Sirivennela Seetharama Sastry : തെലുങ്ക് ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി അന്തരിച്ചു

By Web TeamFirst Published Dec 1, 2021, 11:32 AM IST
Highlights

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതം

തെലുങ്ക് സിനിമയിലെ പ്രശസ്‍ത ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി (66) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം ആശുപത്രിയില്‍ വച്ച് ചൊവ്വാഴ്ചയാണ് മരണമടഞ്ഞത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തില്‍ മൂവായിരത്തിലേറെ ഗാനങ്ങള്‍ രചിച്ചു. 2019ല്‍ പദ്‍മശ്രീ പുരസ്‍കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു.

കെ വിശ്വനാഥിന്‍റെ സംവിധാനത്തില്‍ 1984ല്‍ പുറത്തെത്തിയ 'ജനനി ജന്മഭൂമി' എന്ന ചിത്രത്തിലൂടെയാണ് സീതാരാമ ശാസ്ത്രിയുടെ സിനിമാ അരങ്ങേറ്റം. കെ വി മഹാദേവന്‍ ആയിരുന്നു ഈ ചിത്രത്തിന്‍റെ സംഗീതം. ചെമ്പോലും സീതാരാമ ശാസ്ത്രി എന്നായിരുന്നു അദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര്. കെ വിശ്വനാഥ്- കെ വി മഹാദേവന്‍ കൂട്ടുകെട്ടില്‍ തന്നെ 1986ല്‍ പുറത്തെത്തിയ തെലുങ്ക് ചിത്രം 'സിരിവെണ്ണല'യിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെ ചരയിതാവ് ആയതോടെയാണ് സിനിമയുടെ പേര് സ്വന്തം പേരിന്‍റെ ഭാഗമായത്. 

പാട്ടെഴുത്തുകാരന്‍ എന്നതിനൊപ്പം ചില സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുമുണ്ട് അദ്ദേഹം. ക്ഷണ ക്ഷണം, സ്വര്‍ണ്ണ കമലം, സ്വാതി കിരണം, ശ്രുതിലയലു, സിന്ദൂരം, നൂവേ കവാലി, ഒക്കഡു എന്നിവയാണ് അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടവ. നിരവധി പുരസ്‍കാരങ്ങളും തേടിയെത്തി. നന്ദി അവാര്‍ഡ് 11 തവണും ഫിലിംഫെയര്‍ അവാര്‍ഡ് നാല് തവണയും അദ്ദേഹത്തിന് ലഭിച്ചു. പുറത്തിറങ്ങാനിരിക്കുന്ന എസ് എസ് രാജമൗലി ചിത്രം 'ആര്‍ആര്‍ആറി'ല്‍ കീരവാണി സംഗീതം പകര്‍ന്ന 'ദോസ്‍തി' എന്ന ഗാനത്തിന്‍റെ വരികളും സീതാരാമ ശാസ്ത്രിയുടേതാണ്. 

click me!