'മുകുന്ദന്‍ ഉണ്ണി'ക്ക് ശേഷം വിനീത് ശ്രീനിവാസന്‍, ഒപ്പം ബിജു മേനോന്‍; സെന്‍സറിംഗ് പൂര്‍ത്തിയാക്കി 'തങ്കം'

By Web TeamFirst Published Jan 21, 2023, 11:39 AM IST
Highlights

ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന നാലാമത്തെ ചിത്രം

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അരാഫത്ത് സംവിധാനം ചെയ്‍ത തങ്കം എന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഭാവസ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണിത്. 

ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന നാലാമത്തെ ചിത്രമാണ് ഇത്. ജോജിക്കു ശേഷം ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് തങ്കം. ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, അന്തരിച്ച നടന്‍ കൊച്ചു പ്രേമൻ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ദംഗൽ, അഗ്ലി തുടങ്ങിയ ശ്രദ്ധേയ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനായ മറാഠി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നു എന്നത് ചിത്രത്തിന്റെ ആകര്‍ഷണമാണ്. ഗൗതം ശങ്കർ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. 

ALSO READ : നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു

സംഗീതം ബിജി ബാൽ, എഡിറ്റിംഗ് കിരൺ ദാസ്, കലാസംവിധാനം ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ ഗണേഷ് മാരാർ, മേക്കപ്പ് റോണക്സ് സേവ്യർ, ആക്ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, വസ്ത്രാലങ്കാരം മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, സൗണ്ട് മിക്സിങ് തപസ് നായിക്ക്, സഹനിര്‍മ്മാണം രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്, വി എഫ് എക്സ്- എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടർ പ്രിനീഷ് പ്രഭാകരൻ. പിആര്‍ഒ ആതിര ദില്‍ജിത്ത്. ഭാവന റിലീസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. ജനുവരി 26 ആണ് ചിത്രത്തിന്‍റെ റിലീസ് തീയതി. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ എലോണ്‍ എന്ന ചിത്രത്തിന്‍റെ റിലീസും അതേ ദിവസമാണ്.

click me!