
പ്രശസ്തരായ ഇന്ത്യന്‍ അഭിനേതാക്കളെ തേടി അന്തര്‍ദേശീയ അവസരങ്ങള്‍ വരുന്നത് ഇപ്പോള്‍ സാധാരണയാണ്. ബോളിവുഡ് താരം തബുവിനാണ് ഏറ്റവുമൊടുവില്‍ അത്തരത്തില്‍ ഒരു ശ്രദ്ധേയ അവസരം ലഭിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോം ആയ മാക്സിന്‍റെ (മുന്‍പ് എച്ച്ബിഒ മാക്സ്) സിരീസിലാണ് തബു ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നത്. സിരീസില്‍ ഉടനീളമുള്ള കഥാപാത്രമാണ് ഇത്. ഡ്യൂണ്‍: പ്രൊഫെസി എന്നാണ് സിരീസിന്‍റെ പേര്. അന്തര്‍ദേശീയ മാധ്യമമായ വെറൈറ്റിയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡ്യൂണ്‍: ദി സിസ്റ്റര്‍ഹുഡ് എന്ന പേരില്‍ 2019 ല്‍ ആലോചന തുടങ്ങിയ പ്രോജക്റ്റ് ആണിത്. ബ്രയാന്‍ ഹെര്‍ബെര്‍ട്ടും കെവിന്‍ ജെ ആന്‍ഡേഴ്സണും ചേര്‍ന്ന് രചിച്ച സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍ എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിരീസ് ആണിത്. ഫ്രാങ്ക് ഹെര്‍ബെര്‍ട്ടിന്‍റെ ഡ്യൂണ്‍ എന്ന നോവലില്‍ പറയുന്ന കാലത്തിന് 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ സിരീസിലെ കാലം. ഡെനിസ് വിലെന്യുവിന്‍റെ വിഖ്യാത ചിത്രം ഡ്യൂണിന്‍റെ പ്രീക്വലുമായിരിക്കും ഈ സിരീസ്. അതീന്ത്രീയമായ ശക്തികള്‍ ലഭിക്കാനായി തീവ്രമായ കായിക പരിശീലനങ്ങളിലൂടെ കടന്നുപോകുന്ന സഹോദരിമാരാണ് സിരീസിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ലോകത്തിന്‍റെ ഭാവിക്ക് അപായമുണ്ടാക്കുന്ന ശക്തികള്‍ക്ക് എതിരെ നില്‍ക്കാനാണ് അവര്‍ പരിശ്രമിക്കുന്നത്. അതേസമയം സിരീസിന്‍റെ പ്രീമിയര്‍ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
തബു ഭാഗഭാക്കാവുന്ന രണ്ടാമത്തെ ടെലിവിഷന്‍ സിരീസ് ആണ് ഡ്യൂണ്‍: പ്രോഫെസി. മീര നായരുടെ എ സ്യൂട്ടബിള്‍ ബോയ് ആണ് അവരുടെ ആദ്യ സിരീസ്. ഈ വര്‍ഷം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ക്രൂ ആണ് തബുവിന്‍റേതായി ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. രാജേഷ് എ കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കരീന കപൂറും കൃതി സനോണും തബുവിനൊപ്പം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ALSO READ : 'വൺ പ്രിൻസസ് സ്ട്രീറ്റ് റിലീസ് തീയതി പ്രഖ്യാപിച്ചു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ