
'മറ്റാര് ചെയ്യും ഇത്രയും ഡെഡിക്കേഷൻ', ആടുജീവിതത്തിലെ പൃഥ്വിരാജിനെ കണ്ട് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞ വാക്കുകളാണിത്. അത്രത്തോളം ഫിസിക്കൽ ട്രാൻസ്ഫോമേഷൻ ആണ് നടൻ സിനിമയ്ക്കായി ചെയ്തത്. ആ ത്യാഗത്തിന്റെ, ആ ഡെഡിക്കേഷന്റെ യഥാർത്ഥ വിലയാണ് തിയറ്ററിൽ മുഴങ്ങി കേൾക്കുന്ന കയ്യടികൾ. സംവിധായകൻ ബ്ലെസിയേയും പൃഥ്വിരാജിനെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഭാഷാഭേദമെന്യെ പ്രേക്ഷകർ സിനിമ ഏറ്റെടുക്കുകയാണ്. ഈ അവസരത്തിൽ പൃഥ്വിരാജിനെ കുറിച്ച് തമിഴ് മാധ്യമപ്രവർത്തകൻ വിശൻ വി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
"പൃഥ്വിരാജിനെ ആദ്യം മുതൽ മലയാളികൾ ജഡക്കാരൻ (അഹങ്കാരി) എന്നായിരുന്നു വിളിച്ചിരുന്നത്. ഇന്ന് കഥ മാറി. പൃഥ്വിരാജിന് അവർ കിരീടം അണിയിക്കുകയാണ്. ആടുജീവിതം എന്ന സിനിമ അത് സാധ്യമാക്കിയിരിക്കുകയാണ്. കേരള രാജകുമാരന് ഹൃദയം നിറഞ്ഞ സ്നേഹം", എന്നാണ് വിശൻ വി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് കമന്റ് ചെയ്തത്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മാർച്ച് 28നാണ് ആടുജീവിതം തിയറ്ററുകളിൽ എത്തിയത്. പതിനാറ് വർഷം നീണ്ട ബ്ലെസിയുടെ കാത്തിരിപ്പ് വെറുതെ ആയില്ലെന്ന് ഓരോ നിമിഷവും കാട്ടിത്തരികയാണ്. ബോക്സ് ഓഫീസിൽ റെക്കോർഡ് ഇടുന്ന ചിത്രം ഇതിനോടകം 65കോടിക്ക് മേൽ നേടി കഴിഞ്ഞു. ഇന്നലെ വരെയുള്ള കണക്കാണിത്. രണ്ടാം വാരം പൂർത്തിയാകുന്നതിന് മുൻപ് 100 കോടി തൊടുമെന്നാണ് ട്രാക്കർന്മാരുടെ വിലയിരുത്തലുകൾ. അമല പോൾ നായികയായി എത്തിയ ചിത്രത്തിൽ ജിമ്മി ജീന്‍ ലൂയിസ്, കെ ആര്‍ ഗോകുല്‍, അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ഇവരുടെ പ്രകടനത്തിനും പ്രശംസാപ്രവാഹം ആണ്.
ദൈവം തെരഞ്ഞെടുത്ത വ്യക്തി, എനിക്കിത് ദൈവീകം; റീൽ ആൻഡ് റിയൽ ലൈഫ് നജീബുമാർ നേർക്കുനേർ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..