
ചെന്നൈ: മൃഗശാലയിൽ നിന്ന് കടുവകളെ ദത്തെടുത്ത് വിജയ് സേതുപതി. ചെന്നൈ വണ്ടലൂർ മൃഗശാലയിൽ നിന്നാണ് അഞ്ച് വയസ്സുള്ള ആദിത്യ, നാലര വയസ്സുള്ള ആർതി എന്നീ കടുവകളെ ദത്തെടുത്തത്. മൃഗശാലയിൽ സംഘടിപ്പിച്ച ചെറിയ ചടങ്ങിൽ വച്ച് കടുവകളെ സംരക്ഷിക്കുന്നതിന് വേണ്ടി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മൃഗശാല അധികൃതർക്ക് താരം കൈമാറിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഡയറക്ടർ യോഗേഷ് സിംഗ്, ഡെപ്യൂട്ടി ഡയറക്ടർ സുധാ രമൺ എന്നിവരാണ് ചെക്ക് സ്വീകരിച്ചത്.
തന്റെ സുഹൃത്തുക്കളിലൊരാളാണ് മൃഗങ്ങളെ ദത്തെടുക്കുന്നതിനെക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് വിജയ് സേതുപതി വെളിപ്പെടുത്തി. പിന്നീട് മൃഗശാല അധികൃതരുമായി ബന്ധപ്പെട്ട് ആറുമാസത്തേയ്ക്ക് രണ്ട് കടുവകളെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ആറ് മാസത്തിന് ശേഷം മറ്റ് മൃഗങ്ങളിലൊന്നിനെ ദത്തെടുക്കാൻ ആലോചനയുണ്ടെന്നും താരം വ്യക്തമാക്കി. മൃഗശാലയിൽ നിന്ന് ഏതെങ്കിലും ഒരു മൃഗത്തെ ആളുകൾ ദത്തെടുക്കണമെന്നായിരുന്നു മൃഗശാലയിലെത്തിയവരോട് താരത്തിന്റെ അഭ്യർത്ഥന.
2009 ലാണ് മൃഗങ്ങളെ ദത്തെടുക്കൽ പദ്ധതി ഈ മൃഗശാലയിൽ ആരംഭിച്ചത്. കഴിഞ്ഞ വർഷം വരെ 71.61 ലക്ഷം രൂപയാണ് ഈ പദ്ധതി പ്രകാരം മൃഗശാലയ്ക്ക് ലഭിച്ചത്. സ്വകാര്യ കമ്പനികളും വ്യക്തികളും ഗവൺമെന്റ് അംഗീകൃത സ്ഥാപനങ്ങളും ഈ പദ്ധതിയിൽ പങ്കാളികളായിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ