പൃഥ്വിരാജ് 'ലൂസിഫറി'ലൂടെ സ്വന്തമാക്കിയത്. വന്‍ ജനപ്രീതി നേടിയ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിയ്ക്കുന്ന ആദ്യ മലയാളചിത്രവുമായി. ലൂസിഫര്‍ പൃഥ്വി സമര്‍പ്പിച്ചത് അച്ഛന്‍ സുകുമാരനായിരുന്നു. 'ഇത് അച്ഛനുവേണ്ടിയാണ്. എനിക്കറിയാം അച്ഛന്‍ ഇതെല്ലാം കാണുന്നുണ്ടെന്ന്', ലൂസിഫറിന്റെ റിലീസ് ദിനത്തില്‍ പൃഥ്വി കുറിച്ചത് ഇങ്ങനെയായിരുന്നു. ജീവിതത്തില്‍ പ്രചോദനമായ അച്ഛനുള്ള ആദരം എന്നതിനപ്പുറം പൃഥ്വിയുടെ വാക്കുകളില്‍ മറ്റുചിലതും ഉണ്ടാവാം. ഒരിക്കല്‍ അച്ഛന്‍ സുകുമാരനും കൊണ്ടുനടന്നിരുന്ന ആഗ്രഹമാണ് ലൂസിഫറിലൂടെ പൃഥ്വി സാധ്യമാക്കിയത്.
ഒരു നടന്‍ എന്നതിനപ്പുറം സിനിമ എന്ന കലയോട് വലിയ അഭിനിവേശമുണ്ടായിരുന്ന ആളായിരുന്നു സുകുമാരന്‍. സിനിമ തന്ന സമ്പാദ്യം സിനിമയില്‍ തന്നെ ചെലവഴിച്ച അപൂര്‍വ്വം വ്യക്തിത്വങ്ങൡ ഒരാളുമായിരുന്നു അദ്ദേഹം. അഭിനേതാവ് എന്നതിലുപരി രണ്ട് സിനിമകളുടെ നിര്‍മ്മാതാവുമായിരുന്നു അദ്ദേഹം. കെ ജി ജോര്‍ജ്ജിന്റെ ഇരകളും ടി എസ് മോഹന്റെ പടയണിയുമാണ് സുകുമാരന്‍ നിര്‍മ്മിച്ചത്. തന്റെയും ഭാര്യ മല്ലികയുടെയും പേരുകളുടെ ആദ്യാക്ഷരങ്ങള്‍ ഉപയോഗിച്ച് എംഎസ് ഫിലിംസ് എന്ന ബാനറിലായിരുന്നു ഇരകള്‍ നിര്‍മ്മിച്ചത്. പിന്നീട് മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും പേരുകള്‍ യോജിപ്പിച്ച് 'ഇന്ദ്രരാജ് ക്രിയേഷന്‍സി'ന്റെ പേരിലായിരുന്നു പടയണിയുടെ നിര്‍മ്മാണം.
ഒരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ടായിരുന്നു അദ്ദേഹത്തിന്. ആദ്യ സിനിമയ്ക്കുള്ള വിഷയവും മനസ്സില്‍ കണ്ടിരുന്നു. തോപ്പില്‍ ഭാസിയുടെ പ്രശസ്ത പുസ്തകം 'ഒളിവിലെ ഓര്‍മ്മകളുടെ' സിനിമാസാധ്യതകളാണ് സുകുമാരന്‍ മനസില്‍ കണ്ടത്. ഒരുപാട് വര്‍ഷങ്ങള്‍ ഈ സിനിമ അദ്ദേഹം മനസില്‍ കൊണ്ടുനടന്നിരുന്നു. അടുത്ത സുഹൃത്തുക്കളോടൊക്കെ പലപ്പോഴായി ഇക്കാര്യം സംസാരിച്ചിരുന്നു. പക്ഷേ കാലം അദ്ദേഹത്തിന് സമയം അനുവദിച്ചില്ല. 1997 ജൂണ്‍ 16ന് 49-ാം വയസ്സിലായിരുന്നു അന്ത്യം. സുകുമാരന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 22 വര്‍ഷം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ