
മലയാളികള്‍ക്കൊപ്പം സൂര്യയുടെ ശ്രദ്ധേയ തമിഴ് പ്രോജക്റ്റ് വരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ആവേശത്തിലൂടെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് പ്രേക്ഷകരെ നേടിയ സംവിധായകന്‍ ജിത്തു മാധവന്‍ ആണ് സൂര്യ നായകനാവുന്ന അടുത്ത ചിത്രത്തിന്‍റെ സംവിധായകന്‍. സൂര്യയുടെ കരിയറിലെ 47-ാം ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് മോളിവുഡ് യുവനിരയിലെ ശ്രദ്ധേയ നടന്‍ നസ്‍ലെന്‍. ഒപ്പം മലയാള സിനിമയിലെ ശ്രദ്ധേയ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമും ഈ ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കും.
നസ്രിയ നസീമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ പൂജ ഇന്ന് നടന്നു. സാഗരം സ്റ്റുഡിയോസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തില്‍ സൂര്യ ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണഅ റിപ്പോര്‍ട്ടുകള്‍. ആവേശത്തിലൂടെ ഫഹദ് ഫാസിലിന് കരിയറിലെ ഓര്‍ത്തിരിക്കാവുന്ന കഥാപാത്രങ്ങളിലൊന്നിനെ നല്‍കിയ ജീത്തു മാധവന്‍ ഏത് തരത്തിലായിരിക്കും സൂര്യയെ അവതരിപ്പിക്കുക എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ആവേശം സംവിധായകന്‍റെ സൂര്യ ചിത്രം എന്ന നിലയില്‍ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ ഹൈപ്പ് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. പൂജ വേളയില്‍ നിന്നുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.
അല്‍ഫോന്‍സ് പുത്രന്‍ മലയാളത്തിലും തമിഴിലുമായി ഒരുക്കിയ നേരത്തിലൂടെയാണ് തമിഴ് പ്രേക്ഷകര്‍ നസ്രിയയെ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് രാജാ റാണി, നൈയാണ്ടി, വായേ മൂടി പേസവും, തിരുമണം എനും നിക്കാഹ് എന്നീ തമിഴ് ചിത്രങ്ങളിലും വിവിധ കാലങ്ങളിലായി നസ്രിയ അഭിനയിച്ചിട്ടുണ്ട്. കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ പ്രേമലുവിലൂടെ നസ്‍ലെന് തമിഴ്നാട്ടിലും വലിയ പ്രേക്ഷകവൃന്ദത്തെ നേടാനായിരുന്നു. സുഷിന്‍ ശ്യാമിനും വലിയ അവസരമാണ് ഈ ചിത്രത്തിലൂടെ ലഭിക്കുന്നത്. ശ്രദ്ധേയ മലയാള ചിത്രങ്ങളിലൂടെ സുഷിന്‍ ശ്യാം എന്ന സംഗീത സംവിധായകനെ തമിഴ്നാട്ടിലെ സിനിമാപ്രേമികള്‍ക്കും അറിയാം.
കരിയറില്‍ വന്‍ പ്രതീക്ഷയോടെ എത്തിയ രണ്ട് ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിന്‍റെ സമ്മര്‍ദ്ദം സൂര്യയ്ക്കുണ്ട്. കങ്കുവയും റെട്രോയുമായിരുന്നു അത്. ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ആണ് സൂര്യയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ കേരളത്തിലാണ് നടക്കുക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.