Jai Bhim|'താരപദവിയെ പുനർനിർവചിക്കുന്ന നടനാണ് സൂര്യ', 'ജയ് ഭീം' വിവാദത്തിനെതിരെ വെട്രിമാരൻ

By Web TeamFirst Published Nov 16, 2021, 8:25 PM IST
Highlights

സൂര്യയെ പിന്തുണച്ച് സംവിധായകൻ വെട്രിമാരൻ രംഗത്ത്.

സൂര്യ (Suriya) നായകനായെത്തിയ ചിത്രമാണ് ജയ് ഭീം (Jai Bhim). അടിസ്ഥാന വര്‍ഗത്തിനുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചായിരുന്നു ജയ് ഭീമില്‍ പറഞ്ഞത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് എല്ലായിടത്തുനിന്നും ലഭിച്ചതും. എന്നാല്‍ സമീപ ദിവസങ്ങളില്‍ ചിത്രം വിവാദങ്ങളിലും പെട്ടു. സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് വണ്ണിയാര്‍ സംഘം രംഗത്ത് എത്തി. രാജാകണ്ണിനെ പീഡിപ്പിക്കുന്ന പൊലീസുകാരന്റെ കഥാപാത്രത്തെ മനപൂര്‍വം വണ്ണിയാര്‍ ജാതിയില്‍ പെട്ടയാളാക്കി അവതരിപ്പിച്ചുവെന്നാണ് ആക്ഷേപം. പൊലീസ് ക്രൂരതകൾക്കും ജാതി അതിക്രമങ്ങൾക്കും ഇരയായവരുടെ ദുരവസ്ഥയെക്കുറിച്ച് ജയ് ഭീമിലൂടെ ബോധവൽക്കരണം നടത്താനുള്ള സൂര്യയുടെയും  ത സെ ജ്ഞാനവേലിന്റെയും ശ്രമങ്ങള്‍ക്ക് പിന്തുണയെന്ന് അറിയിച്ച് സംവിധായകൻ വെട്രിമാരനും രംഗത്ത് എത്തി. ശരിയായ കാര്യം ചെയ്യുന്നതിന്റെ പേരിൽ ആരെയും താഴ്ത്തിക്കെട്ടാൻ കഴിയില്ലെന്ന് വെട്രിമാരൻ പറഞ്ഞു.

ശരിയായ കാര്യം ചെയ്‍തതിന് ആരെയും താഴ്ത്തിക്കെട്ടാൻ ഒരിക്കലും കഴിയില്ല. താരപദവിയെ പുനർനിർവചിക്കുന്ന ഒരു നടനാണ് സൂര്യ. ഇരകളുടെ ദുരിതം ലോകത്തെ അറിയിക്കുന്നതിനായി സിനിമ ചെയ്യാനുള്ള സംവിധായകൻ ടി ജെ ജ്ഞാനവേലിന്റെ പ്രതിബദ്ധതയും സാമൂഹിക നീതിക്കുവേണ്ടിയുള്ള സൂര്യയുടെ നിരന്തര പരിശ്രമവും സ്‌ക്രീനിലും പുറത്തും ശരിക്കും പ്രചോദനമാണ്. നിലവിലെ സ്ഥിതി മാറാൻ ആഗ്രഹിക്കാത്തവരിൽ ഇങ്ങനെയുള്ള സിനിമകൾ അസ്വസ്ഥതയുണ്ടാക്കുന്നത് സ്വാഭാവികം മാത്രമാണ്.  ഒരു സമൂഹത്തിലെ അസമത്വങ്ങളെയും അനീതികളെയും ചോദ്യം ചെയ്യുന്ന സിനിമകളും സാമൂഹ്യനീതിക്കുള്ള ആയുധങ്ങളാണ്. ജയ് ഭീമിന്റെ മുഴുവൻ ടീമിനൊപ്പം ഞങ്ങൾ നിലകൊള്ളുന്നുവെന്നുമുള്ള ഒരു കുറിപ്പും വെട്രിമാരൻ പങ്കുവെച്ചു.

No one can be made to feel lesser for doing the right thing#Jaibheem. Suriya is one star who is redefining stardom. pic.twitter.com/BUdjw6v0g1

— Vetri Maaran (@VetriMaaran)

ജയ് ഭീമെന്ന ചിത്രം 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മിച്ചത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. 

കരുത്തുറ്റ കഥാപാത്രമായി എത്തിയ ലിജോമോള്‍ ജോസിന് പുറമേ മലയാളി താരം രജിഷ വിജയനും ജയ് ഭീമില്‍ പ്രധാന കഥാപാത്രമായി. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍, റാവു രമേഷ് തുടങ്ങിയ താരങ്ങളും അഭിനയിച്ചു. സീൻ റോള്‍ദാനാണ് ചിത്രത്തിന്റെ സംഗീത സംവിധാാനം നിര്‍വഹിച്ചത്. യുഗഭാരതി ആണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

click me!