പൂര്‍വ്വ വിദ്യാര്‍ഥികളുടെ ഗുരുദക്ഷിണ; സ്വാതി തിരുനാളിന്‍റെ 'കമലജാസ്യ'യ്ക്ക് നൃത്ത ഭാഷ്യം

By Web TeamFirst Published Sep 2, 2019, 6:47 PM IST
Highlights

ദശാവതാരത്തെ പൂർണമായും പ്രതിപാദിച്ചിട്ടുള്ള ഈ കൃതി അരങ്ങിലെത്തിക്കുന്നത് കാലടി സംസ്കൃത കോളേജിലെ നൃത്ത വിഭാഗം മുൻ മേധാവി സി വേണുഗോപാലിന്‍റെ നേതൃത്വത്തിലാണ്

തിരുവനന്തപുരം: സ്വാതി തിരുനാളിന്‍റെ പ്രശസ്ത കൃതി കമലജാസ്യയുടെ നൃത്ത ഭാഷ്യം അണിയറയിൽ ഒരുങ്ങുന്നു. രാഗമാലികയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കമലജാസ്യ സ്വാതി തിരുനാൾ, ഭഗവാൻ അനന്തപത്മനാഭനെ കണ്ടെഴുതിയ കൃതിയായാണ് അറിയപ്പെടുന്നത്. ദശാവതാരത്തെ പൂർണമായും പ്രതിപാദിച്ചിട്ടുള്ള ഈ കൃതി അരങ്ങിലെത്തിക്കുന്നത് കാലടി സംസ്കൃത കോളേജിലെ നൃത്ത വിഭാഗം മുൻ മേധാവി സി വേണുഗോപാലിന്‍റെ നേതൃത്വത്തിലാണ്.

അദ്ദേഹത്തിന്‍റെ പൂർവ്വ വിദ്യാർഥികൾ തന്നെയാണ് 'കമലജാസ്യ' ഗുരുദക്ഷിണയായി സമർപ്പിക്കുന്നത്. 2012 ബാച്ചിലെ എം എ ഭരതനാട്യം വിദ്യാർഥികളായിരുന്ന കലാമണ്ഡലം നയന ജി നാഥ്, നേമം സന്തോഷ് കുമാർ, കലാമണ്ഡലം മീനു വിജയ്, കലാമണ്ഡലം ഷംന ശങ്കർ, കലാമണ്ഡലം വിനയ ദിവാകരൻ, സുമ ശരത്ത്, ശ്രീജ രഞ്ജിത്ത്, അമല ചിന്നപ്പൻ, സഹേഷ് സഹദേവൻ, അശ്വനി ഗോപാൽ എന്നിവരാണ് ഗുരുവിനായി വീണ്ടും ഒരുമിക്കുന്നത്.

തൃപ്പൂണിത്തറ ചിദംബരം നൃത്ത വിദ്യാലയത്തിലാണ് പരിശീലനക്കളരി. നൃത്ത-നൃത്യ-നാട്യ സങ്കൽപവും പരമ്പരാഗത ഭരതനാട്യ സമ്പ്രദായവും സമന്വയിപ്പിച്ചാണ് സി വേണുഗോപാൽ കമലജാസ്യ ഒരുക്കിയിരിക്കുന്നത്. ഈ മാസം 15ന് ഗുരുവായൂർ ക്ഷേത്രത്തിലെ മേൽപത്തൂർ ഓഡിറ്റോയത്തിൽ വൈകിട്ട് ഏഴ് മണി മുതൽ രാത്രി 9.30 വരെയാകും കമലജാസ്യയുടെ അവതരണം.

click me!