
'ഓർക്കുക വല്ലപ്പോഴും', 'കഥവീട്, 'ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി', 'അപ്പുവിന്റെ സത്യാന്വേഷണം' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സോഹൻലാൽ സംവിധാനം ചെയ്‍ത അഞ്ചാമത്തെ സിനിമയായ 'സ്വപ്‌നങ്ങൾ പൂക്കുന്ന കാടിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്‍ലറും പുറത്തിറങ്ങി. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് മലയാള സിനിമാ സംവിധായകരുടെ സംഘടനയായ ഫെഫ്‍കയും വേൾഡ് മലയാളീ കൗൺസിലുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. പരിസ്ഥിതി പ്രവർത്തകയും സോഷ്യൽ ആക്ടിവിസ്റ്റുമായ മേധാ പട്‍കർ ആണ് ട്രൈലെർ റിലീസ് ചെയ്‍തത് (Swapnangal Pookkunna Kaadu).
മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള 21 പുരസ്‌കാരങ്ങൾ നേടി അന്താരാഷ്‍ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധേയമായ ചിത്രമാണ് 'സ്വപ്‌നങ്ങൾ പൂക്കുന്ന കാട്'. ഇൻഡോ ഫ്രഞ്ച് ഫിലിം ഫെസ്റ്റിവൽ, സ്വീഡൻ ഫിലിം അവാർഡ്‍സ്, ഇൻഡോ തായ് ഫിലിം ഫെസ്റ്റിവൽ, ന്യൂ ജേഴ്‌സി ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഇങ്ങനെ പ്രശസ്‍തമായ ചലച്ചിത്രമേളകളിൽ നിറഞ്ഞ കയ്യടിയോടെയാണ് സിനിമാസ്വാദകർ ചിത്രത്തെ വരവേറ്റത്.
തിലകൻ, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ ഇങ്ങനെ വിലയേറിയ താരങ്ങളോടൊപ്പം ആദ്യ രണ്ട് ചിത്രങ്ങളൊരുക്കിയ സോഹൻലാൽ പെട്ടെന്നാണ് കുട്ടികൾക്കായി മൂന്നു ചിത്രങ്ങൾ എന്ന സംരംഭത്തിലേക്കു തിരിഞ്ഞത്.
ഇന്ത്യയിലെ പതിനേഴു സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്‍ത് ചിത്രീകരിച്ച ' ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവിയാണ്' ഈ ചലചിത്രത്രയത്തിന്റെ ഒന്നാം ഭാഗം. ദക്ഷിണേന്ത്യയിലെ മികച്ച നിർമാതാക്കളായ എ വി എ പ്രൊഡക്ഷൻസും ഇ 4 എന്റർടൈൻമെന്റും സംയുക്തമായി നിർമിച്ച 'അപ്പുവിന്റെ സത്യാന്വേഷണമാണ്' രണ്ടാം ഭാഗം. കാലിക പ്രസക്തമായ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന 'സ്വപ്‌നങ്ങൾ പൂക്കുന്ന കാട്' മലയാളത്തിലെ ആദ്യ ചിൽഡ്രൻസ് ഫിലിം ട്രിലജിയുടെ അവസാന ഭാഗം കൂടിയാണ് . അഞ്ചു വർഷങ്ങൾ കൊണ്ടാണ് സോഹൻലാൽ ചിൽഡ്രൻസ് ഫിലിം ട്രിലജി പൂർത്തിയാക്കിയത്.
സമപ്രായക്കാരായ മൂന്നു കുട്ടികളുടെ കഥ പറയുന്നു എന്നതിനപ്പുറം ഈ സിനിമകൾക്ക് പരസ്‍പരം ബന്ധമില്ല. ഓരോ സിനിമയും മറ്റൊന്നിന്റെ തുടർച്ചയോ അവസാനമോ അല്ല.
ക്ലിന്റ്, പൃഥ്വിരാജിന്റെ '9' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അലോക് കൃഷ്‍ണയാണ് 'സ്വപ്‌നങ്ങൾ പൂക്കുന്ന കാടിലെ' നായകൻ. റഷ്യൻ നടി സ്വറ്റ്ലാന 'ഏഞ്ചൽ ഓഫ് ഡ്രീംസ് ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ജോണി കുരുവിള , ജഹാൻഗീർ ഷംസ് , ജിമ്മി ജെ. ജോൺ എന്നിവരാണ് നിർമാതാക്കൾ. രമേഷ് നാരായണൻ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയതും സംവിധായകൻ തന്നെയാണ്. മധുശ്രീയും രമേഷ് നാരായണനുമാണ് പാടിയിരിക്കുന്നത്.
Read More : ആരൊക്കെ ഹീറോ, ആരൊക്കെ സീറോ?, ബിഗ് ബോസ് പ്രേക്ഷകരുടെ തീരുമാനം ഇങ്ങനെയോ?
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ