
സിനിമാ മേഖലയിലെ തൊഴിലാളികളെ സഹായിക്കാനുള്ള കരുതല്‍ നിധിയിലേക്ക് 10 ലക്ഷം രൂപ വാഗ്‍ദാനം ചെയ്‍ത മോഹന്‍ലാലിനോട് നന്ദി അറിയിച്ച് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍ക. അങ്ങോട്ട് സമീപിക്കാതെയാണ് മോഹന്‍ലാല്‍ സഹായം വാഗ്‍ദാനം ചെയ്‍തതെന്നും മോഹന്‍ലാലിന്‍റെ മാതൃകയാണ് മറ്റുള്ളവര്‍ പിന്തുടര്‍ന്നതെന്നും ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണന്‍റെ കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മോഹന്‍ലാല്‍ 50 ലക്ഷം രൂപ നല്‍കിയിരുന്നു.
ഫെഫ്‍ക ജനറല്‍ സെക്രട്ടറിയുടെ കത്ത്
എറ്റവും പ്രിയപ്പെട്ട ശ്രീ.മോഹൻലാൽ, തൊഴിൽ സ്തംഭനം മൂലം ഞങ്ങളുടെ അംഗങ്ങളും ദിവസവേതനക്കാരുമായ തൊഴിലാളികളും, മറ്റ് സാങ്കേതികപ്രവർത്തകരും യാതനയിലാണെന്നറിഞ്ഞപ്പോൾ, ഞങ്ങൾ താങ്കളെ സമീപിക്കാതെ തന്നെ, ഞങ്ങൾ രൂപപ്പെടുത്തുന്ന 'കരുതൽ നിധിയിലേക്ക്' 10 ലക്ഷം രൂപയുടെ സംഭാവന വാഗ്ദാനം ചെയ്തതിനു അകമഴിഞ്ഞ നന്ദി. താങ്കൾ തുടങ്ങിവെച്ച മാതൃകയാണ് മറ്റുള്ളവർ-- അവർ എണ്ണത്തിൽ അധികമില്ല-- പിന്തുടർന്നത്.
ഈ സഹജീവി സ്നേഹവും കരുതലും, സാഹോദര്യ മനോഭാവവും തന്നെയാണ്, ഒരു മഹാനടൻ എന്നതിനോടൊപ്പം താങ്കളെ ചലച്ചിത്രവ്യവസായത്തിനാകെ പ്രിയങ്കരനാക്കിത്തീർക്കുന്നത്. ഒരോതവണ നമ്മൾ ഫോണിൽ സംസാരിക്കുമ്പോഴും, സന്ദേശങ്ങൾ കൈമാറുമ്പോഴും, നമ്മെ ബാധിച്ചിരിക്കുന്ന മഹാമാരിക്കെതിരെയുള്ള പ്രതിരോധത്തിനായി എന്തുചെയ്യാൻ കഴിയും എന്ന് മാത്രമാണ് താങ്കൾ ചോദിക്കാറുള്ളത്. ഫെഫ്ക്കയിലെ സാധരണക്കാരായ തൊഴിലാളികളോട് കാണിച്ച അതേ സാഹോദര്യവും കരുതലും , ഈ കഴിഞ്ഞ ദിവസങ്ങളിൽ, സമൂഹത്തിലെ മറ്റ് വിഭാഗങ്ങളോടും താങ്കൾ പങ്ക് വെയ്ക്കുന്നത് കണ്ടു. സന്തോഷം. മലയാളത്തിലെ ഏറ്റവും വിലയുള്ള താരമായി നിലനിൽക്കുമ്പോൾ പോലും, സിനിമാ ലൊക്കേഷനുകളിൽ, താങ്കൾ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾ മുതൽ സംവിധായകനോടും സഹഅഭിനേതാക്കളോടും പുലർത്തുന്ന സമഭാവനയും ജനാധിപത്യബോധവും ഞങ്ങളുടെ എല്ലാ യൂണിയനുകളും എപ്പോഴും പരാമർശിക്കാറുള്ളതാണ്. താങ്കൾ പുലർത്തി വരുന്ന ആ മൂല്യങ്ങളുടെ തുടർച്ച തന്നെയാണ്, ഇപ്പോൾ, ഈ വിഷമസന്ധിയിൽ, താങ്കൾ നൽകിയ സഹായവും. താങ്കളോട്, അളവറ്റ നന്ദിയും സ്നേഹവും; കൂടെ നിന്നതിന്, കൈ പിടിച്ചതിന്. സ്നേഹത്തോടെ, ഉണ്ണിക്കൃഷ്ണൻ ബി ( ജനറൽ സെക്രറ്ററി: ഫെഫ്ക)
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ