
ബാഹുബലിയില്‍ നിന്ന് ആരംഭിക്കുന്നതാണ് മുഖ്യധാരാ തെലുങ്ക് സിനിമയുടെ പാന്‍ ഇന്ത്യന്‍ ബൃഹദ് വിജയങ്ങള്‍. അതുവരെ വിദേശങ്ങളില്‍ ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് എന്ന ഒറ്റപ്പേര് ആയിരുന്നെങ്കില്‍ ബാഹുബലി സമാനതകളില്ലാത്ത വിജയം നേടിയതോടെ അത് മാറി. ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് മാത്രമല്ലെന്നും തെലുങ്കും മലയാളവും അടക്കമുള്ള തെന്നിന്ത്യന്‍ സിനിമാ വ്യവസായങ്ങള്‍ ആക്റ്റീവ് ആണെന്നും വിദേശികളായ പ്രേക്ഷകരും അറിഞ്ഞു. എന്നാല്‍ ബാഹുബലിയുടെ വിജയത്തോടെ നടന്‍ പ്രഭാസിന് മാത്രമല്ല, മുഴുവന്‍ തെലുങ്ക് സിനിമയ്ക്കും മുന്നില്‍ ഒരു പുതിയ ഉത്തരവാദിത്തം വന്നുചേര്‍ന്നു. ബാഹുബലി പോലെയുള്ള വിജയങ്ങള്‍ ആവര്‍ത്തിക്കുക എന്നതായിരുന്നു അത്. 2024 ലും തെലുങ്ക് സിനിമ ശ്രമിച്ചത് അതിനായിരുന്നു. പുഷ്പ 2 അടക്കമുള്ള വലിയ വിജയങ്ങള്‍ ലഭിച്ചപ്പോള്‍ ഈ കാന്‍വാസ് വലുതാക്കല്‍ രണ്ടാം നിര താരങ്ങള്‍ക്കും ചലച്ചിത്ര വ്യവസായത്തിന് മൊത്തത്തിലും ഗുണപ്രദമാണോ എന്ന സംശയവും ഉയരുന്നുണ്ട്.
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക വിജയങ്ങള്‍ തെലുങ്കില്‍ നിന്നായിരുന്നു. സുകുമാറിന്‍റെ സംവിധാനത്തില്‍ അല്ലു അര്‍ജുന്‍ നായകനായ പുഷ്പ ദി റൂളും പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എഡിയുമാണ് യഥാക്രമം അവ. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 1508 കോടിയാണ് പുഷ്പ 2 ആഗോള തലത്തില്‍ ഇതുവരെ നേടിയത്. രണ്ടാം സ്ഥാനത്തുള്ള കല്‍ക്കിയും 1000 കോടി കടന്നു. ആഗോള ഗ്രോസ് 1053 കോടി. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ടോപ്പ് 10 ഹിറ്റുകളില്‍ മറ്റ് രണ്ട് ചിത്രങ്ങള്‍ കൂടി തെലുങ്കില്‍ നിന്നുണ്ട്. ദേവര പാര്‍ട്ട് 1 (5-ാം സ്ഥാനം- കളക്ഷന്‍ 444 കോടി), ഹനുമാന്‍ (10-ാം സ്ഥാനം- കളക്ഷന്‍ 156 കോടി) എന്നിവയാണ് അവ. അതായത് വിജയങ്ങളുടെ വലിപ്പത്തില്‍ ബോളിവുഡിനെ നിഷ്പ്രഭമാക്കിക്കളഞ്ഞു ടോളിവുഡ്. ബോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്ന സ്ത്രീ 2 ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 858 കോടി ആയിരുന്നു.
അതേസമയം വലിയ തോതില്‍ പണമിറക്കി പണം വാരുക എന്ന ആശയം ടോളിവുഡിനെ സംബന്ധിച്ച് ഒരേ സമയം സാധ്യതയും വെല്ലുവിളിയുമാണ്. അല്ലു അര്‍ജുന്‍, രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ അടക്കമുള്ള മുന്‍നിര താരങ്ങള്‍ ഓരോ ചിത്രത്തിലൂടെയും കാന്‍വാസ് വലുതാക്കിക്കൊണ്ടിരിക്കുകയാണ്. ഒരു ബോളിവുഡി താരത്തേക്കാള്‍ ഉത്തരേന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ഈ വര്‍ഷം ആഘോഷിക്കപ്പെട്ടത് അല്ലു അര്‍ജുന്‍ ആയിരുന്നു. എന്നാല്‍ സിനിമാ വ്യവസായത്തെ മൊത്തത്തില്‍ പരിഗണിക്കുമ്പോള്‍ രണ്ടാം നിര താരങ്ങളെ സംബന്ധിച്ച് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയുണ്ട്. തെലുങ്കില്‍ ഈ വര്‍ഷത്തെ ടോപ്പ് 10 ബോക്സ് ഓഫീസ് എടുത്താല്‍ മുകളില്‍ നിന്ന് താഴേക്ക് വരുന്തോറും വിജയങ്ങളുടെ പകിട്ട് കാര്യമായി കുറഞ്ഞുവരുന്നത് കാണാം. തെലുങ്ക് സിനിമയില്‍ കളക്ഷനില്‍ ഈ വര്‍ഷം 10-ാം സ്ഥാനത്തുള്ള ചിത്രം നാഗാര്‍ജുന നായകനായ നാ സാമി രംഗ ആണ്. 37 കോടി ആയിരുന്നു ചിത്രത്തിന്‍റെ ആഗോള ഗ്രോസ്. അതേസമയം മലയാളത്തില്‍ ഈ വര്‍ഷത്തെ 10-ാം സ്ഥാനത്തുള്ള ചിത്രം ഭ്രമയുഗം കളക്റ്റ് ചെയ്തത് 59 കോടിയാണെന്ന് പറയുമ്പോള്‍ ഈ അന്തരം വ്യക്തമാവും.
എന്നാല്‍ ബാഹുബലിയില്‍ നിന്ന് ആരംഭിച്ച ഈ കുതിപ്പ് മുന്‍പോട്ടും തുടരാന്‍ പോകുന്ന ഒന്നുതന്നെയാണ്. അഥവാ ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് ഒരു പിന്‍നടത്തം സാധ്യമല്ല. ബാഹുബലിയിലൂടെ തെലുങ്കിനെ പാന്‍ ഇന്ത്യന്‍ ആക്കിയ രാജമൗലി തന്നെ ടോളിവുഡിനെ അടുത്ത ഘട്ടത്തിലേക്കും നയിക്കാനുള്ള സാധ്യതയുണ്ട്. മഹേഷ് ബാബു നായകനാവുന്ന അദ്ദേഹത്തിന്‍റെ അടുത്ത ചിത്രത്തിന്‍റെ ബജറ്റ് തന്നെ 1000- 1300 കോടിയോളം വരുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ നിരവധി അന്തര്‍ദേശീയ താരങ്ങളും ഉണ്ടാവും. ആര്‍ആര്‍ആറിലൂടെ ഇന്ത്യയ്ക്ക് പുറത്തും കാര്യമായ പ്രേക്ഷകരെ നേടിയ രാജമൗലി ഒരു ഇന്‍റര്‍നാഷണല്‍ പ്രോജക്റ്റ് എന്ന രീതിയിലാവും ഈ ചിത്രത്തെ സമീപിക്കുകയെന്ന് അറിയുന്നു. ഏതായാലും ഇന്ത്യന്‍ സിനിമ 2025 ലും ഏറ്റവുമധികം ശ്രദ്ധയോടെ നോക്കിക്കാണുന്ന ഒരു സിനിമാമേഖല തെലുങ്ക് ആയിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ALSO READ : സൂപ്പര്‍സ്റ്റാര്‍ ആ തിരക്കഥ; 'ഓകെ' പറയാന്‍ കാത്തുനിന്നത് ആറ് പതിറ്റാണ്ടിലെ താരനിര
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ