'പൃഥ്വിരാജിനും ആഷിക് അബുവിനും വാഴപ്പിണ്ടി ജ്യൂസ് നിര്‍ദ്ദേശിക്കുന്നു'; പരിഹാസവുമായി ടി സിദ്ദിഖ്

By Web TeamFirst Published Sep 2, 2021, 10:02 AM IST
Highlights

മലബാര്‍ കലാപത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സിനിമ 2020 ജൂണിലാണ് പ്രഖ്യാപിച്ചത്

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കി പ്രഖ്യാപിച്ച സിനിമയില്‍ നിന്നും പിന്മാറിയ പൃഥ്വിരാജിനും ആഷിക് അബുവിനും പരിഹാസവുമായി ടി സിദ്ദിഖ് എംഎല്‍എ. ഇരുവര്‍ക്കും 'വാഴപ്പിണ്ടി ജ്യൂസ്' നിര്‍ദേശിക്കുന്നുവെന്നാണ് സിദ്ദിഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

"വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ്‌ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിക്‌ അബുവിനും ഈ ജ്യൂസ്‌ നിർദ്ദേശിക്കുന്നു...", ടി സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

2020 ജൂണില്‍ പ്രഖ്യാപനം നടന്ന ചിത്രമായിരുന്നു 'വാരിയംകുന്നന്‍'. മലബാര്‍ കലാപത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സിനിമയുടെ പുതിയ അപ്ഡേറ്റുകളൊന്നും ഇതുവരെ വന്നിരുന്നില്ല. ചിത്രം ഉപേക്ഷിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. പിന്നാലെയാണ് ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായത്. നിര്‍മ്മാതാവുമായുള്ള തര്‍ക്കമാണ് പിന്മാറ്റത്തിനു കാരണമെന്ന് ആഷിക് അബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോംപസ് മൂവീസ് ലിമിറ്റഡിന്‍റെ ബാനറില്‍ സിക്കന്തര്‍, മൊയ്‍തീന്‍ എന്നിവര്‍ നിര്‍മ്മിക്കുന്നുവെന്നാണ് പ്രഖ്യാപന സമയത്ത് അണിയറക്കാര്‍ പങ്കുവച്ചിരുന്ന പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഒപിഎം സിനിമാസിന്‍റെ ബാനറില്‍ ആഷിക് അബുവിനും നിര്‍മ്മാണ പങ്കാളിത്തമുണ്ടായിരുന്നു. ഹര്‍ഷദ്, റമീസ് എന്നിവരാരെയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തന്‍റെ ചില മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ രാഷ്ട്രീയത്തിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെട്ടതോടെ റമീസ് പ്രോജക്റ്റില്‍ നിന്നും പിന്മാറിയിരുന്നു. അതേസമയം സിനിമ പ്രഖ്യാപന സമയത്തിനു പിന്നാലെ ആഷിക് അബുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!