'തീയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചില്ലെങ്കില്‍'? തമിഴ്നാട് തീയേറ്റര്‍ ഉടമകളുടെ പ്രതികരണം

By Web TeamFirst Published Jan 7, 2021, 3:46 PM IST
Highlights

 'മാസ്റ്ററും' 'ഈശ്വരനും' അടക്കമുള്ള പൊങ്കല്‍ റിലീസുകള്‍ അടുത്തിരിക്കെ ആശയക്കുഴപ്പത്തിലാണ് തമിഴ് സിനിമാ വ്യവസായം. കേന്ദ്രത്തിന്‍റെ കത്തിനോട് സംസ്ഥാന സര്‍ക്കാര്‍ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ 100 ശതമാനം പ്രവേശനം എന്ന നിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിച്ചാല്‍ തങ്ങള്‍ സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് തമിഴ്നാട്ടിലെ തീയേറ്റര്‍ ഉടമകള്‍.

സംസ്ഥാനത്തെ സിനിമാ തീയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിക്കാമെന്ന തമിഴ്നാട് സര്‍ക്കാരിന്‍റെ ഉത്തരവ് നാലാം തീയ്യതിയാണ് പുറത്തുവന്നത്. പൊങ്കല്‍ റിലീസുകള്‍ തീയേറ്ററുകളിലെത്താനിരിക്കെ അഭിനേതാക്കളായ വിജയ്‍യും ചിലമ്പരശനും ഈ ആവശ്യം സര്‍ക്കാരിനു മുന്നിലേക്ക് വച്ചിരുന്നു. മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയെ വിജയ് നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തു. പിന്നാലെയായിരുന്നു 100 ശതമാനം പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഇന്നലെയായിരുന്നു ഇത്. 'മാസ്റ്ററും' 'ഈശ്വരനും' അടക്കമുള്ള പൊങ്കല്‍ റിലീസുകള്‍ അടുത്തിരിക്കെ ആശയക്കുഴപ്പത്തിലാണ് തമിഴ് സിനിമാ വ്യവസായം. കേന്ദ്രത്തിന്‍റെ കത്തിനോട് സംസ്ഥാന സര്‍ക്കാര്‍ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ 100 ശതമാനം പ്രവേശനം എന്ന നിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിച്ചാല്‍ തങ്ങള്‍ സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് തമിഴ്നാട്ടിലെ തീയേറ്റര്‍ ഉടമകള്‍.

100 ശതമാനം പ്രവേശനം നടപ്പാക്കാനാവില്ലെന്ന് സര്‍ക്കാര്‍ പറയുന്നപക്ഷം സംസ്ഥാനത്തെ എല്ലാ തീയേറ്ററുകളിലും വിജയ് നായകനാവുന്ന മാസ്റ്റര്‍ റിലീസ് ചെയ്യുമെന്നാണ്  തമിഴ്നാട്ടിലെ തീയേറ്റര്‍ ഉടമകളുടെ സംഘടനയുടെ തീരുമാനം. സംഘടനാ അധ്യക്ഷന്‍ തിരുപ്പൂര്‍ സുബ്രഹ്മണ്യമാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി ഇക്കാര്യം അറിയിച്ചത്. അതേസമയം സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം അറിയാന്‍ കാത്തിരിക്കുകയാണ് തമിഴ്നാട്ടിലെ തീയേറ്റര്‍ ഉടമകളും മാസ്റ്റര്‍, ഈശ്വരന്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളും.

13നാണ് വിജയ്‍യുടെ മാസ്റ്ററിന്‍റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ചിമ്പുവിന്‍റെ 'ഈശ്വരന്‍' ഒരു ദിവസത്തിനു ശേഷവും. പത്ത് മാസത്തിലേറെ ആളൊഴിഞ്ഞുനിന്ന തീയേറ്ററുകളിലേക്ക് രണ്ട് ചിത്രങ്ങളും പ്രേക്ഷകരെ കൂട്ടമായി എത്തിക്കുമെന്നാണ് തീയേറ്റര്‍ ഉടമകള്‍ പ്രതീക്ഷിക്കുന്നത്. അതേസമയം കേരളത്തിലെ 'മാസ്റ്റര്‍' റിലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ കേരളത്തിലെ തീയേറ്ററുകള്‍ തുറക്കാനാവില്ലെന്നാണ് ഫിലിം ചേംബര്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. വിനോദനികുതി ഒഴിവാക്കുക, പ്രദര്‍ശനസമയങ്ങള്‍ മാറ്റുക, 50 ശതമാനം പ്രവേശനം എന്ന നിബന്ധന മാറ്റുക എന്നിവയൊക്കെയാണ് ചേംബറിന്‍റെ ആവശ്യങ്ങള്‍. അതേസമയം ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നു. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്.

click me!