'സജിയെപ്പോലെയല്ല, ഷമ്മിയെപ്പോലെയാണ് ഞാന്‍'; ശ്യാം പുഷ്‌കരന്‍ പറയുന്നു

Published : Aug 18, 2019, 04:11 PM IST
'സജിയെപ്പോലെയല്ല, ഷമ്മിയെപ്പോലെയാണ് ഞാന്‍'; ശ്യാം പുഷ്‌കരന്‍ പറയുന്നു

Synopsis

'ഷമ്മിയെപ്പോലെ ആഹാരം കഴിക്കാന്‍ എനിക്കും പ്രത്യേകം പ്ലേറ്റൊക്കെയുണ്ട്. ആ കഥാപാത്രത്തിന്റെ രൂപീകരണവേള എനിക്ക് എന്റെയുള്ളിലേക്കുതന്നെ നോക്കാനുള്ള സന്ദര്‍ഭമായിരുന്നു.'

'കുമ്പളങ്ങി നൈറ്റ്‌സി'ലെ 'സജി' എന്ന കഥാപാത്രത്തെക്കാളും 'ഷമ്മി'യോടാണ് തനിക്ക് സാമ്യമെന്ന് ചിത്രത്തിന്റെ രചയിതാവ് ശ്യാം പുഷ്‌കരന്‍. ആ കഥാപാത്രത്തിന്റെ ചില ശീലങ്ങള്‍ തനിക്കും ഉണ്ടെന്നും എഴുതിയ സമയത്ത് തന്നിലെ 'ഷമ്മി'യെ നോക്കിക്കാണുന്നുണ്ടായിരുന്നുവെന്നും ശ്യാം. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്യാം പുഷ്‌കരന്‍ ഇതേക്കുറിച്ച് സംസാരിക്കുന്നത്.

'ഷമ്മിയെപ്പോലെ ആഹാരം കഴിക്കാന്‍ എനിക്കും പ്രത്യേകം പ്ലേറ്റൊക്കെയുണ്ട്. ആ കഥാപാത്രത്തിന്റെ രൂപീകരണവേള എനിക്ക് എന്റെയുള്ളിലേക്കുതന്നെ നോക്കാനുള്ള സന്ദര്‍ഭമായിരുന്നു. ഉള്ളില്‍ വഹിക്കുന്ന വൃത്തികെട്ട ആണത്തത്തെ തിരിച്ചറിയാനുള്ള സമയവും.' എന്നാല്‍ സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച 'സജി'യെ എഴുതുന്ന സമയത്ത് ഉദാഹരണങ്ങള്‍ക്കായി ചുറ്റുപാടിലേക്കുമാണ് നോക്കിയതെന്നും ശ്യാം പറയുന്നു. 'എന്റെ അച്ഛനെയും കസിന്‍സിനെയുമൊക്കെ പോലെ ദൗര്‍ബല്യങ്ങളുള്ള, നല്ല മനുഷ്യരിലേക്കാണ് സജിക്കുവേണ്ടി ഞാന്‍ നോക്കിയത്', ശ്യാം പുഷ്‌കരന്‍ പറയുന്നു.

സിനിമകളില്‍ ദൃശ്യവല്‍ക്കരിക്കുന്ന രോഷവും പാരവശ്യവുമല്ലാതെ മറ്റ് ചില കാര്യങ്ങളും പുരുഷന്റെ ലോകത്ത് ഉണ്ടെന്നും പത്മരാജനെപ്പോലുള്ളവര്‍ അത് ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ശ്യാം പുഷ്‌കരന്‍ പറയുന്നു. 'അവരെ പിന്തുടരുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഈ ആധുനികലോകത്ത് ഒരു പുരുഷനായിരിക്കുക എന്നതിലെ സൂക്ഷ്മതകള്‍ ഞാന്‍ കാണാറുണ്ട്.' 'കുമ്പളങ്ങി നൈറ്റ്‌സി'ല്‍ പരാമര്‍ശിക്കുന്ന 'പൂര്‍ണതയുള്ള പുരുഷന്‍' (the complete man) എന്ന സങ്കല്‍പത്തെക്കുറിച്ചും ശ്യാം വിശദീകരിക്കുന്നു. 'സജിയും ഷമ്മിയും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? എന്താണ് ഈ പൂര്‍ണ പുരുഷന്‍? എന്തിലാണ് അയാള്‍ വിശ്വസിക്കുന്നത്? സ്വന്തം വികാരങ്ങള്‍ പ്രകടിപ്പിക്കാനും ചിലപ്പോഴെങ്കിലുമൊക്കെ കരഞ്ഞുപോകാനും കഴിയുന്ന ആളാണോ അയാള്‍?' ഈ 'പൂര്‍ണ പുരുഷനെ'ക്കുറിച്ചുള്ള ചിന്തയാണ് മിക്ക പുരുഷന്മാരിലും സമ്മര്‍ദ്ദമാവുന്നതെന്നും ശ്യാം നിരീക്ഷിക്കുന്നു. 'അയാള്‍ കരുത്തനായിരിക്കണമെന്നും കരയാന്‍ പാടില്ലെന്നുമൊക്കെയുള്ള ചിന്ത. ഇവിടെനിന്നാണ് യഥാര്‍ഥത്തില്‍ വയലന്‍സ് ആരംഭിക്കുന്നത്. ഇമോഷണല്‍ ആയിരിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് എനിക്ക് പുരുഷന്മാരോട് പറയാനായുള്ളത്', ശ്യാം പുഷ്‌കരന്‍ പറഞ്ഞവസാനിപ്പിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'4 സിനിമകളുടെ പൈസ തരാനുള്ള നിര്‍മ്മാതാവ്' ആര്? നിഖിലയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ബാദുഷ
'ഹരീഷ് കണാരൻ കൂടുതല്‍ പണം ആവശ്യപ്പട്ടു, പല സെറ്റിലും പ്രശ്‍നമുണ്ടായിട്ടുണ്ട്', ആരോപണങ്ങളില്‍ പ്രതികരിച്ച് എൻ എം ബാദുഷ