
മുംബൈ: എല്ലാ ആളുകളും അടിസ്ഥാനപരമായി ബൈ സെക്ഷ്വൽസ് (ഒന്നിലേറെ ജെന്‍ഡറിനോട് ലൈംഗികാഭിമുഖ്യം) ആണെന്ന് നടി സ്വര ഭാസ്കർ. റിയാലിറ്റി ഷോയായ പതി പട്‌നി ഔർ പംഗ - ജോഡിയോൻ കാ റിയാലിറ്റി ചെക്കിൽ തൻ്റെ ഭർത്താവും രാഷ്ട്രീയക്കാരനുമായ ഫഹദ് അഹമ്മദിനൊപ്പം പങ്കെടുക്കവെയാണ് നടി ഇക്കാര്യം പറഞ്ഞത്. ഹെട്രോസെക്ഷ്വാലിറ്റി (എതിർ ലിംഗത്തോട് മാത്രം ആഭിമുഖ്യം) മനുഷ്യരിൽ അടിച്ചേൽപ്പിക്കപ്പെട്ട പ്രത്യയശാസ്ത്രമാണെന്നും അവർ പറഞ്ഞു. നമ്മളെല്ലാവരും ബൈ സെക്ഷ്വലുകളാണ്. ആളുകളെ അവരുടേതായ രീതിയിൽ വിടുകയാണെങ്കിൽ, നമ്മൾ യഥാർത്ഥത്തിൽ ബൈസെക്ഷ്വലുകളാണ്. പക്ഷേ ഹെട്രോസെക്ഷ്വലിറ്റി ആയിരക്കണക്കിന് വർഷങ്ങളായി സാംസ്കാരികമായി നമ്മിൽ അടിച്ചേൽപ്പിക്കപ്പെട്ട പ്രത്യയശാസ്ത്രമാണ്. കാരണം മനുഷ്യവംശം അങ്ങനെയാണ് നിലനിൽക്കുന്നതെന്നും സ്വര ഭാസ്‌കർ പറഞ്ഞു. തനിക്ക് സമാജ്‌വാദി പാർട്ടി എംപിയും അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിൾ യാദവിനോട് ക്രഷുണ്ടെന്നും നടി പറഞ്ഞു. അടുത്തിടെ ഡിംപിൾ യാദവിനെ കണ്ടതായും അവർ പറഞ്ഞു.
മഹാരാഷ്ട്രയിൽ ഭർത്താവിന്റെ കരിയർ അപകടത്തിലാക്കിയത് താനാണെന്നും ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ചുള്ള തന്റെ പരാമർശങ്ങൾക്ക് ശേഷം ഉത്തർപ്രദേശിൽ പോലും അദ്ദേഹത്തിന് കാര്യങ്ങൾ നല്ലതായി തോന്നുന്നില്ലെന്നും സ്വര ഭാസ്‌കർ പറഞ്ഞു. ഭർത്താവിനെ ലക്ഷ്യമിട്ട് ജാതി അധിക്ഷേപം നടത്തിയ ഒരു ട്രോളിനെതിരെ പ്രതികരിച്ചുകൊണ്ട് നടി വാർത്തകളിൽ ഇടം നേടിയിരുന്നു.